Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightസത്യാന്വേഷണത്തിന്റെ...

സത്യാന്വേഷണത്തിന്റെ ആത്മകഥ

text_fields
bookmark_border
സത്യാന്വേഷണത്തിന്റെ ആത്മകഥ
cancel

‘കൽപിത ഗദ്യകഥാരൂപത്തിലുള്ള മനുഷ്യജീവിത വ്യാഖ്യാനമാണ്’ നോവലെന്ന് ഏണസ്റ്റ് എ. ബേക്കർ. നോവൽ നിർവചനങ്ങളിൽ ഏറെ പ്രചാരമുള്ള ഒന്നാണിത്. ദാവൂദ് പി. മുഹമ്മദ് എഴുതിയ 319 പേജുകളുള്ള ‘ആത്മപങ്കാളികൾ’ എന്ന നോവൽ പ്രതിപാദിക്കുന്നത് നൗഫൽ ഇബ്രാഹീം എന്ന സാഹിത്യകാരൻ ആത്മപങ്കാളിയെ തേടി നടത്തുന്ന യാത്രയാണ്. അതിനാൽ, ഈ നോവലും മനുഷ്യജീവിത വ്യാഖ്യാനമാണ്.

ആത്മപങ്കാളി എന്ന പ്രയോഗത്തിലൂടെ അർഥമാക്കുന്നത്, ആഴത്തിലുള്ള ആത്മബന്ധമുള്ള, പരസ്പരം പൂർണമായി മനസ്സിലാക്കുന്ന, ജീവിതത്തിലെ സന്തോഷങ്ങളും ദുഃഖങ്ങളും പങ്കുവെക്കാൻ കഴിയുന്ന വ്യക്തിയെയാണ്. ഒരു മറയുമില്ലാതെ അറിയുന്നവരാണവർ. ശരിക്കും പറഞ്ഞാൽ, അറിഞ്ഞോ അറിയാതെയോ ഈ ജീവിതംതന്നെ ആത്മപങ്കാളിയെ തേടിയുള്ള യാത്രയാണ്. ഒരു വ്യക്തിയെന്ന നിലയിൽ നാം തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും ആന്തരികമായി ഈ അന്വേഷണം നടക്കുന്നുണ്ട്.

പലപ്പോഴും സംഭവിക്കാറുള്ളത്, ജീവിതവഴിയിൽ അടുത്തെത്തിയ ആളിൽ ആത്മപങ്കാളിയെ കണ്ടെത്തുകയും ഒരുതരത്തിൽ ഉത്തരം കണ്ടെത്തുകയുമാണ്. ആത്മപങ്കാളി എന്ന പ്രയോഗം നാം സാധാരണയായി ഉപയോഗിക്കാറില്ല. പക്ഷേ, ബന്ധത്തിന്‍റെ തീവ്രത സൂചിപ്പിക്കാനെന്നോണമാണ് ദാവൂദ് പി. മുഹമ്മദ് ഇതിലേക്ക് എത്തിയതെന്ന് നോവൽ വായന നമ്മെ ബോധ്യപ്പെടുത്തും. മനുഷ്യബന്ധങ്ങളിലെ ആഴം എന്നത് ഒരു പഴഞ്ചൻ ആശയമാണ്. പുതിയ കാലം അങ്ങനെയല്ലെന്ന് പറയാറുണ്ട്. മനസ്സിന്‍റെ പടിവാതിൽ കടക്കാതെ വരാന്ത സഞ്ചാരികളായാണ് പുതിയകാല ബന്ധങ്ങൾ മാറുന്നത്. ഒരു യാത്രയിൽ പിറന്ന സൗഹൃദം തൊട്ടടുത്ത യാത്രയിൽ തകർന്ന്, തരിപ്പണമാകുന്നത് പതിവാണിന്ന്. ആ അർഥത്തിൽ, ആത്മപങ്കാളികൾ ഇന്ന് 40 വയസ്സിനു മുകളിൽ എത്തിനിൽക്കുന്നവരുടെ കഥയാണ്, അല്ലെങ്കിൽ അനുഭവമാണ്.

ജീവിതത്തിന്റെ പൊരുൾ

വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞത് ‘അവസാനിക്കാത്ത പ്രാർഥനയാകുന്നു ജീവിതം’ എന്നാണ്. ജീവിതം എന്നത് ഒരു പ്രാർഥനപോലെയാണ്, അതിലെ ഓരോ നിമിഷവും സ്നേഹത്തോടെയും പ്രാർഥനയോടെയും ജീവിക്കണം എന്നാണ് ബഷീര്‍ ഈ വരികളിലൂടെ ഉദ്ദേശിച്ചിട്ടുണ്ടാവുക. എന്നാൽ, അതുമാത്രമാണോ ജീവിതം. ജീവിതം അന്വേഷണമാണ്. ആ അന്വേഷണമാകട്ടെ ആത്മപങ്കാളിയെ തേടിയാണെന്ന് ബോധ്യപ്പെടുത്തുകയാണ് ‘ആത്മപങ്കാളികൾ’ എന്ന നോവൽ. അവസാനമില്ലാത്ത കാത്തിരിപ്പാണ് ജീവിതമെന്ന് നമ്മെ പഠിപ്പിച്ച നോവലാണ് എം.ടി. വാസുദേവൻ നായരുടെ ‘മഞ്ഞ്’.

കാത്തിരിപ്പിന് അന്ത്യമില്ലെന്ന് ജീവിതംകൊണ്ട് ബോധ്യപ്പെടുത്തുകയാണ് മഞ്ഞിലെ നായിക വിമല. അപ്പോഴാണ് നാം കാത്തിരിപ്പിനെ കുറിച്ച് ചിന്തിക്കുക. പിന്നെ, പതുക്കെ തിരിച്ചറിയും എല്ലാവരും കാത്തിരിക്കുന്നവരാണ്. എന്തിനൊക്കെയോ വേണ്ടി കാത്തിരിക്കുകയാണെന്ന്. അല്ലെങ്കില്‍ ജീവിതം മുഴുവന്‍ കാത്തിരിപ്പാണെന്ന്... എഴുത്തുകാർ ഇങ്ങനെയാണ് വായനക്കാരന്‍റെ മനസ്സിലേക്ക് തങ്ങളുടെ രചനകളിലൂടെ പുതിയ ആകാശവും ഭൂമിയും സമ്മാനിക്കും.

വായനക്കുശേഷം കുറച്ചുകാലമെങ്കിലും ആ പുതിയ ആകാശത്തിന് കീഴിൽ ആ ഭൂമിയിൽ കഴിയാൻ പ്രേരിപ്പിക്കും. അതാണ് സർഗവിദ്യ. ദാവൂദ് പി. മുഹമ്മദ് ‘ആത്മപങ്കാളികൾ’ എന്ന നോവലിലൂടെ നമ്മെ ജീവിതം അന്വേഷണമാണെന്ന് പഠിപ്പിച്ചു. പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പുകള്‍ക്ക് ജീവിതത്തില്‍ സൗന്ദര്യമുണ്ടെന്ന് എം.ടി മഞ്ഞിലൂടെ പറഞ്ഞുവെച്ചു. നിരാശയുടെ മാറാല കെട്ടാതെ, കാത്തിരിക്കാന്‍ മനുഷ്യൻ പഠിക്കേണ്ടതുണ്ടെന്ന് ഓർമിപ്പിച്ചു. ഇതിനിടയിൽ, ബഷീർ പ്രാർഥിക്കാൻ പറഞ്ഞു. അങ്ങനെ, പ്രാർഥിക്കാൻ പഠിച്ചതുകൊണ്ടാണ് ഏത് ഘട്ടത്തിലും നിർമമനായി നിൽക്കാൻ ബഷീറിന് കഴിയുന്നത്. ‘ആ പൂവ് നീയെന്തു ചെയ്തു?... ഏതുപൂവ് ?... രക്തനക്ഷത്രംപോലെ കടും ചെമപ്പായ ആ പൂവ് ?

ഓ അതോ? അതെ, അതെന്ത് ചെയ്തു..? തിടുക്കപ്പെട്ടു അന്വേഷിക്കുന്നതെന്തിനു?

ചവിട്ടി അരച്ചുകളഞ്ഞോ എന്നറിയാന്‍? കളഞ്ഞെങ്കിലെന്ത്? ഓ ഒന്നുമില്ല,

എന്റെ ഹൃദയമായിരുന്നു അത്..!’

ഇങ്ങനെ പറയാൻ ബഷീറിനല്ലാതെ മറ്റൊരു കാമുകനും കഴിയില്ലെന്ന് നമ്മെ തോന്നിപ്പിക്കുന്നതാണ് ബഷീറിയൻ മാജിക്. ഈ രചനാതന്ത്രം മറ്റൊരു തരത്തിൽ ദാവൂദ് പി. മുഹമ്മദ് സ്വന്തമാക്കിയിട്ടുണ്ട്. അതിനായി ദാവൂദ് ഉപയോഗിക്കുന്ന വാക്കാണ് ‘വിധി’യെന്നത്. വിധിയെന്ന രണ്ടക്ഷരംകൊണ്ട് ജീവിതവഴിയിലെ സന്തോഷിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമായ അനുഭവങ്ങളെ മറികടക്കാൻ, അല്ലെങ്കിൽ അഭിമുഖീകരിക്കാൻ കഴിയും. അത്രമേൽ, ശക്തമായ വാക്കായി വിധി ആത്മപങ്കാളികളിൽ മാറുന്നു. നോവൽ വായനയുടെ നിർണായക സന്ദർഭങ്ങളിലെല്ലാം ആരും ആറിയാതെ വിധിയെന്ന രണ്ടക്ഷരം കയറിവന്ന് നടത്തുന്ന അതിജീവന പ്രക്രിയയുണ്ട്. അത്, നോവൽ വായിച്ചവർക്ക് അനുഭവിക്കാൻ കഴിയും. ശരിക്കും ഈ നോവലിനെ സത്യാന്വേഷണത്തിന്‍റെ ആത്മകഥയെന്ന് വിളിക്കാം.

ആൾക്കൂട്ടത്തിൽ തനിച്ച്

നൗഫൽ ഇബ്രാഹീം എന്ന സാഹിത്യകാരനാണ് ആത്മപങ്കാളിയെ തേടി നടക്കുന്നത്. എഴുത്തുകാരനായ ദാവൂദ് പി. മുഹമ്മദ് തന്നെ നോവലിൽ കടന്നുവരുന്നുണ്ട്. ജീവിതത്തിൽ പാലിക്കേണ്ട ധാർമികബോധത്തെ ഇത്തിരി വാശിയോടെ തന്‍റെ കഥാപാത്രങ്ങളിൽ അടിച്ചേൽപിക്കാൻ ദാവൂദ് ശ്രമിക്കുന്നുണ്ടോയെന്ന് ചോദിച്ച് പോയാൽ തെറ്റില്ല. കാരണം, മനുഷ്യബന്ധങ്ങൾക്കിടയിൽ നാം പുലർത്തേണ്ട ചില നിർബന്ധങ്ങളുണ്ട്. ഇത്, മനുഷ്യബന്ധങ്ങളുടെ മാത്രം പുസ്തകമല്ല, യാത്രയുടെ കഥയാണ്. നമുക്ക് ചുറ്റുമെന്ന് തോന്നുമെങ്കിലും കടൽ കടന്ന് സഞ്ചരിക്കുകയാണ് കഥയും കഥാപാത്രങ്ങളും. നോവൽ അവസാനിച്ചതിനു ശേഷം ജലാലുദ്ദീൻ റൂമിയുടെ വരികൾ ചേർത്തിട്ടുണ്ട്. അതിങ്ങനെയാണ്.

‘നിങ്ങൾ ചെയ്യേണ്ടത് സ്നേഹത്തെ തേടുകയല്ല, മറിച്ച് അതിനെതിരെ നിങ്ങളുടെ ഉള്ളിൽ നിങ്ങൾ തന്നെ ഉണ്ടാക്കിവെച്ചിട്ടുള്ള തടസ്സങ്ങളെ കണ്ടെത്തുകയാണ്... ’ ഒരു പേക്ഷ, ഈ നോവൽ നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത് ഇത്തരമൊരു ചിന്തയിലായിരിക്കാം. ഓരോ മനുഷ്യന്‍റെയും വായനയും സ്വാംശീകരണവും വ്യത്യസ്തമായിരിക്കുമല്ലോ... വായന അറിവും തിരിച്ചറിവുമാണ്.

Show Full Article
TAGS:literature book reading 
News Summary - The Autobiography of a The search for truth
Next Story