മൂന്ന് കഥകൾ
text_fieldsമകൾ
അതൊരു ഗുഹയായിരുന്നു. മുകളിൽ ഒന്നു രണ്ടു മിന്നാമിനുങ്ങുകൾ പറന്നുനടന്നു. പഴമയുടെ ഗന്ധം പാറകളിൽ തങ്ങിനിന്നു. കാറ്റും മഴയും ഗുഹാമുഖത്ത് തടയപ്പെട്ടു. കലശലായ ഭയത്തോടെയാണ് അവളെല്ലാ ദിവസവുമെഴുന്നേറ്റ് ഗുഹ വൃത്തിയാക്കുന്നത്. ഒരു നീറ്റൽ തൊണ്ടക്കുഴിയിൽനിന്ന് ശരീരമാകെ പടരും. കൈകാലുകൾ വിറക്കും. പതിയെ, അവളുടെ ചിന്തകൾ ഒറ്റപ്പെടലിന്റെ ഗർത്തത്തിലേക്കാഴ്ന്നുപോകും.
‘അവൾ സൂര്യനെ വിളിച്ചുണർത്തിയില്ല കാറ്റിനെ തടഞ്ഞില്ല.’ ഭർത്താവ് തുടർന്നു. ‘ഞാനവളെ പട്ടിണിക്കിട്ടിട്ടുമവൾ ജീവിക്കുന്നു. ‘ഗുഹ കൂടുതൽ ഇടുങ്ങിയതാക്കാം.’ ഒരു ശബ്ദം ഗുഹയിലൂടെ അരിച്ചിറങ്ങി. ആ ശബ്ദമാരുടേതെന്നറിയാൻ അവൾ എത്തിനോക്കി. തന്റെ അച്ഛൻ!
അവൾ ഭയത്തിന്റെ ചങ്ങല ഭേദിച്ച് ആകാശത്തേക്കു പറന്നുയർന്നു. ഒരു കുഞ്ഞ് വെളിച്ചം അവളുടെ വാലിൽ തെളിഞ്ഞു.
ബ്ലീച്ചിങ്
ഭയങ്കരമായ ഒരു ശബ്ദത്തോടെ കാറ്റ് വീശിയടിച്ചു. തെങ്ങുകൾ കടപുഴകുമാറ് ആടിയുലഞ്ഞു. സമുദ്രജലം രൗദ്രഭാവത്തോടെ തീരത്തേക്ക് ആർത്തിരമ്പി വന്നു. പവിഴപ്പുറ്റുകൾ വിറച്ചു.
‘ഇതെന്താ ത്?’ ചെറിയകോയ പള്ളിയിൽനിന്ന് പുറത്തുവന്നു ചോദിച്ചു. ആളുകൾ ഭയത്തോടെ പരസ്പരം നോക്കി. ആർക്കുമൊന്നും പറയാനുണ്ടായിരുന്നില്ല. വിവിധ ജോലികളിലെ താൽക്കാലിക പോസ്റ്റുകളിൽനിന്ന് പിരിച്ചുവിട്ട ഒരുപറ്റം ചെറുപ്പക്കാർ ആൾക്കൂട്ടത്തിനൊപ്പം ചേർന്നു.
‘നമ്മൾ തിരിച്ചടിക്കണം,’ അവർ പറഞ്ഞു.
‘സംസാരിച്ചു നോക്കാം. എല്ലാം ശെരിയാകും.’ ചെറിയ കോയ അവരെ സമാധാനിപ്പിച്ചു.
എല്ലാവരും കൈകോർത്തു. അവരപ്പോൾ മനോഹരമായ പവിഴപ്പുറ്റുകളായി മാറി. ആ സമുദ്രത്തിന്റെ ആഴമറിഞ്ഞപ്പോൾ കടൽ ശാന്തമായി.
ടിൻ സോൾജിയർ
അന്ന് സാധാരണത്തേക്കാൾ കൂടുതൽ പരുന്തുകൾ ഹാർബറിന് മുകളിൽ വട്ടമിട്ടു പറന്നു. ചിലത് ഒന്നു രണ്ട് തവണ താഴ്ന്നു പറന്നെങ്കിലും അവർ കണ്ണിമവെട്ടാതെ കരക്കടിയുന്ന ബോട്ടിലേക്കുതന്നെ നോക്കുന്നുണ്ടായിരുന്നു. വെള്ളത്തിനു മുകളിലെ പാട കുറച്ചു ദിവസങ്ങളായി അവരെ അലട്ടുന്നു. ഈയിടെയായി തിരകൾ വഹിക്കുന്ന സാധനസാമഗ്രഹികളും പരിചയമില്ലാത്തതാണ്.
പൊടുന്നനെ, കടൽത്തീരം മുഖരിതമായി. ഒരൊറ്റ ബിന്ദുവിലേക്കെന്നപോലെ എല്ലാവരുടെയും ശ്രദ്ധ ബോട്ടിലേക്കു തിരിഞ്ഞു. രാവിലെ നടക്കാനിറങ്ങിയവർപോലും ആ ഒച്ചപ്പാടിലേക്ക് കണ്ണയച്ചു. ആളുകൾ കുട്ടകൾ മണ്ണിൽ വെച്ചു ബോട്ട് തിരത്തേക്കു തള്ളിക്കയറ്റി. വലയും കുട്ടകളും മണ്ണിലേക്ക് വെക്കുന്നതിനിടയിൽ മുക്കുവൻ ആ കാഴ്ച കണ്ടു ഒരു മീനിന്റെ വായിൽനിന്ന് പുറത്തേക്കു നീണ്ടുകിടക്കുന്ന മരക്കാൽ. കൗതുകത്തോടെ, അയാൾ ആ മീനിന്റെ വായിൽനിന്നാ മരപ്പാവയെ വലിച്ചു പുറത്തെടുത്തു. ഉടനെ അത് ഒറ്റക്കാലിൽ നിവർന്നുനിന്ന് തന്റെ കടലാസു സുന്ദരിയെ അന്വേഷിക്കാൻ തുടങ്ങി.
‘ഇതേതോ പഴഞ്ചൻ കാമുകനാണ്’, അയാൾ മരപ്പാവയെ വലിച്ചെറിഞ്ഞു. അത് തിരകളിൽപ്പെട്ടു അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ ആടിയുലഞ്ഞു.
തന്റെ കടലാസു സുന്ദരി ഇവിടെ എവിടെയെങ്കിലുമുണ്ടാകും എന്ന് പാവ ആശ്വസിക്കാൻ ശ്രമിച്ചു. കുട്ടയിലെ മീനുകളെ തരം തിരിക്കുന്ന മുക്കുവത്തി ആ പാവയെ കണ്ടു. അവൾ അതിനെ കൈയിലെടുത്തു. പാവ നട്ടെല്ല് നിവർത്തി തലയുയർത്തി നിന്നു. അവൾതന്നെ കടലാസു സുന്ദരിയുടെ അടുത്തെത്തിക്കുമെന്ന് പാവ ആശിച്ചു.
‘മുക്കുവൻ ഇപ്പോളിങ്ങനെ നട്ടെല്ലുയർത്തി നിവർന്നുനിൽക്കുന്നത് തന്നെ അടിക്കാൻ മാത്രമാണ്. എന്തൊരു സാമർഥ്യം’ അവളാ മരപ്പാവയെ സമുദ്രത്തിലേക്കെറിഞ്ഞു അപ്പോൾ, ഒരു പരുന്ത് പറന്നു വന്നു മരപ്പാവയെ കൊത്തിയെടുത്തു. മറ്റു പരുന്തുകൾ അതിനെ അനുഗമിച്ചു. അപ്പോഴും മരപ്പാവ തന്റെ പ്രിയതമയെ തിരഞ്ഞുകൊണ്ടിരുന്നു. അതിന്റെ ഹൃദയം മുക്കുവത്തിയെ തുറിച്ചുനോക്കി.
.