ഇന്ന് ലോക പുസ്തക ദിനം; എഴുത്തിന്റെ ലോകത്ത് നിശബ്ദ പോരാളിയായി മദനി
text_fieldsമുഹിയദ്ദീൻ മദനി
പരപ്പനങ്ങാടി: ഒരേസമയം സംഘാടകനും സമുദായ നേതാവും വാഗ്മിയും ഗ്രന്ഥ രചയിതാവുമാകുക എന്ന അത്യപൂർവ സർഗശേഷിക്കുടമയായ നേതാക്കളിലൊരാളാണ് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ പുളിക്കലകത്ത് മുഹിയദ്ദീൻ മദനി. അക്ഷരങ്ങളെ ആയുധമാക്കി ഇസ്ലാമിന്റെ അടിസ്ഥാന അധ്യാപനങ്ങൾ പുതുതലമുറക്ക് പരിചയപ്പെടുത്തുക എന്ന ധാർമിക പോരാട്ടമാണ് മദനി ഇപ്പോൾ ഏറ്റെടുത്തിട്ടുള്ളത്.
ദൈവിക അസ്തിത്വത്തിന്റെ ഏകത്വത്തെ കുറിച്ചുള്ള വിശ്വാസത്തിന്റെ മർമവും വിശ്വാസിയുടെ ധർമവും വ്യാഖ്യാനിക്കുന്ന പുതിയ ഗ്രന്ഥത്തിന്റെ രചനക്ക് ഈ പുസ്തക ദിനത്തിൽ തുടക്കമാകുകയാണ്. ‘പ്രവാചകന്റെ ഒരു ദിവസത്തെ ജീവിതം’ എന്ന ഗ്രന്ഥമാണ് ആദ്യമായി പുറത്തിറക്കിയത്. മുസ്ലിം പണ്ഡിതലോകം ഭിന്നാഭിപ്രായങ്ങൾക്കതീതമായി ഈ ഗ്രന്ഥത്തെ സ്വീകരിച്ചു. ഈ ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് മൊഴിമാറ്റം അന്താരാഷ്ട്ര പുസ്തക വേദിയിൽ പ്രകാശനം ചെയ്യപ്പെട്ടു.
മദനിയുടെ രണ്ടാമത്തെ ഗ്രന്ഥമായ ‘ഹസ്രത്ത് ആഇഷ’ എന്ന ഗ്രന്ഥം ഇതിനകം പുറത്തിറങ്ങി. മറ്റൊരു ഗ്രന്ഥം ഹജ്ജ്, ഉംറ തീർഥാടന കർമത്തെ കുറിച്ചായിരുന്നു. മറ്റൊരു ചെറിയ കൃതിയാണ് ‘പ്രാർഥനാ പാഠങ്ങൾ’.
ഏക ദൈവ വിശ്വാസ സംഹിതയാണ് മോക്ഷത്തിന്റെ മാർഗമെന്ന സന്ദേശം സമൂഹത്തിന് പകരലാണ് പുസ്തക ദിനത്തിൽ തുടക്കം കുറിക്കുന്ന ഗ്രന്ഥത്തിന്റെ കർത്തവ്യമെന്ന് മദനി പറഞ്ഞു.