ഇന്ന് ലോക പുസ്തകദിനം; കവിത സമാഹാരവുമായി നാലാംക്ലാസുകാരൻ
text_fieldsഫർദീൻ മബ്റൂഖിന്റെ സ്മോൾ വണ്ടേഴ്സ് ഇൻ വേഡ്സ് കവിത സമാഹാരം
ആലുവ: ഇംഗ്ലീഷ് കവിതകൾ രചിച്ച് ശ്രദ്ധേയനാവുകയാണ് നാലാംക്ലാസ് വിദ്യാർഥി ഫർദീൻ മബ്റൂഖ്. ഇതിനകം ഇരുപതോളം കവിതകൾ രചിച്ചിട്ടുണ്ട്. ഫർദീന്റെ ആദ്യ കവിത സമാഹാരമാണ് ‘സ്മോൾ വണ്ടേഴ്സ് ഇൻ വേഡ്സ്. ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവാണ് ഫർദീനെ ഇംഗ്ലീഷ് കവിതകളിലേക്ക് അടുപ്പിച്ചത്. ഏഴ് വയസ്സിൽ ഫർദീന്റെ ആദ്യ കവിത പിറവിയെടുത്തു. പിന്നീടങ്ങോട്ട് കവിതകളുടെ ലോകത്തേക്ക് സഞ്ചരിക്കുകയായിരുന്നു.
അഞ്ചാം വയസ്സിലാണ് ഫർദീനിലെ എഴുത്തുകാരനെ രക്ഷിതാക്കൾ തിരിച്ചറിയുന്നത്. കുട്ടികളുടെ മാഗസിനിൽ വരുന്ന പ്രവർത്തനങ്ങൾ തനിയെ ചിന്തിച്ച് അതിവേഗം വാക്കുകളിലൂടെ വാചകങ്ങൾ രൂപപ്പെടുത്തി ചെയ്യുന്നത് കണ്ടപ്പോൾ പുസ്തകങ്ങൾ വാങ്ങി നൽകി. സ്കൂളിലെ അധ്യാപകരും കൂടുതൽ പ്രോത്സാഹനം നൽകി. ലൈബ്രറി ഫർദീനിലെ എഴുത്തുകാരന് വേണ്ട വിഭവങ്ങൾ നൽകി.
ക്ലാസിലെ ലൈബ്രറിയുടെ ചുമതല ഫർദീനായിരുന്നു. എന്നാൽ, അധ്യാപകരുടെ സ്വാധീനമൊന്നും ഇല്ലാതെ തന്നെ സ്വതസിദ്ധമായ രീതിയിൽ ഫർദീൻ തന്റെ ചില സുഹൃത്തുക്കളെയും വായനക്കാരാക്കി മാറ്റി എന്നും കളികൾക്കിടയിലും കുട്ടികൾ വിംപി കിഡും ഹാരി പോട്ടറുമെല്ലാം താൽപര്യത്തോടെ വായിക്കുന്നത് കാണാമായിരുന്നുവെന്നും ഫർദീന്റെ ക്ലാസ് അധ്യാപകൻ സബീലുസ്സലാം പറയുന്നു.
ലോക പുസ്തകദിനാചരണത്തിന്റെ ഭാഗമായി ചാലക്കൽ ഡോ. അംബേദ്കർ സ്മാരക ലൈബ്രറിയുടെയും ദാറുസ്സലാം സ്കൂളിന്റെയും ആഭിമുഖ്യത്തിൽ ഏപ്രിൽ 23ന് ദാറുസ്സലാം സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ബാലസാഹിത്യകാരനും അധ്യാപകനുമായ ശശിധരൻ കല്ലേരിയാണ് കവിത സമാഹാരം പ്രകാശനം ചെയ്യുന്നത്.
അവതാരിക എഴുതിയത് ബാലസാഹിത്യകാരിയും അവാർഡ് ജേതാവുമായ തസ്മിൻ ഷിഹാബാണ്. ഡോ. അംബേദ്കർ സ്മാരക ലൈബ്രറി ബാലവേദി അംഗവും ചാലക്കൽ ദാറുസ്സലാം സ്കൂൾ വിദ്യാർഥിയുമായ ഫർദീൻ സ്കൂൾ പ്രധാനാധ്യാപകൻ കെ.എ. ഫാരിസിന്റെയും ആദിശങ്കര എൻജിനീയറിങ് കോളജ് അസി. പ്രഫസർ സഫീനയുടെയും മകനാണ്. ഫർസീൻ മുബാറക്, ഫൈഹ മനാൽ എന്നിവർ സഹോദരങ്ങളാണ്.