'മൂഢസ്വർഗത്തിൽ ജീവിക്കുന്നവർ ഞാൻ പറഞ്ഞതിന്‍റെ അർഥം മനസിലാക്കുന്നില്ല', വിമർശനങ്ങൾക്ക് മറുപടിയുമായി സച്ചിദാനന്ദൻ
text_fieldsകൊച്ചി: തുടർഭരണം വേണ്ട എന്ന പ്രസ്താവനയ്ക്ക് പിന്നാലെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കേരള സാഹിത്യ അക്കാദമി ചെയർമാനും എഴുത്തുകാരനുമായ കെ. സച്ചിദാനന്ദൻ. വെർച്വൽ മൂഢസ്വർഗത്തിൽ ജീവിക്കുന്ന ആൾക്കൂട്ടം കാര്യമറിയാതെയാണ് തന്നെ വിമർശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പറയാൻ ശ്രമിച്ച കാര്യങ്ങളുടെ ആഴം മനസിലാക്കാതെയാണ് വിമർശനമെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി.
ഉപരി വർഗത്തെ തൃപ്തിപ്പെടുത്തുന്നത് മാര്‍ക്‌സിസത്തിന് ചേരില്ല. ശബ്ദമില്ലാത്തവരെ കേള്‍ക്കുന്നതും അതാണ് ജനാധിപത്യമെന്നും ഇതാണ് മാര്‍ക്‌സിസസത്തിനു മുന്നോട്ടുള്ള വഴിയെന്നും സച്ചിദാനന്ദൻ ഫേസ്ബുക്കിൽ പറഞ്ഞു. തൊഴിലാളികളും ആദിവാസികളും നടത്തിയ പ്രധാന സമരങ്ങളിൽ താൻ പങ്കെടുത്തതും അടിയന്തരാവസ്ഥക്കാലത്ത് രണ്ടുതവണ ചോദ്യം ചെയ്യലിന് വിധേയനായതുംഡൽഹിയിൽ കർഷകരുടെയും സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും സമരങ്ങളിൽ പങ്കെടുത്തതും കൽബുർഗി കൊല്ലപ്പെട്ടപ്പോൾ സാഹിത്യ അക്കാദമിയിൽ നിന്നു രാജിവെച്ചതും എല്ലാം പറഞ്ഞുകൊണ്ടാണ് തന്‍റെ പോസ്റ്റ് അദ്ദേഹം അവസാനിപ്പിക്കുന്നത്.
തുടർഭരണം ജനാധിപത്യത്തെ ദുഷിപ്പിക്കും എന്ന അദ്ദേഹത്തിന്‍റെ പ്രസ്താവന പൊതുസമൂഹത്തിൽ വലിയ ചലനം സൃഷ്ടിച്ചിരുന്നു. ഇതിനെതിരെ പാർട്ടി ഹാൻഡിലുകളലിൽ നിന്നും വലിയ വിമർശനമാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. തുടർന്നാണ് താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ടും എന്താണ് പറഞ്ഞതെന്നും വിശദമാക്കിക്കൊണ്ടും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.


