മിഴിയോരം...നനഞ്ഞൊഴുകും.....
text_fieldsപാട്ടു കേട്ട് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അസീസ്ക്ക പതിവ് നടത്തത്തിനുള്ള പുറപ്പാടിലാണ്. പിന്നാലെ ആമിത്തയും ഉണ്ട്.
അസീസ്ക്കാ.....ഞങ്ങൾ കുറേ നേരായി വന്നിട്ട്, ഞാൻ പറഞ്ഞു. പൊട്ടി ചിരിയായിരുന്നു മറുപടി. നിറം മങ്ങിയ വെള്ള ഷർട്ടും മുണ്ടുമാണ് വേഷം. അത്യാവശ്യം നല്ല പൊക്കവും ഒത്ത വണ്ണവും, നല്ല ആരോഗ്യവുമുണ്ട്. ആമിത്താടെ മോൻ ആണ് (എന്റെ ഉമ്മാടെ ജ്യേഷ്ഠത്തിയാണ് ആമിത്ത). മെലിഞ്ഞ ശരീരമാണ് ആമിത്തായുടേത്. കവിളെല്ലാം ഒട്ടി ഒരു പട്ടിണി കോലം!
എങ്കിലും വീട്ടിൽ ഭക്ഷണത്തിനോ മറ്റൊന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ല. അസീസ്ക്കാടെ കാര്യങ്ങൾ ആലോചിച്ചുള്ള ആധി ആയിരിക്കാം ആ കോലത്തിനു കാരണം.
അര കൈ ബ്ലൗസും ചുരുങ്ങി കയറുന്ന കോട്ടൺ സാരിയും, അത് കാൽപ്പാദത്തിന് മുകളിലേക്ക് കയറ്റിയാണ് ഉടുക്കാറ്. അതിന്റെ മേലെ കൂടി ഒരു ലുങ്കിയും ഉടുക്കും.
കാതിൽ ജിമിക്കിയും കഴുത്തിൽ ചെറിയ ഒരു മാലയും, മുടിയൊക്കെ വാരി കെട്ടി ഒരു പോക്കാണ് അസീസ്ക്കാടെ പിന്നാലെ…എങ്ങോട്ടെന്നില്ലാതെ.
അസീസ്ക്ക ഒരു കുഴപ്പവുമില്ലാത്ത മോൻ ആയിരുന്നു. മോന്തി നേരത്ത് തോട്ടിൽ മീൻ പിടിക്കാൻ പോയപ്പോൾ എന്തോ കണ്ടു പേടിച്ചതാണ്. അതിനുശേഷം ഇങ്ങനെയാണ്! ആമിത്ത ആണെങ്കിൽ ചെറുപ്പത്തിൽ ഭയങ്കര സുന്ദരി ആയിരുന്നു. കല്യാണം കഴിഞ്ഞ് കുട്ടികൾ ആയപ്പോൾ ആസ്മയുടെ ബുദ്ധിമുട്ടു കൂടി. അതോടെ കെട്ടിയോൻ ഇടപാട് തീർത്തു.
“അപ്പോ സൂക്കേടുക്കൾ വന്നാൽ കെട്ടിയോൻ ഏടവാടു തീർക്കോ ഉമ്മാ…” ഞാൻ ചോദിച്ചു.
“ആ തീർക്കും!” ഉമ്മാടെ മറുപടി.
“അപ്പോ വാപ്പാക്കു സൂക്കേടുക്കൾ വരുമ്പോൾ ഉമ്മാ എന്തേ ഏടവാടു തീർക്കാത്തതു?” ഞാൻ ന്യായമായ സംശയം ചോദിച്ചു.
“പോ ഇബ്ലീസേ ഇവിടെന്നു… ഓരോന്ന് ചോദിച്ചു വന്നോളും…” കൈ ഓങ്ങിക്കൊണ്ട് ഉമ്മാ പറഞ്ഞു.
അല്ലേലും ചെറുതിനു ഇച്ഛിരി വായിലാക്കു കൂടുതലാ ആമിത്താനെ പോലെ!
എനിക്കതൊന്നും പിടിച്ചില്ല. ഞാൻ കാര്യമാണ് ചോദിച്ചത്. ചുണ്ടു കൂർപ്പിച്ചു പുരികം ചുരുക്കി എന്റെ പ്രതിഷേധം അറിയിച്ചിട്ട് ഞാൻ അവിടന്നു പോയി.
പിന്നീട് ഞാൻ കാണുമ്പോൾ കൈയിലും കാലിലും തുണി കൊണ്ടുള്ള ഒരോ വെള്ളികൾ തൂക്കി ഇട്ട് നടക്കുന്ന അസീസ്ക്കാനേ ആണ്.
“അസുഖം കുറച്ചു കൂടുതലാണ്…” ഉമ്മ പറഞ്ഞു.
ബീഡി ചോദിച്ചതിന് കൊടുക്കാത്തതിനാൽ ആമിത്താനെ അവൻ തല്ലി. പാവം! ആമിത്താനെ കണ്ടപ്പോൾ എനിക്കും സങ്കടം തോന്നി. അസീസ്ക്കാ പതിവ് പോലെ ഞങ്ങളുടെ അടുത്തേക്കുവന്ന് ചോദിച്ചു.
“ബീഡി ഉണ്ടാ? ബീഡി?”
വല്ലാത്ത ഒരു രൂപമായിരുന്നു. ഞങ്ങൾ ഒന്നും പറഞ്ഞില്ല. അപ്പോഴേക്കും മാമ കയറി വന്നു.
എന്താടാ നീ ഉമ്മാനെ തല്ലീന്നു കേട്ടു? മാമ ചോദിച്ചു.
അസീസ്ക്ക ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു.
“ഞാൻ പുറത്തു പോയി വരുമ്പോൾ ഈ കൈയിലും കഴുത്തിലും
ഇട്ടേക്കണ സാധനങ്ങൾ എല്ലാം ഊരി ക്കളഞ്ഞോളണം കേട്ടോ..”.-മാമാടെ ശബ്ദം കനത്തു.
“ഒരു അസുഖവുമില്ല ഇവനു. നല്ല അടി കിട്ടാത്തതിന്റെ കുറവാ… പറഞ്ഞതു കേട്ടോ നീ?”
മാമാ അലറി പറഞ്ഞു. പിന്നെ ഞാൻ കാണുന്നത് വീടിന്റെ പിന്നിലേക്ക് പോയി കരയുന്ന അസീസ്ക്കാനെ ആണ്.
എനിക്കും സങ്കടം വന്നു. അങ്ങനെ ആ ദിവസം കഴിഞ്ഞുപോയി. പിറ്റെന്ന് രാവിലെ വീട്ടിൽ ആകെ കരച്ചിലും ബഹളവും കേട്ടാണ് ഞാൻ എഴുന്നേറ്റത്.
“വിടു മോനെ വിടു!”
ഉമ്മിച്ചെടെ കരച്ചിൽ കേട്ട് ഞാൻ ഓടിച്ചെന്നപ്പോൾ കണ്ടത്- ഒരു കൈകൊണ്ട് കുഞ്ഞുമ്മാടെ മുടിചുറ്റി പിടിച്ചുവലിക്കുന്ന അസീസ്ക്കാ!
അസീസ്ക്കാക്ക് പിടിക്കാത്തത് എന്തോ കുഞ്ഞുമ്മാ പറഞ്ഞതത്രെ, അതാണ് ഈ ദേഷ്യത്തിനു കാരണം.
പിടിച്ചുമാറ്റാൻ ചെന്ന വാപ്പിച്ചിയെ മറ്റേ കൈകൊണ്ട് കഴുത്തിൽ പിടിച്ചു ചുവരിൽ ചേർത്തുനിർത്തിയിരിക്കുന്നു. ആറ് അടിയോളം പൊക്കവും ആരോഗ്യവുമുള്ള വാപ്പിച്ചിക്കു അനങ്ങാനും പറ്റുന്നില്ല. അത്രയ്ക്കു ശക്തിയായിരുന്നു.
കരച്ചിൽ കേട്ട് അയൽക്കാരും ഓടി വന്ന് അസീസ്ക്കയെ പിടിച്ചുകെട്ടി മുറിയിലാക്കി പൂട്ടി. പിന്നെ എല്ലാവരും ചേർന്ന് അസീസ്ക്കയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
നേരം ഇരുട്ട് തുടങ്ങുകയായിരുന്നു, ഒരു പെരും മഴ പെയ്തൊഴിഞ്ഞതുപോലെ.
പിന്നാമ്പുറത്തെ വരാന്തയിൽ ആമിത്ത ഇരിക്കുകയായിരുന്നു.
ഇടക്കിടെ സാരി തലപ്പുകൊണ്ട് മുഖം തുടച്ചു, എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് തന്റെ പതിവ് നടത്തം തുടരുന്നു…
പക്ഷേ, ഇത്തവണ അസീസ്ക്ക ഇല്ല. ഒറ്റക്ക് എങ്ങോട്ടെന്ന് ഇല്ലാതെ അവർ നടന്നു...


