പഠിത്തം
text_fieldsഈസൂട്ടനെ
എങ്ങനെ സ്കൂളിൽ
പറഞ്ഞയക്കും എന്ന
വേവലാതിയിലാണ്
പെങ്ങളിപ്പോൾ.
അവന്റെ കാര്യം
വിചിത്രം തന്നെ...!
യൂനിഫോമും...!
ഒരു നൂലിഴയായി
ആ കറുത്ത ചരടെങ്കിലും
അവന്റെ അരയിലുണ്ടല്ലോ
എന്ന് ഞാനവളെ വാലെടുപ്പിക്കും.
മഴപെയ്യുമ്പോൾ
എല്ലാവരും മുറ്റത്തുനിന്ന്
കോലായിലേക്ക് കയറുമ്പോൾ
അവൻ മുറ്റത്തേക്കിറങ്ങും...
മഴയോടൊപ്പം
ആർത്തങ്ങു പെയ്യും.
കളിക്കാൻ ആരുമില്ലാത്ത ഈ കളിക്ക്-
ഒരു വികൃതി കുട്ടനെങ്കിലും വന്നല്ലോ!.
മഴ അവനോടൊപ്പം
മണ്ണുവാരിക്കളിക്കും.
പണ്ടൊക്കെ എത്രയെത്ര
കിടാങ്ങൾ വരുമായിരുന്നുവെന്ന
ഗൃഹാതുരതയിൽ
മഴ പെട്ടന്നൊരു ഉദിപ്പിനെ
തുന്നിവെക്കും.
തെങ്ങോലയിൽ മഴനനഞ്ഞൊരു കാക്ക
ഇതൊരു പുതുമയുള്ള
കാഴ്ചതന്നെ എന്നവനെ
ചെരിഞ്ഞുനോക്കി...
കാക്ക ചിറകുവിരിച്ചു
കാക്കക്കൊപ്പം അവനും...
രണ്ടുപേരും പറന്നു....
പറന്നുപറന്നവൻ ആകാശം തൊട്ടു.
തൊടിയിലെ പൂക്കൾക്കിപ്പോൾ
എന്തൊരു ഉത്സാഹമാണെന്നോ
അവനെത്രനേരം അവറ്റകളോട്
സംസാരിക്കും
അവൻ പറയുന്നതൊന്നും
മനസ്സിലാവുന്നില്ലെങ്കിലും
പൂക്കൾ വെറുതെ തലയാട്ടിച്ചിരിക്കും.
ഒപ്പം പൂമ്പാറ്റകളും
അവനെ ചുറ്റിപ്പറ്റി പാറിപ്പറക്കും.
ഇടവഴിയിലൂടെ പോവുന്ന
ഒരുത്തനെയും അവൻ
വെറുതെ വിട്ടില്ല.
ഇപ്പോൾ മുറ്റംനിറച്ചു
ആളുകളാണ്
പൂച്ച, പട്ടി, അണ്ണാറക്കണ്ണൻ,
കാക്ക, ചെമ്പോത്ത്, കുയിൽ, മുള്ളൻപന്നി,
മൈന, പൊന്മാൻ...
വീട്ടിലേക്കാരും കടക്കാതിരിക്കാൻ
ഉപ്പ കെട്ടിയ വേലിയിൽ
കാട്ടു മുല്ലയും കോളാമ്പി പൂക്കളും സൗഹൃദത്തെ
ഉണക്കാനിട്ടു.
അവനിപ്പോൾ മാഷാണ്
ഇവരൊക്കെ വിദ്യാർഥികളും...
ക്ലാസെടുക്കുമ്പോൾ അവനുമുന്നേ തുള്ളുന്ന
സുണ്ണാമണി കണ്ട്
അവറ്റകൾക്കു ചിരിവന്നു.
ചിരിയടക്കാനാവാതെ അവർ വാപൊത്തി ചിരിച്ചു.
ദേഷ്യപ്പെട്ട് മാഷ് ചൂരലെടുത്തു
വിദ്യാർഥികൾ അനുസരണയോടെ കൈനീട്ടി.
ആകാശംതന്നെ മേൽക്കൂരയായ
വനെ
എങ്ങനെയാണ് സ്കൂളിന്റെ നാലുചുമരിൽ തളച്ചിടുക...?