ഉയരം കൂടിയതാണ് തരൂരിന്‍റെ പ്രശ്നം, ഒരാൾ കുറച്ച് ഉയർന്നാൽ മലയാളി വെട്ടിക്കളയും; അടൂർ ഗോപാലകൃഷ്ണൻ
text_fieldsതിരുവനന്തപുരം: ശശി തരൂർ അനുഭവിക്കുന്നത് 'ഉയരം' കൂടിപ്പോയതിന്റെ പ്രശ്നമാണെന്ന് എന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ശരാശരിക്കാർ മാത്രം മതിയെന്ന കാഴ്ചപ്പാടാണ് മലയാളിക്ക് എന്നും ഉള്ളത്. ഒരാൾ കുറച്ച് ഉയർന്നാൽ വെട്ടിക്കളയും. തരൂരിനെ രാഷ്ട്രീയത്തിലും മറ്റെല്ലായിടത്തും ഇരുകൈയും നീട്ടി സ്വീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ശശി തരൂരിന് പി. കേശവദേവ് പുരസ്‌കാരം നൽകുന്ന ചടങ്ങിലായിരുന്നു അടൂർ ഗോപാലകൃഷ്ണന്‍റെ പരാമർശം.
ശശി തരൂരിനെ ഉൾക്കൊള്ളാൻ പലർക്കും വിഷമമാണ്. കേരളത്തിൽ മിക്കവാറും ആളുകളുടെ പൊക്കം അഞ്ചടി ആറിഞ്ചാണ്. അപൂർവമായിട്ടാണ് എട്ടിഞ്ചു വരെ പോകുന്നത്. നല്ല ഉയരമുള്ള ആൾ വന്നുകഴിഞ്ഞാൽ പ്രശ്നമാണ്. ശശി തരൂരും ആ പ്രശ്നത്തിലാണ് പെട്ടിരിക്കുന്നത്. അദ്ദേഹത്തിന് ഉയരം കൂടിപ്പോയി. അദ്ദേഹത്തെ എഴുത്തുകാരനെന്ന് മാത്രം വിശേഷിപ്പിച്ചാൽ പോരാ. ഇന്ത്യയെക്കുറിച്ച് നിരവധി പുസ്തകങ്ങളാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. നമ്മളൊന്നും വിചാരിച്ചാൽ അദ്ദേഹത്തിന്‍റ പൊക്കം കുറക്കാൻ കഴിയുകയില്ല.
ശരാശരിക്കാരെ വെച്ചുകൊണ്ടുള്ള സംഗതി മതി എന്നാണ് മലയാളികൾ പറയുന്നത്. മലയാളിയുടെ സ്വഭാവം തന്നെ വെട്ടിനിരത്തലാണ്. നമ്മുടെ ജീനിലുള്ളതാണ് അത്. അൽപ്പം നീളം കൂടുതലാണെന്ന് കണ്ടാൽ വെട്ടിനിരത്തും. ഞാനും കൂടി ഉൾപ്പടെയുള്ള സമൂഹത്തിന്‍റെ സ്വഭാവമാണത്.
എങ്ങനെയാണ് താങ്കൾ കേരളത്തിൽ ജീവിക്കുന്നതെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ആകാശം കാണാതെയാണ് മലയാളി ജീവിക്കുന്നത്. എല്ലാ മിടുക്കുകളും ഉണ്ടായിട്ടും സങ്കുചിതമായ ചിന്തയാണ് നമുക്കുള്ളത്. മലയാളി ആവറേജ് ആയ വ്യക്തിയെ മാത്രമേ അംഗീകരിക്കൂ.
ഡോ. തരൂരിനെ എനിക്ക് 50 വർഷമായി അറിയാം. മനസ്സിന്‍റെ ഏറ്റവും ഉള്ളിൽ ഒരു മലയാളിയാണ്. മലയാളത്തെ സ്നേഹിക്കുന്നയാളാണ്. രാഷ്ട്രീയത്തിലായാലും പൊതുജീവിതത്തിലായാലും രണ്ടു കൈയും നീട്ടി മലയാളി അദ്ദേഹത്തെ സ്വീകരിക്കണം.
പി.കേശവദേവ് സ്മാരക ട്രസ്റ്റിന്റെ ഏർപ്പെടുത്തിയ കേശവദേവ് സാഹിത്യപുരസ്‌കാരമാണ് ശശി തരൂര്‍ എം.പി ഏറ്റുവാങ്ങിയത്. 'വൈ ഐ ആം ഹിന്ദു', 'ദി ബാറ്റില്‍ ഫ് ബിലോങിങ്' തുടങ്ങിയ പുസ്തകങ്ങളെ മുന്‍നിര്‍ത്തിയാണ് ശശി തരൂരിന് അവാര്‍ഡ്. 50000 രൂപയും ബി.ഡി. ദത്തന്‍ രൂപകല്പനചെയ്ത ശില്പവുമടങ്ങിയതാണ് പുരസ്‌കാരം.
ആരോഗ്യമേഖലക്കുള്ള പി. കേശവദേവ് ഡയബ്സ് സ്‌ക്രീന്‍ പുരസ്‌കാരം ഡയബറ്റോളജിസ്റ്റും ഗ്ലോബല്‍ ഹെല്‍ത്ത് ലീഡറുമായ ഡോ. ബന്‍ഷി സാബുവിന് സമ്മാനിച്ചു. അഹമ്മദാബാദ് ഡയാകെയര്‍ ഡയബറ്റിസ് ആന്‍ഡ് ഹോര്‍മോണ്‍ ക്ലിനിക് ചെയര്‍മാനാണ് ഡോ. ബന്‍ഷി സാബു.
തിരുവനന്തപുരം ഹോട്ടല്‍ ഹില്‍ട്ടന്‍ ഗാര്‍ഡനിൽ വെച്ച് നടന്ന കേശവദേവ് അനുസ്മരണ സമ്മേളനത്തിൽ വെച്ചാണ് പുരസ്കകാരം വിതരണം ചെയ്തത്.