പ്രവാസജീവിതത്തിലെ സൗഹൃദങ്ങൾ
text_fieldsനമ്മൾ ഓരോരുത്തരുടെയും പ്രവാസജീവിത അനുഭവങ്ങൾ വ്യത്യസ്തമായിരിക്കും. എന്നാൽ ഈ യാത്രയിൽ നമ്മളിലേക്ക് ചേർന്നുവന്ന ചില മനുഷ്യരും സൗഹൃദങ്ങളും ജീവിതത്തെ കൂടുതൽ മനോഹരമാക്കുന്നു.
ജോലിസ്ഥലങ്ങളിൽ നിന്നും, വ്യത്യസ്ത അസോസിയേഷനുകളിലൂടെയും, സംഘടനാ പ്രവർത്തനങ്ങളിലൂടെയും, കുടുംബസൗഹൃദങ്ങളിലൂടെയും, നമ്മൾ പരിചയപ്പെടുന്ന ചിലർ കാലക്രമേണ നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറുന്നു.
സന്തോഷങ്ങൾ പങ്കുവെക്കാനും പ്രയാസങ്ങളിൽ താങ്ങാകാനും പരസ്പരം കരുതലാകാനും കഴിയുന്ന അത്തരം ബന്ധങ്ങളാണ് പ്രവാസജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യങ്ങളിലൊന്ന്. നമ്മുടെ ചിന്തകളും കാഴ്ചപ്പാടുകളും രാഷ്ട്രീയ നിലപാടുകളുമെല്ലാം വ്യത്യസ്തമായിരിക്കാം! എന്നാൽ ആ വ്യത്യസ്തതകൾക്കിടയിലും പരസ്പരം മനസ്സിലാക്കാനും ബഹുമാനിക്കാനും സ്നേഹത്തോടെ ചേർന്നുനിൽക്കാനും നമുക്ക് കഴിയണം.
ഒരേ ചിന്തകൾ പങ്കുവെക്കുന്നതിലല്ല, വ്യത്യസ്ത ചിന്തകൾക്കിടയിലും ഹൃദയങ്ങൾ ചേർത്തുപിടിക്കുന്നതിലാണ് യഥാർത്ഥ സൗഹൃദത്തിന്റെ സൗന്ദര്യം. ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ നമുക്ക് ലഭിച്ച നല്ല സൗഹൃദങ്ങളെ ചേർത്തുപിടിക്കാം. സ്നേഹവും കരുതലും പങ്കുവെച്ച്, പരസ്പരം താങ്ങായി, ഈ പ്രവാസജീവിതം കൂടുതൽ മനോഹരമാക്കാം.


