വി.ടി: കനലടഞ്ഞയിടങ്ങളിൽ കിനാക്കളെത്തിച്ച മനുഷ്യൻ
text_fieldsപാലക്കാട്: ‘കണ്ണീരും കിനാവും’ എന്ന കൃതിയിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ വി.ടി എന്ന വിപ്ലവകാരി കാലയവനികക്കുള്ളിൽ മറഞ്ഞിട്ട് 44 വർഷം പൂർത്തിയാകുന്നു. കൽവിളക്കിലെ പടുതിരി പോലെ കത്തി കെട്ടണഞ്ഞുപോകുമായിരുന്ന നമ്പൂതിരി സ്‌ത്രീകളെ ‘അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്’ കൊണ്ടുവരുകയും അനാചാരങ്ങൾക്കെതിരെ പടവെട്ടുകയും ചെയ്‌ത വി.ടി. ഭട്ടതിരിപ്പാട് ഒരു കാലഘട്ടത്തിന്റെ ഇതിഹാസമാണ്.
അങ്കമാലി കിടങ്ങൂർ കൈപ്പിള്ളി മനയിലാണ് വെള്ളിത്തുരുത്തി താഴത്ത് രാമൻ ഭട്ടതിരിപ്പാട് എന്ന വി.ടി ജനിച്ചത്. അച്‌ഛൻ തുപ്പൻ ഭട്ടതിരിപ്പാട്. അമ്മ ശ്രീദേവി അന്തർജനം. ആറാം വയസ്സിൽ ഉപനയനം. വേദാധ്യയനവും വൈദികവൃത്തിയും ശീലിച്ച് യൗവനാരംഭത്തിൽ ഷൊർണൂരിനടുത്ത് മുണ്ടമുക ശാസ്‌താംകോവിലെ ശാന്തിക്കാരനായി.
പാഠഭാഗത്തിലെ സംശയം ചോദിച്ചെത്തിയ പെൺകുട്ടിക്ക് പറഞ്ഞ് നൽകാൻ തനിക്ക് അക്ഷരം വായിക്കാനറിയില്ലല്ലോയെന്ന തിരിച്ചറിവിലാണ് ആ പെൺകുട്ടിയിൽനിന്ന് അദ്ദേഹം അക്ഷരം അഭ്യസിച്ച് തുടങ്ങിയത്. തിടപ്പള്ളിയിൽ പായസമുണ്ടാക്കാൻ ശർക്കര കൊണ്ടുവന്ന പത്രക്കടലാസിലെ ‘മാൻമാർക്ക് കുടകൾ’ എന്ന പരസ്യവാചകം തപ്പിത്തടഞ്ഞ് വായിച്ചപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ആഹ്ലാദമാണ് അദ്ദേഹത്തിനുണ്ടായത്. ആ തിയ്യാടിപ്പെൺകുട്ടി കൊളുത്തിയ കെടാവിളക്കാണ് തനിക്ക് മാർഗനിർദേശം നൽകിയ മഹാജ്യോതിസ്സെന്ന് വി.ടി സ്‌മരിക്കുന്നുണ്ട്.
1921ൽ അഹമ്മദാബാദിൽ നടന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കാൻ കപ്പൽയാത്ര നടത്തിയെന്ന പേരിൽ വി.ടിയെ സ്‌കൂളിൽനിന്ന് പുറത്താക്കി. തുടർന്ന് മുഴുസമയ കോൺഗ്രസ് പ്രവർത്തകനായി. 1970 ഡിസംബറിൽ പ്രസിദ്ധീകരിച്ച ‘കണ്ണീരും കിനാവും’ എന്ന ആത്മകഥക്ക് 1972ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1976ൽ കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പും ലഭിച്ചു. ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ നാടകം 1929 ഡിസംബറിൽ യോഗക്ഷേമസഭ 22ാം വാർഷികത്തിന് അരങ്ങേറി.
തൃത്താല വിദ്യാവിലാസിനി സംസ്കൃതം സ്കൂളിൽ അധ്യാപകൻ, തൃശൂർ യോഗക്ഷേമം കമ്പനിയിൽ ക്ലർക്ക്, തൃത്താല പി.സി.സി സൊസൈറ്റിയിൽ കലക്‌ഷൻ ഏജന്റ് എന്നീ ജോലികളും ചെയ്തു. ‘അയിത്തോച്ചാടനത്തിന് ഇനി നമുക്ക് അമ്പലങ്ങൾക്ക് തീ കൊളുത്തുക’ എന്ന ലഘുലേഖ പ്രസിദ്ധപ്പെടുത്തിയതിന്റെ പേരിൽ കൊച്ചി മഹാരാജാവിന്റെ അറസ്റ്റ് വാറന്റ് ലഭിച്ചു. 1935ൽ പട്ടാമ്പിക്കടുത്ത് കൊടുമുണ്ടയിൽ 25 ഏക്കർ വിലയ്ക്കെടുത്ത് നമ്പൂതിരി കുടുംബങ്ങളും മറ്റു ജാതിമതസ്ഥരും ഒരുമിച്ചു താമസിച്ച് തൊഴിൽ ചെയ്യുന്ന കൊടുമുണ്ട കോളനി സ്ഥാപിച്ചു.
യാഥാസ്ഥിതികരുടെ ഇടയിൽ ചലനം സൃഷ്ടിക്കാനും ഉറങ്ങിക്കിടന്ന സമുദായത്തെ പിടിച്ചുണർത്താനും 1931ലെ ‘യാചനായാത്ര’കൊണ്ട് വി.ടിക്ക് സാധിച്ചു. ഇക്കാലത്ത് അദ്ദേഹം കോൺഗ്രസ് പ്രസ്ഥാനത്തിൽ അംഗമായിരുന്നു. എന്നാൽ, 1950ൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് കമ്യൂണിസത്തെ കൂട്ടുപിടിച്ചെങ്കിലും അതും തനിക്ക് ചേരുന്നതല്ലെന്ന് മനസ്സിലാക്കി താമസിയാതെ കമ്യൂണിസവും ഉപേക്ഷിച്ചു. 1982 ഫെബ്രുവരി 12 ന് മരിക്കും വരെ അദ്ദേഹം തന്നിലെ വിപ്ലവവീര്യം കാത്തുസുക്ഷിക്കുകയും ചെയ്തു.


