ഇന്നസെൻറും മട്ടൻ കറിയുടെ മണവും
text_fieldsറഊഫ് കരൂപ്പടന്ന ഇന്നസെന്റിനൊപ്പം)
പ്രശസ്ത നടൻ ഇന്നസെൻറിന്റെ ബാല്യകാല ഓർമകളിൽ ഞങ്ങളുടെ നാടായ കരൂപ്പടന്നയുമായി ബന്ധപ്പെട്ട രസകരമായ ഒരു കഥയുണ്ട്. ഇന്നസെൻറിന്റെ നാടായ ഇരിങ്ങാലക്കുട ഞങ്ങളുടെ തൊട്ടടുത്ത പ്രദേശമാണ്. ഞങ്ങളുടെ എം.പി ആയിരിക്കുമ്പോൾ കരൂപ്പടന്ന സ്കൂളിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇന്നസെൻറ് രസകരമായ ഒരു ഓർമ പങ്കുവെച്ചത്. ഇന്നസെൻറ് ഇരിങ്ങാലക്കുട ബോയ്സ് ഹൈസ്കൂളിൽ പഠിക്കുന്ന കാലം.
അന്ന് എൻ.സി.സിയിൽ സജീവമായിരുന്നു. ഒരിക്കൽ എൻ.സി.സിയുടെ വിദ്യാഭ്യാസ ജില്ല ക്യാമ്പ് ഇരിങ്ങാലക്കുടയിൽ വെച്ച് നടക്കുന്നു. ഇന്നസെൻറും പങ്കെടുക്കുന്നുണ്ട്. അക്കാലത്ത് കരൂപ്പടന്ന സ്കൂളിൽ എൻ.സി.സി.യുടെ സുവർണകാലമായിരുന്നു. ഇരിങ്ങാലക്കുടക്കാരനായ അബ്ദുൽ കരീം മാസ്റ്ററായിരുന്നു കരൂപ്പടന്ന സ്കൂളിലെ എൻ.സി.സിഅധ്യാപകൻ. ഇന്നസെൻറിന്റെ നാട്ടുകാരനും പരിചയക്കാരനുമായിരുന്നു കരീം മാസ്റ്റർ.
ക്യാമ്പിൽ ഓരോ സ്കൂളുകാരും അവർക്ക് വേണ്ട ഭക്ഷണം പ്രത്യേകം പ്രത്യേകം പാചകം ചെയ്യുന്ന രീതിയായിരുന്നു. അതിന് വേണ്ട സാധനങ്ങൾ അവർ തന്നെ കൊണ്ടുവരണമായിരുന്നു. എവിടെ നിന്നോ നല്ല മട്ടൻ കറിയുടെ മണം. ഇന്നസെൻറ് നോക്കുമ്പോൾ കരൂപ്പടന്ന സ്കൂളിലെ കുട്ടികളും കരീം മാസ്റ്ററും ചേർന്ന് നല്ല മട്ടൻ കറി ഉണ്ടാക്കുന്നു. കഴിക്കാൻ പെറോട്ടയും. കൊതി പൂണ്ട ഇന്നസെൻറ് വാതിലിന് അടുത്തുതന്നെ നോക്കിനിന്നു. ഇത് കണ്ട കരീം മാസ്റ്റർ എന്താ നോക്കുന്നത്, നിനക്ക് വേണോ എന്ന് ചോദിച്ച് ഇന്നസെൻറിനും ഭക്ഷണം കൊടുത്തു. മറ്റുള്ള സ്കൂളുകാർ വെജിറ്റബിൾ കറിയും മറ്റും ഉണ്ടാക്കി കഴിക്കുന്ന കാലത്താണ് കരൂപ്പടന്ന സ്കൂളുകാർ മട്ടനും ബീഫും ഒക്കെ വെച്ച് സമൃദ്ധമായി അന്ന് ഭക്ഷണം കഴിച്ചിരുന്നതെന്ന് ഇന്നസെൻറ് രസകരമായി പറഞ്ഞു.
കരൂപ്പടന്നയെ കുറിച്ച് പറയുമ്പോൾ അന്നത്തെ ആ മട്ടൻ കറിയും കരീം മാസ്റ്ററുമാണ് എന്നും ഓർമകളിലെത്തുന്നതെന്ന് ഇന്നസെൻറ് അന്നത്തെ പ്രസംഗത്തിൽ പറഞ്ഞു. പിന്നീട് പലപ്പോഴും ഇന്നസെൻറിന്റെ വീട്ടിൽ വെച്ച് സൗഹൃദസംഭാഷണത്തിനിടയിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ നടന്റെ ഓർമകളിൽ കരൂപ്പടന്നയും കരൂപ്പടന്ന സ്കൂളും പച്ചപിടിച്ചുനിന്നിരുന്നു എന്നതിൽ കരൂപ്പടന്നക്കാരായ ഞങ്ങൾ അഭിമാനിക്കുന്നു.


