സി.പി.എമ്മിനെ നേതാക്കൾ തന്നെ കമ്യൂണിസ്റ്റ് പാർട്ടി അല്ലാതാക്കി - വി. കുഞ്ഞിക്കൃഷ്ണന്‍റെ പുസ്തകം
text_fieldsകണ്ണൂര്‍: സി.പി.എം നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി വി. കുഞ്ഞിക്കൃഷ്ണന്‍റെ പുസ്തകം. നേതാക്കൾ തന്നെ സി.പി.എമ്മിനെ കമ്യൂണിസ്റ്റ് പാർട്ടി അല്ലാതാക്കിയെന്ന് കുഞ്ഞിക്കൃഷ്ണൻ പുസ്തകത്തിൽ പറയുന്നു. സി.പി.എമ്മിനെ ഒരു സാധാരണ തെരഞ്ഞെടുപ്പ് പാർട്ടിയാക്കി മാറ്റുകയായിരുന്നു നേതാക്കൾ. നേതാക്കൾ ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായി. അവരെക്കുറിച്ച് പഠിച്ചാൽ ഒരു പ്രബന്ധം തന്നെ തയാറാക്കാൻ കഴിയും.
സംഘടനാ തത്വങ്ങൾ നിർലജ്ജം ഉപയോഗിച്ചുകൊണ്ട് കൊള്ളക്കാരെ സംരക്ഷിക്കാൻ പാർട്ടിയെ ഉപയോഗിക്കുകയാണ് നേതാക്കൾ.അടുത്ത ബുധനാഴ്ച പുസ്തകം പയ്യന്നൂരിൽ പ്രകാശനം ചെയ്യും. രക്തസാക്ഷി ഫണ്ട് തട്ടിപ്പുൾപ്പെടെ സാമ്പത്തിക ക്രമക്കേടുകളും അതിന്റെ വിശദമായ കണക്കുകളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
16 അധ്യായങ്ങളും 96 പേജുകളുമുള്ള പുസ്തകം വി.എസ് അച്യുതാനന്ദനാണ് സമർപ്പിക്കുന്നത്. പാർട്ടിക്കകത്തെ തെറ്റുകൾക്കെതിരെയും സമൂഹത്തിലെ അനീതികൾക്കെതിരെയും സധൈര്യം പോരാടിയ സഖാവിന്‍റെ ജ്വലിക്കുന്ന സ്മരണയ്ക്ക് മുൻപിൽ പുസ്തകം സമർപ്പിക്കുന്നു എന്നാണ് പറയുന്നത്.
പുസ്തകത്തിൽ പയ്യന്നൂർ എം.എൽ.എ ടി.ഐ മധുസൂദനനെതിരെ നിശതിമായ വിമർശനമാണ് ഉന്നയിക്കുന്നത്. നേതൃത്വത്തെ അണികൾ തിരുത്തണമെന്നാണ് പുസ്തകത്തിൽ പറയുന്നത്. പയ്യന്നൂരിലെ പാർട്ടി നന്നാവണമെങ്കിൽ ടി.ഐ മധുസൂദനൻ ആദ്യം നന്നാവണം. നേതാക്കൾ തെറ്റ് ചെയ്താൽ മിണ്ടരുതെന്ന് അനുഭവങ്ങൾ പഠിപ്പിച്ചുവെന്നും വി കുഞ്ഞികൃഷ്ണൻ പുസ്തകത്തിൽ പറയുന്നു.


