വയലാർ അവാർഡ് ഇ. സന്തോഷ് കുമാറിന്
text_fieldsതിരുവനന്തപുരം: 2025ലെ വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ് ഇ. സന്തോഷ് കുമാറിന്റെ തപോമയിയുടെ അച്ഛൻ എന്ന കൃതിക്ക്. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമിക്കുന്ന ശില്പവും പ്രശസ്‌തി പത്രവുമാണ് അവാർഡ്. ‘മാധ്യമം ആഴ്ചപ്പതിപ്പി’ൽ 2024 മാർച്ച് മുതലാണ് ‘തപോമയിയുടെ അച്ഛൻ’ പ്രസിദ്ധീകരിച്ചത്.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പ്രസിദ്ധീകരിച്ച മലയാളത്തിലെ മൗലിക കൃതികളിൽ നിന്നാണ് അവാർഡിനർഹമായ കൃതി തെരഞ്ഞെടുത്തതെന്ന് വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഥ, കവിത, നോവൽ, വിമർശനം തുടങ്ങി ഏതു ശാഖയിൽപ്പെട്ട കൃതികളും പരിഗണിക്കും.
വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27ന് വൈകിട്ട് 5.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമർപ്പിക്കും. വയലാർ രാമവർമ്മ രചിച്ച ഗാനങ്ങളും കവിതകളും കൃതികളും കോർത്തിണക്കിയുള്ള കവിതാലാപാനം, നൃത്താവിഷ്‌കാരം, ശാസ്ത്രീയ സംഗീതസമർപ്പണം, ഗാനാജ്ഞലി എന്നിവ ഉണ്ടായിരിക്കും.
അവാർഡിന് നിർദേശിക്കപ്പെട്ടത് 293 കൃതികൾ; ചുരുക്കപ്പട്ടികയിൽ മൂന്നെണ്ണം
ഈ വർഷം 19,411 പേരോട് കൃതികളുടെ പേരുകൾ നിർദേശിക്കുവാൻ അപേക്ഷിച്ചിരുന്നു. 378 പേർ നിർദേശിച്ചു. മൊത്തം 293 കൃതികളാണ് നിർദ്ദേശിക്കപ്പെട്ടത്. ഏറ്റവും കൂടുതൽ പോയിൻറുകൾ ലഭിച്ച അഞ്ച് കൃതികൾ തെരഞ്ഞെടുത്ത് 20 പേരുടെ പരിഗണനയ്ക്കായി അയച്ചു. ഇവരുടെ പരിശോധനയിൽ കൃതികൾക്കു ലഭിച്ച മുൻഗണനാക്രമം ഒന്നാം റാങ്കിന് 11 പോയിന്റ്, രണ്ടാം റാങ്കിന് 7 പോയിന്റ്, മൂന്നാം റാങ്കിന് 3 പോയിൻറ് എന്ന ക്രമത്തിൽ വിലയിരുത്തി ഏറ്റവും കൂടുതൽ പോയിൻറുകൾ ലഭിച്ച മൂന്ന് കൃതികൾ ജഡ്‌ജിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് സമർപ്പിച്ചു. ആ മൂന്ന് കൃതികളിൽ നിന്നാണ് അവാർഡിന് അർഹമായ കൃതി തെരഞ്ഞെടുത്തത്.
ടി.ഡി. രാമകൃഷ്ണൻ, ഡോ. എൻ.പി. ഹാഫീസ് മുഹമ്മദ്, എ.എസ്. പ്രിയ എന്നിവരാണ് ജഡ്‌ജിങ് കമ്മിറ്റി അംഗങ്ങൾ. വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡൻറ് പെരുമ്പടവം ശ്രീധരൻ ജഡ്‌ജിങ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ചു. വാർത്താസമ്മേളനത്തിൽ ട്രസ്റ്റ് സെക്രട്ടറി അഡ്വ. ബി. സതീശൻ, ടി.ഡി. രാമകൃഷ്ണൻ, ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ്, പ്രിയ എ.എസ്, ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ, ട്രസ്റ്റ് അംഗങ്ങളായ പ്രഭാവർമ്മ, ശാരദാമുരളീധരൻ, ഗൗരിദാസൻനായർ, ഡോ.വി.രാമൻകുട്ടി, ട്രസ്റ്റ് സെക്രട്ടറി അഡ്വ. ബി. സതീശൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ചെന്നൈ ആശാൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും മലയാളം ഐച്ഛികവിഷയമായെടുത്ത് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി 10-ാം ക്ലാസ്സ് പാസ്സാകുന്ന വിദ്യാർത്ഥിക്ക് വർഷം തോറും 5000/- രൂപയുടെ സ്കോളർഷിപ്പ് വയലാർ രാമവർമ്മയുടെ പേരിൽ വയലാർ ട്രസ്റ്റ് നൽകുന്നുണ്ട്. ആ സ്കോളർഷിപ്പും ചടങ്ങിൽ നൽകും. 2025-ലെ സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷയിൽ 100-ൽ 93 മാർക്ക് നേടിയ ധരൻ വി. അജിയാണ് സ്കോളർഷിപ്പിന് അർഹനായത്.