കറുപ്പ്
text_fieldsആകാശം മഴയുടെ മെതിയടിയുമിട്ട് ഭൂമിയെ ആവോളം ചവിട്ടിമെതിച്ചുകൊണ്ട് തിമിർത്തുപെയ്യുകയാണ്. ഇരുണ്ടുകിടക്കുന്ന പ്രകൃതിയെ നോക്കിനിന്നപ്പോൾ തന്റെ മനസ്സും ഇതുപോലെ തെളിച്ചം നഷ്ടപ്പെട്ട ഭാവിയെ നോക്കി നിർവികാരമായി നിൽക്കുകയാണല്ലോ എന്ന സത്യം അയാളെ വല്ലാതെ ബ്ലേഡ് കൊണ്ട് വരയുന്ന പോലെ വേദനിപ്പിച്ചു കൊണ്ടിരുന്നു. നീണ്ട ഇരുപത്തി ആറാമത്തെ പെണ്ണുകാണലും അലസിപ്പോയ സങ്കടത്തിലിരിക്കുമ്പോൾ ചൂടുള്ള കണ്ണീർ നരച്ച താടിരോമങ്ങളിലൂടെ ഒലിച്ചിറങ്ങി.
പുരോഗമനം എന്ന കള്ളിയിലിട്ട് വല്ലാതെ ആഘോഷിക്കപ്പെടുന്ന പുതിയ കാലത്തും കറുപ്പ് ഒരു വിഷയവും വിഷമവും ആണെന്ന് അയാൾ കൂടുതൽ കൂടുതൽ തിരിച്ചറിഞ്ഞത് കൊച്ചുമകളെ കാണാൻ വരുന്ന ഓരോരുത്തരും ഓരോ ഒഴികഴിവുകൾ പറഞ്ഞ് പിരിഞ്ഞുപോകുമ്പോഴാണ്.
വെളുപ്പാണ് അഴകിന്റെ നിറം എന്ന് മനുഷ്യരെ പഠിപ്പിക്കുന്നതിൽ അധിനിവേശക്കാരായ വെള്ളക്കാർക്ക് വലിയ പങ്കുണ്ട് എന്നത് ചരിത്രം കൂടുതൽ വായിച്ചിട്ടുള്ള വ്യക്തിയെന്ന നിലയിൽ അയാൾക്ക് വ്യക്തമായി മനസ്സിലായിരുന്നു.
കോടികളുടെ ക്രീമുകളും ലോഷനുമാണ് മനുഷ്യർ വെളുപ്പിനുവേണ്ടി വാങ്ങിക്കൂട്ടുന്നത്. ചാരുകസേരയിൽ ചാഞ്ഞിരുന്നപ്പോൾ ഏട്ടന്റെ പെണ്ണിനെ ഏട്ടൻ കാണുന്നതിന് മുമ്പേ ഉപ്പയോടൊപ്പം കാണാൻ പോയ ഓർമകൾ മനസ്സിൽ തെളിഞ്ഞുവന്നു. തൊലിക്ക് തീരെ നിറം ഇല്ലാത്തതിന്റെ പേരിൽ ബാപ്പയുടെ മുഖത്ത് തെളിഞ്ഞ അനിഷ്ടം മനസ്സിലാക്കിയിട്ടെന്ന വണ്ണം
‘എനക്ക് ഓളെ ഉള്ളൂ, എന്റെ എല്ലാം ഓക്ക് മാത്രം ഒള്ളതാ, ഓക്ക് മാത്രം’ എന്ന പെണ്ണിന്റെ ഉപ്പാന്റെ വർത്താനം ഉപ്പയെ ഒന്ന് കുലുക്കിയുണർത്തി. വിശാലമായ തൈത്തെങ്ങുകളിൽ താങ്ങാൻ കഴിയാത്ത വിധം കുലച്ചുനിൽക്കുന്ന നാളികേരം കണ്ടപ്പോൾ തോന്നിയ വികാരം അടുത്ത സുഹൃത്തിനോട് പിന്നീട് ബാപ്പ പറയുന്നത് കേട്ടിട്ടുണ്ട്.
‘ആ ബലിയ തെങ്ങിൻതോപ്പ് കണ്ടപ്പപിന്നാ ഓക്ക് ന്റെ ഖൽബില് നെറം ബെചൂട്ട് മോനെ’ അതും പറഞ്ഞ് കുമ്പ കുലുക്കിയുള്ള ബാപ്പാന്റെ പൊട്ടിച്ചിരി ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നുണ്ട്. പിന്നീട് അവളെ കാണാൻ ഏട്ടൻ പോകുമ്പോ ഉപ്പ പറഞ്ഞതും ആ തെങ്ങിൻ തോപ്പ് മാത്രം ആലോചിച്ചാ മതീന്നായിരുന്നു.
അവൾ വന്നുകയറിയതിൽ പിന്നെയാണ് ഇരുട്ട് പിടിച്ച തറവാട് വെളുത്തുതുടങ്ങിയത്. പക്ഷെ ഉപ്പാന്റെയും ഏട്ടന്റെയുമൊക്കെ മനസ്സിൽ ഇരുട്ട് തളം കെട്ടിത്തന്നെ നിൽക്കുകയായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായത്. ഭാര്യയുടെയും മരുമോളുടെയും സ്വത്തിൽ മാത്രം കണ്ണുവെച്ച ഉപ്പയും ഏട്ടനും അവരുടെ ഉള്ളിലെ കറുപ്പ് ഇടക്കിടെ പുറത്തെടുത്തുകൊണ്ടിരുന്നു.
ആൾക്കൂട്ടങ്ങളിലെ ശകാരവർഷങ്ങളിൽ മുറിഞ്ഞ മനസ്സുമായി അടുക്കളപ്പുറത്തെ ഇരുട്ടിൽ പൊട്ടിപ്പൊട്ടി കരയുന്ന അവരെ പലവട്ടം കണ്ടിട്ടുണ്ട്. ഒന്ന് ആശ്വസിപ്പിക്കാൻ പലപ്പോഴും മനസ്സ് കൊതിച്ചിട്ടുമുണ്ട്. പക്ഷെ കഴിഞ്ഞില്ല എന്നതാണ് സത്യം.
ഒടുക്കം ഒരു നാൾ ഒരു അപകടത്തിന്റെ രൂപത്തിൽ രണ്ട് കുഞ്ഞുങ്ങളെ തനിച്ചാക്കി മരണം അവരെ കൂട്ടിക്കൊണ്ട് പോയതിന്റെ പതിനാറാം നാൾ ഇക്കയുടെ ജീവിതത്തിലേക്ക് ഒരു വെളുത്ത പെണ്ണ് കടന്നുവരുന്നത് കണ്ടപ്പോൾ ക്രൂരതയുടെ മറ്റൊരു പേരാണ് ഇക്ക എന്നു തോന്നിപ്പോയിരുന്നു. ‘ഉപ്പൂപ്പ എന്തിനാ വെഷമിക്കുന്നെ, എത്രയോ ആളുകൾ ഈ ദുനിയാവിൽ വിവാഹം കഴിക്കാതെ ജീവിക്കുന്നു. കല്യാണം കഴിയാത്തത്തിൽ എനിക്ക് ഒരു വെഷമവും ഇല്ല. എന്നെ പൂർണമായി ഇഷ്ടപ്പെടുന്ന, മനസ്സിലാക്കുന്ന ഒരാൾ വരുന്നത് വരെ കാത്തിരിക്കാൻ ഞാൻ തയാറാണ്’. അങ്ങനെ ഒരാളെ കിട്ടിയില്ലെങ്കിലും പടച്ചോൻ കണക്കാക്കിയ ആയുസ്സ് ഞാൻ ജീവിച്ചുതീർക്കും ഇൻഷാ അല്ലാഹ്’
ഒറ്റപ്പെടലിന്റെയും നിസ്സഹായതയുടെയും നിലയില്ലാ കയത്തിൽ കൈ കാലിട്ടടിക്കുമ്പോഴും പ്രതീക്ഷകളുടെ പുലർകാലങ്ങളെ ക്ഷമയോടെ കാത്തിരിക്കാൻ അവൾ കാണിക്കുന്ന തന്റേടം അയാളെ അത്ഭുതപ്പെടുത്തി. കറുത്തിരുണ്ട മാനം അപ്പോഴും ശക്തിയിൽ കണ്ണീർ പൊഴിച്ചു കൊണ്ടേയിരുന്നു.