അതിൽപിന്നീട് അവർക്കിടയിൽ നിലാവുദിച്ചിരുന്നില്ല
text_fieldsസമയസാഗര തീരത്ത് ഒരപരാഹ്നത്തിൽ രണ്ട് നിഴലുകൾ പരസ്പരം ശബ്ദിച്ചു. പ്രപഞ്ചത്തോളം വളരുന്ന മൗനത്തിനിടയിൽ വലിയ നിഴൽ ചെറിയ നിഴലിനോടു പറഞ്ഞു.
‘‘യാത്രകൾ ആന്തരികമാണ്. ഓർമകളും. വാക്കുകളോ കൂടിച്ചേരലോ ഇല്ലാത്ത ഇതുപോലൊരു സന്ധ്യയിൽ ഞാൻ നിന്നിൽനിന്ന് പിരിയും.’’
‘‘പിരിയാൻ നമ്മൾ ഒരുമിച്ചിരുന്നില്ലല്ലോ..?’’ ചെറിയ നിഴൽ പ്രതിവചിച്ചു.
‘‘ശരിയാണ്.’’
വലിയ നിഴൽ വിദൂരതയിലേക്കു നോക്കി.
‘‘ഈ നാട് വിട്ടുപോകുമ്പോൾ നിനക്ക് വേദനിക്കില്ലേ..?’’
‘‘ഇല്ല.’’
‘‘വേർപാടുകൾ വേദനിപ്പിക്കാത്ത ഒന്നായിത്തീർന്നിരിക്കുന്നു എന്റെ മനസ്സ്...’’
ചെറിയ നിഴൽ അത് വിശ്വസിക്കാത്തതുപോലെ ചിരിച്ചു.
‘‘ഒന്നും പറഞ്ഞില്ല. ഉണ്ടെന്നുപറഞ്ഞ ‘ജീവിതത്തിന്റെ പുസ്തകം’ വായിക്കാൻ തന്നതുമില്ല.’’
‘‘ചോദിച്ചില്ലല്ലോ..?’’
‘‘ഞാൻ എല്ലാം കേൾക്കുക മാത്രമല്ലേ ചെയ്യാറുള്ളൂ...’’
വലിയ നിഴൽ വെറുതെയൊന്ന് മൂളി. അവർക്കുചുറ്റും നിശ്ശബ്ദത ചിത്രശലഭങ്ങളായ് പറന്നു. വെളിച്ചം മങ്ങിത്തുടങ്ങിയിരുന്നു.
‘‘നീയെന്നെ ഓർക്കുമോ?’’
ചെറിയ നിഴൽ ഉവ്വെന്നോ ഇല്ലെന്നോ പറഞ്ഞില്ല. ഇരുട്ടിന്റെ കമ്പളം പതുക്കെ താഴ്ന്നുവന്നു. ജീവിതത്തെ പൊതിയുന്ന മഹാവിസ്മൃതിയിലേക്കുള്ള യാത്രയിൽ ഓർമകൾക്കെന്ത് പ്രസക്തി എന്നവൾ ചിന്തിച്ചുകാണും. ദൂരെ നക്ഷത്രങ്ങൾ കണ്ണു ചിമ്മിത്തുറന്നു. അത് നിറയെ മിന്നാമിനുങ്ങുകൾ പാർക്കുന്ന രാത്രി വൃക്ഷം പോലെ തോന്നിച്ചു. പിന്നീടവരൊന്നും സംസാരിച്ചില്ല. ഏറെക്കഴിഞ്ഞ് അവരുടെ അസാന്നിധ്യത്തിൽ രാത്രിയുടെ നിഗൂഢതയിലേക്ക് നിലാവുദിച്ചു. അത് അടുത്തുള്ള നക്ഷത്രത്തോട് പറഞ്ഞു.
‘‘മനുഷ്യരുടെ സ്നേഹത്തിനും വിരഹത്തിനും ഒരുപാട് അർഥങ്ങളുണ്ട്. ഏറ്റവും മനോഹരവും അപൂർവവുമായ ഒന്നിനാണ് നമ്മളിപ്പോൾ സാക്ഷികളായത്.’’


