Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightടി.കെ.അലി...

ടി.കെ.അലി പൈങ്ങോട്ടായി; കാലത്തോട് സംവദിക്കുന്ന കലാകാരൻ

text_fields
bookmark_border
ടി.കെ.അലി പൈങ്ങോട്ടായി; കാലത്തോട് സംവദിക്കുന്ന കലാകാരൻ
cancel
camera_alt

ടി.​കെ. അ​ലി പൈ​ങ്ങോ​ട്ടാ​യി

വാക്കുകളെയും മൊഴികളെയും വരികളായി വിരിയിച്ചെടുക്കുന്ന എഴുത്തിന്റെ വസന്തം ജീവിതവ്രതമാക്കിയ കലാകാരനാണ് ടി.കെ. അലി പൈങ്ങോട്ടായി. കവിത, കഥ, മാപ്പിളപ്പാട്ടുകൾ, നാടകങ്ങൾ എന്നിങ്ങനെ വ്യത്യസ്തവും വൈവിധ്യവും നിറഞ്ഞ അക്ഷരലോകംകൊണ്ട് കാലികപ്രസക്തിയുള്ള വിഷയങ്ങളിൽ ഇടപെട്ട ഈ അമൂല്യ കലാകാരൻ ഹ്രസ്വ സന്ദർശനത്തിനായി ബഹ്‌റൈനിലെത്തിയിരിക്കുകയാണ്.

തീക്ഷ്ണമായ എഴുത്തും ചൂരുള്ള വാക്കുകളും

ചെറുപ്രായത്തിൽത്തന്നെ എഴുത്തിന്റെ ലോകത്തേക്ക് കാലെടുത്തുവെച്ച പൈങ്ങോട്ടായി, തന്നേക്കാൾ മുതിർന്നവരുമായി മത്സരിച്ച് വിജയിച്ച ഐതിഹാസിക ഓർമകളോടെയാണ് കലാജീവിതം തുടങ്ങിയത്. അദ്ദേഹത്തിന്റെ വരികളുടെ പ്രത്യേകത അതിന്റെ തീക്ഷ്ണതയും, സാമൂഹിക വിഷയങ്ങളോടുള്ള പ്രതിബദ്ധതയും, നേർക്കാഴ്ചകളുമാണ്.

പിന്നീട് മാപ്പിളപ്പാട്ടിന്റെ ഭാവഭംഗിയിലേക്ക് ഇറങ്ങിച്ചെന്ന അദ്ദേഹം അവിടെയും മൂല്യമുള്ള വരികൾ വിളയിച്ചെടുത്തു. എരഞ്ഞോളി മൂസ, കണ്ണൂർ ശരീഫ്, രഹന, വിധുപ്രതാപ്, സിബല്ല സദാനന്ദൻ, നവാസ് പാലേരി തുടങ്ങി നിരവധി അനശ്വര ഗായകർ അദ്ദേഹത്തിന്റെ വരികൾ പാടി മനോഹരമാക്കിയിട്ടുണ്ട്. സ്വന്തം പാട്ടുകൾ മാത്രമായി അക്കാലത്ത് എട്ടോളം കാസറ്റുകൾ പുറത്തിറക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഇന്നും പുതിയ തലമുറയിലെ ഗായകരിലൂടെ അദ്ദേഹത്തിന്റെ പാട്ടെഴുത്തുകൾ തുടരുന്നു.

നാടകം, കല, ഒരു മരുന്നുപോലെ

നിമിഷനേരംകൊണ്ട് കവിതയും പാട്ടും നാടകവും പൂർത്തിയാക്കുന്ന അവിശ്വസനീയ വൈവിധ്യം ഈ എഴുത്തുകാരനുണ്ട്. എപ്പോഴും എഴുതിക്കൊണ്ടിരിക്കാറില്ലെന്നും, ആവശ്യപ്പെടുന്നതനുസരിച്ച് മനസ്സ് പാകപ്പെടുത്തിയാണ് എഴുതാറെന്നും അദ്ദേഹം പറയുന്നു. "കലയെ ഒരു മരുന്നായാണ് ഞാൻ ഉപയോഗിക്കാറുള്ളത്. ആവശ്യത്തിന് മാത്രമേ ഉപയോഗിക്കൂ, ഉദ്ദേശിക്കുമ്പോൾ മാത്രമാണ് എഴുതാറ്"- അദ്ദേഹം തന്റെ കലാപരമായ സമീപനം വ്യക്തമാക്കുന്നു.

ഇക്കാലത്തിനിടയിൽ ആയിരക്കണക്കിന് പാട്ടുകളും പത്തോളം നാടകങ്ങളും അനവധി തെരുവുനാടകങ്ങളും അദ്ദേഹം രചിച്ചു. പാട്ടുകളേക്കാളേറെ കവിതകൾക്ക് സമൂഹത്തിൽ ഇടപെടാൻ കഴിയുമെന്ന തിരിച്ചറിവോടെ, കവിതാരംഗത്ത് സജീവമായ കാലത്ത് ‘കത്തുന്ന കാഴ്ചകൾ’ എന്ന പേരിൽ കവിതാസമാഹാരം സീഡി രൂപത്തിൽ പുറത്തിറക്കി.

പ്രവാസവും തിരുത്തൽ ശക്തിയായ നാടകങ്ങളും

സാഹചര്യങ്ങളുടെ സമ്മർദം മൂലം ഒരു പതിറ്റാണ്ടുകാലം അദ്ദേഹം പ്രവാസജീവിതം നയിച്ചിട്ടുണ്ട്. 1997 മുതൽ 2005 വരെയും പിന്നീട് രണ്ടുവർഷവും യു.എ.ഇയിൽ താമസിച്ചപ്പോഴും റേഡിയോകൾക്കായി നാടകമെഴുതി അദ്ദേഹം കലയെ മിനുക്കി. പിന്നീട് നാട്ടിൽ തിരിച്ചെത്തി അധ്യാപക ജീവിതം സ്വീകരിച്ചപ്പോഴും കലാകൂട്ടായ്മകളിലും സംഘടനകളിലും സജീവമായി. സമൂഹത്തെ ചിന്തിപ്പിക്കുന്ന ആശയങ്ങൾ പങ്കുവെച്ച നാടകങ്ങളായിരുന്നു അദ്ദേഹത്തിന്റേത്.

അന്ധവിശ്വാസങ്ങൾക്കെതിരെ എഴുതിയ ‘കറുത്ത സൂര്യൻ’, ആദിവാസി സമൂഹത്തിന്റെയും പാടി തൊഴിലാളികളുടെയും കഥ പറഞ്ഞ ‘കോടമഞ്ഞ്’, ഗസ്സയുടെ വേദനകൾ ചൂണ്ടിക്കാട്ടിയ കഥകൾ, ‘ഇരയുടെ ഒസ്യത്ത്’, ‘വടകരയുടെ രക്തസാക്ഷി’ തുടങ്ങിയവയാണ് ജനശ്രദ്ധ നേടിയ നാടകങ്ങൾ.

വിലക്കുകളും നിലപാടുകളും

വ്യാജ സിദ്ധന്മാരെക്കുറിച്ച് എഴുതിയ ‘കറുത്ത സൂര്യൻ’ എന്ന നാടകം കുറ്റ്യാടിയിൽ അരങ്ങേറുന്നതിനിടെ ചില യാഥാസ്ഥിതികരുടെ ഇടപെടൽ മൂലം നിർത്തേണ്ടിവന്ന വേദനിപ്പിക്കുന്ന അനുഭവം അദ്ദേഹം ഓർത്തെടുത്തു. സ്റ്റേജിലേക്ക് കല്ലേറുണ്ടായതും പ്രധാന നടനെ വിലക്കിയതുമെല്ലാം എരിവുള്ള ഓർമകളായി ഇന്നും മനസ്സിലുണ്ട്.

അടുത്തിടെ സിനിമക്കുവേണ്ടി പാട്ടെഴുതാൻ ചിലർ സമീപിച്ചെങ്കിലും ധാർമികതയെ മുൻനിർത്തി അദ്ദേഹം അതു നിരസിച്ചു. തന്റെ വരികളെ ചിത്രീകരിക്കുന്ന രീതി സമൂഹത്തിനു മോശമായ സന്ദേശം നൽകുമെന്ന ആശങ്കയുള്ളതുകൊണ്ടാണ് ആ അവസരം വേണ്ടെന്ന് വെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

തുറന്നുപറച്ചിലിന്റെ പ്രസക്തി

വരികളിലൂടെ ആത്മനിർവൃതി നേടുന്നതിനേക്കാൾ, സമൂഹത്തിന് ആവശ്യമുള്ളത് നൽകുക എന്നതാണ് തന്റെ രീതിയെന്ന് പൈങ്ങോട്ടായി പറയുന്നു. "കൂടുതൽ അലങ്കാരമില്ലാത്ത, പച്ചയായ ജീവിതം കാണിക്കുന്ന രചനകൾക്ക് ഇന്നും പ്രസക്തിയുണ്ട്. ‘വേടൻ’ എന്ന പാട്ടുകാരൻ അതിന് ഉത്തമ ഉദാഹരണമാണ്. തുറന്നുപറച്ചിലുകൾക്ക് സമൂഹത്തിൽ എന്നും പരിഗണനയുണ്ട്, അതു തന്നെയാണ് നമുക്കും അഭികാമ്യം"- അദ്ദേഹം നിലപാട് വ്യക്തമാക്കുന്നു.

നിലവിൽ വയനാട് പിണങ്ങോടുള്ള ഉമ്മുൽ ഖൂറാ ഖുർആൻ സ്റ്റഡി സെന്ററിന്റെ പ്രോജക്ട് ഡയറക്ടറാണ് ടി.കെ. അലി പൈങ്ങോട്ടായി. ആ സ്ഥാപനത്തിന്റെ ആവശ്യങ്ങൾക്കാണ് അദ്ദേഹം ബഹ്‌റൈനിൽ സന്ദർശനത്തിനെത്തിയത്.

63ന്റെ ചെറുപ്പത്തിലും നാടിനും സമൂഹത്തിനുംവേണ്ടി പ്രവർത്തിക്കുന്ന ആ മനസ്സിൽ കല ഇപ്പോഴും പ്രകടമാണ്. എഴുത്തും വരികളും ഇന്നും തുടരുന്നുവെന്നും, സമൂഹത്തോട് പറയാനുള്ളതെല്ലാം എഴുത്തുകളിലൂടെ തന്നെ പറഞ്ഞുകൊണ്ടിരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസത്തോടെ പറയുന്നു.

Show Full Article
TAGS:Bahrain News gulf news 
News Summary - T.K. Ali Paingotayi
Next Story