മോടികൂട്ടിയൊരുങ്ങി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് സെൻട്രൽ ലൈബ്രറി
text_fieldsഉദ്ഘാടനത്തിനൊരുങ്ങിയ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് സെൻട്രൽ ലൈബ്രറി
വള്ളിക്കുന്ന്: ഗ്രാമപഞ്ചായത്ത് സെൻട്രൽ ലൈബ്രറി മോടികൂട്ടി ഉദ്ഘാടനത്തിനൊരുങ്ങി. ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ പ്രവർത്തിക്കുന്ന ലൈബ്രറിയുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തണമെന്നും ആവശ്യമായ പുസ്തകങ്ങൾ വാങ്ങണമെന്നും വായനക്കാർ നിരന്തരമായി ആവശ്യപെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ 12 ലക്ഷം രൂപ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ വകയിരുത്തി. വായനാ മുറി, പുസ്തക ഷെൽഫ് എന്നിവ ഉൾപ്പെടുത്തി അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുകയും വിവിധ വാർഷിക പദ്ധതിയിൽ മൂന്ന് ലക്ഷം രൂപ വകയിരുത്തി 1542 പുസ്തകങ്ങൾ വാങ്ങുകയും ചെയ്തു.
നിലവിൽ 12,077 പുസ്തകങ്ങളാണ് ഗ്രാമപഞ്ചായത്തിന്റെ സെൻട്രൽ ലൈബ്രറിയിൽ ഉള്ളത്. ഗ്രാമപഞ്ചായത്തിൽ നിലവിൽ ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള 11 ല്രൈബറികളാണ് ഉള്ളത്.
ഈ ല്രൈബറികൾക്ക് എട്ട് ദിനപത്രങ്ങളും വീക്കിലികളും മാസികകളും ബുക്ക് ഷെൽഫും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് വിതരണം ചെയ്തു.
ഈ വർഷത്തെ വാർഷിക പദ്ധതിയിൽ ലൈബ്രറികൾ ഡിജിറ്റൽ സൗകര്യം ആക്കാൻ അഗീകൃത ലൈബ്രറികൾക്ക് ലാപ്ടോപ് നൽകുന്ന പദ്ധതിയും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വായനശാലകൾ പോലുള്ള പൊതുഇടങ്ങൾ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കഴിഞ്ഞാൽ സെൻട്രൽ ലൈബ്രറി നാടിനായി സമർപ്പിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ പറഞ്ഞു.