അൺപോപ്പുലർ അഭിപ്രായങ്ങളുടെ ന്യൂനോർമൽ മുഖം
text_fieldsനമ്മളും നമുക്ക് ചുറ്റും, സജികുമാർ, ഇൻസൈറ്റ് പബ്ലിക്കേഷൻ
‘മറ്റേതെങ്കിലും ജീവിയെപോലെ ജനിച്ചു ജീവിച്ച് മരിച്ചുപോവേണ്ട ജീവി മാത്രമാണ് മനുഷ്യൻ, ആരുടേയും ജീവിതത്തിന് പരമമായ ലക്ഷ്യങ്ങളൊന്നുമില്ല.’ സജികുമാറെഴുതിയ ‘നമ്മളും നമുക്ക് ചുറ്റും’ എന്ന ആത്മകഥാംശമടങ്ങിയ കുറിപ്പുകളുടെ ശേഖരത്തിലെ ജനനം എന്ന അധ്യായത്തിന്റെ മുഖവുരയാണിത്. ഒരു നിയോഗം പോലെ കിട്ടിയ ജന്മമായി മനുഷ്യജന്മത്തെ കാണുകയും ചിട്ടയായ ജീവിതക്രമങ്ങളുമായി ഓരോ സെക്കൻഡുകളും ലക്ഷ്യത്തിലേക്ക് ഓടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന നവകാലത്തെ ഒരു മനുഷ്യനെന്ന നിലയിൽ എനിക്ക് ആദ്യ വായനയിൽ തന്നെ അരോചകമായി തോന്നിയ സ്റ്റേറ്റ്മെന്റ്. എന്നാൽ, തുടർന്നുള്ള വായനയിൽ അങ്ങനെയൊരു മുഖവുര പറഞ്ഞുവെക്കാൻ ആ എഴുത്തുകാരന് ന്യായമായും കാരണങ്ങളുണ്ടെന്ന് മനസ്സിലായി. നമ്മൾ കാണുന്ന അതേ ജീവിത പരിസരങ്ങളിൽ ജീവിച്ച് എന്നാൽ, നമ്മുടെ ചിന്താപരിസരങ്ങൾക്കപ്പുറം ചിന്തിക്കുന്നതിന്റെ ഗുണമാണത്.
ജീവിത യാഥാർഥ്യങ്ങളുടെ ഘോഷയാത്രകൾക്കിടയിലൂടെ സഞ്ചരിച്ച, എന്നാൽ അപ്പോഴും ഒരു റെബലായി ജീവിച്ച ഒരാളുടെ അനുഭവങ്ങളും ബോധ്യങ്ങളും നമ്മെ പലയിടത്തും ഇരുത്തിച്ചിന്തിപ്പിക്കും. ചിലയിടത്ത് ദൈനംദിന ജീവിതത്തിലെ നമ്മുടെ ചില ചിട്ടകളെക്കുറിച്ച് എഴുത്തുകാരൻ വ്യത്യസ്തതയാർന്ന ഭാവാദികളോടെ വിശദീകരിക്കുമ്പോൾ എല്ലാ കാഴ്ചകൾക്കുമപ്പുറം മറ്റൊരു ലോകം കൂടിയുണ്ടെന്ന സത്യം നിങ്ങളെ മദിപ്പിക്കുകയും വായനാസുഖം പകരുകയും ചെയ്യും. ജനനം എന്ന കുറിപ്പിലൂടെയാണ് ഈ കുറിപ്പുകളുടെ ആരംഭം. ഒരു കുഞ്ഞുണ്ടാകുമ്പോഴുള്ള സന്തോഷത്തിനൊപ്പം അതിന്റെ ജൈവികവും അതിജീവനപരവുമായ വെല്ലുവിളികളെ കൂടി അദ്ദേഹം ഈ കുറിപ്പുകളിലൂടെ വരച്ചിടാൻ ശ്രമിക്കുന്നുണ്ട്. പൂച്ചയും മുയലുമൊക്കെ കൂടുതൽ പ്രസവിക്കുമ്പോൾ അതിൽ ചിലതിനെ അമ്മ തന്നെ തിന്നുന്ന ‘ക്രൂരത’യെ ബാക്കിയുള്ളവയെ സംരക്ഷിക്കാനുള്ള ബുദ്ധിമുട്ടേറിയതും കടുത്തതുമായ തീരുമാനമായി തിരുത്തി എഴുതുന്നുണ്ട് എഴുത്തുകാരൻ.
കൗമാരമെന്ന രണ്ടാം അധ്യായത്തിൽ പഴയ കാല കൗമാരത്തെയും പുതിയകാല കൗമാരത്തെയും എഴുത്തുകാരൻ തുലാസിലിട്ട് തൂക്കി തൂക്കം നിശ്ചയിക്കുന്നുണ്ട്. അതോടൊപ്പം മനുഷ്യ കൗമാരത്തെയും മറ്റ് ജീവികളുടെ കൗമാരത്തെയും വായിക്കാനുള്ള ശ്രമവും നടത്തുന്നു. എന്തും എങ്ങനെയും ചെയ്യാം എന്ന തോന്നലല്ല കൗമാരമെന്ന നിഗമനവും അദ്ദേഹം പറഞ്ഞുവെക്കുന്നുണ്ട്. ആത്മബന്ധമില്ലാത്ത പുതിയ ലോകത്തെ പറഞ്ഞുവെക്കാനാണ് ‘ന്യൂ നോർമൽ’ എന്ന കുറിപ്പുകളിലൂടെ ശ്രമിക്കുന്നത്. സാങ്കേതികവിദ്യയെ കുറിച്ചുള്ള അൺപോപ്പുലർ ഒപ്പീനിയനുകളും ഈ കുറിപ്പിൽ കാണാം. അൺപോപ്പുലർ അഭിപ്രായങ്ങളിൽ ചിലപ്പോഴെങ്കിലും സത്യത്തിന്റെയും ന്യായത്തിന്റെയും അംശം കൂടുമല്ലോ.
‘നമ്മൾ ജീവിതത്തിൽ രണ്ട് പുസ്തകങ്ങൾ കൊണ്ടുനടക്കുന്നു. ഒന്ന് നമ്മെ തന്നെ സാധൂകരിക്കാനും മറ്റൊന്ന് ബാക്കിയുള്ളവരെ വിലയിരുത്താനും’ എന്ന് എഴുത്തുകാരൻ പറഞ്ഞുവെക്കുമ്പോൾ ആ രണ്ട് പുസ്തകങ്ങളും നൂറ്റാണ്ടുകളായി കൈമാറി ജീവിക്കുന്നവനാണല്ലോ മനുഷ്യൻ എന്ന ചിന്ത നമ്മളിൽ പതിയെയെങ്കിലും എത്താതിരിക്കില്ല.
വികസനം പലപ്പോഴും വെള്ളത്തിൽ വരച്ച വരയാണെന്നാണ് മറ്റൊരു അധ്യായത്തിൽ എഴുത്തുകാരൻ ഓർമിപ്പിക്കുന്നത്. പുതുതായി ചെയ്യുന്ന എന്തും വികസനമല്ലെന്നും വികസനത്തിന് സമകാലിക ജീവിതത്തിനോടും ചില കടമകളുണ്ടെന്നും എഴുത്തുകാരൻ പറഞ്ഞുവെക്കുന്നുണ്ട്. എന്തിനും ഏതിനും ജെമിനിയെയും ചാറ്റ് ജിപിടിയെയും എ.ഐയെയും ആശ്രയിക്കുന്ന കാലത്തിന്റെ കണ്ണാടികളെക്കുറിച്ചുമുണ്ട് ഈ കുറിപ്പുകളിൽ ഒരധ്യായം. എ.ഐ കാലഘട്ടത്തിൽ മനുഷ്യന് സംഭവിക്കാവുന്ന മൂല്യശോഷണവും നിരർഥകതയും യാന്ത്രികതയുമൊക്കെ എഴുത്തുകാരൻ സർഗാത്മകതയോടെ കുറിച്ചുവെച്ചിട്ടുണ്ട്. ജീവിതാന്വേഷണത്തിനുപകരം ഭാഗ്യാന്വേഷണത്തിന് പോകുന്ന ലോട്ടറി സംസ്കാരത്തെയും അതിനെ ചൂഷണം ചെയ്യുന്ന ഖജനാവ് സൂക്ഷിപ്പുകാരെയും എഴുത്തുകാരൻ പോസ്റ്റ്മോർട്ടം ചെയ്യുന്നുണ്ട്.
‘പലരിൽ നിന്നും ബന്ധം കട്ട് ചെയ്യുമ്പോഴുള്ള നഷ്ടങ്ങളാണ് പിന്നീടുള്ള ലാഭം’ എന്ന് പറയുന്നതിലൂടെ മനുഷ്യ ബന്ധങ്ങൾക്ക് പുതിയ മൊറാലിറ്റി നൽകാൻ ശ്രമിക്കുന്നതും ഈ പുസ്തകത്തിൽ കാണാം. ഭക്ഷണവും ദേശീയതയും അടുത്തടുത്ത അധ്യായങ്ങളിലൂടെ പറയുന്നതിലൂടെ ഒരു രാഷ്ട്രീയ പ്രഖ്യാപനവും എഴുത്തുകാരൻ നടത്തുന്നു. ദേശീയതയിൽ പൗരന്മാരില്ലെന്നും അധികാരം കൈയാളുന്ന ഏമാന്മാരുടെ ഏണിവടിയാണ് ദേശീയതയെന്നും കുറിക്കുന്നതിലൂടെ തന്റെ തന്നെ രാഷ്ട്രീയ വിളംബരമാണ് അദ്ദേഹം സാധ്യമാക്കുന്നത്. നിയമം നമ്മുടെ കാലിലെ ചങ്ങലയാണെന്ന് പറയുന്ന വരികളും ആദിവാസി ജീവിതവും കാട്ടിലേക്കുള്ള മനുഷ്യന്റെ വേട്ട എന്നുള്ള പേരിലുള്ള ഒളിഞ്ഞുനോട്ടവും മനുഷ്യന്റെ സ്വാർഥതയെ വരച്ചിടുന്ന ചിന്തകളാണ്. മതം, ജാതി, വിവാഹം, സമൂഹം തുടങ്ങിയ പല കാര്യങ്ങളിലുമുള്ള സമൂഹത്തിന്റെ പൊള്ളയായ സങ്കൽപങ്ങളെയും വാർപ്പുമാതൃകകളെയും നല്ലവണ്ണം പോസ്റ്റ്മോർട്ടം ചെയ്ത് തന്നെയാണ് എഴുത്തുകാരൻ നമ്മളും നമുക്ക് ചുറ്റും എന്ന ഈ പുസ്തകത്തിൽ നേർക്കാഴ്ചകൾ ഒപ്പുന്നത്. ഒരുപക്ഷേ, ഈ പുസ്തകത്തിലെ അൺപോപ്പുലർ ഒപ്പീനിയനുകളുടെ നീണ്ടനിര നിങ്ങളിൽ എതിർചിന്തകളുണ്ടാക്കിയേക്കാം. അതിനൊടുവിൽ ജീവിതത്തെ ഇങ്ങനെയും വായിക്കാം എന്ന ഒരു ചിന്ത നിങ്ങളിൽ തോന്നുകയും ചെയ്തേക്കാം. അങ്ങനെയെങ്കിൽ ഈ പുസ്തകം വിജയിച്ചു എന്നതാണ് ഇതിന്റെ രത്നചുരുക്കം.


