Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_right‘ഏഴാം ക്ലാസിൽ...

‘ഏഴാം ക്ലാസിൽ സംഭവിച്ചത്’; ‘രണ്ടു മത്സ്യങ്ങൾ’ എന്ന കഥ പിറന്ന വഴിയെ കുറിച്ച് അംബികാസുതൻ മങ്ങാട്

text_fields
bookmark_border
Ambikasuthan Mangad
cancel

ബയോളജി ക്ലാസിനുവേണ്ടി ഞാൻ കാത്തിരിക്കുമായിരുന്നു. ഹൈസ്കൂളിൽ ഞങ്ങളെ നന്നായി ബയോളജി പഠിപ്പിച്ചത് രാധാകൃഷ്ണൻ മാഷായിരുന്നു. ഇടക്കിടെ സിലബസിൽനിന്ന് പുറത്തുചാടി ജന്തു സസ്യ ലോകത്തിലെ വിസ്മയങ്ങൾ മാഷ് ക്ലാസിലേക്ക് കൊണ്ടുവരും. ഒരിക്കൽ മാഷ് പറഞ്ഞത് സൂക്ഷ്മ ജീവി ലോകത്തെക്കുറിച്ചാണ്. നമ്മുടെ ശരീരത്തിനകത്തും പുറത്തുമൊക്കെ കോടിക്കണക്കിന് ബാക്ടീരിയകളും വൈറസുകളും വസിക്കുന്നുണ്ട്. നമ്മുടെ കൈവിരലുകളിലും മുഖത്തുമൊക്കെയുള്ള രോമകൂപങ്ങ​ളിലൊക്കെ അവ തലപൊന്തിച്ചു നിൽപ്പുണ്ട്.

ഈ അറിവ് എന്നെ ആശ്ചര്യഭരിതനാക്കി. ഞാൻ അന്ന് എട്ടിലാണ്. അന്നുരാത്രി കുത്തിയിരുന്ന് ഞാനൊരു കഥ എഴുതി. ഒരു ചെറുപ്പക്കാരന് ഒരു ദിവസം അത്ഭുതകരമായ കാഴ്ചശക്തി കിട്ടുകയാണ്. സൂക്ഷ്മ ജീവികളെയൊക്കെ കാണാം. ആദ്യം സന്തോഷിപ്പിച്ചെങ്കിലും വൈകാതെ അയാളെ ഭയം പിടികൂടി. ഭക്ഷണത്തിലും വെള്ളത്തിലും എന്തിന് തന്റെ ശരീരത്തിലുമാകെ പേടിപ്പിക്കുന്ന രൂപഭാവങ്ങളോടെ നാനാതരം ജീവികൾ!. ജീവിതം തുടരാനാകാതെ അയാൾ ആത്മഹത്യ ചെയ്യുന്നതാണ് ആ കഥ.

‘രണ്ടു മത്സ്യങ്ങൾ’ എന്ന എന്റെ കഥ ഇന്ന് എട്ടാംക്ലാസിലെ കുട്ടികളുടെ പാഠപുസ്തകത്തിലുണ്ട്. നാൽപത് ലക്ഷത്തോളം കുട്ടികൾ ആ കഥ പഠിച്ചുകാണും. വാസ്തവത്തിൽ അന്നത്തെ ബയോളജി ക്ലാസുകൾ കൂടിയല്ലേ എന്നെ പിൽക്കാലത്ത് മത്സ്യങ്ങളുടെയും ആമകളുടെയും മറ്റു പ്രകൃതി കഥകളുടെയും എഴുത്തിലേക്ക് നയിച്ചത്? ആറാംക്ലാസിൽ പഠിക്കുമ്പോൾ എഴുതിയ ‘ജീവിതപ്രശ്നങ്ങൾ’ ആണ് എന്റെ ആദ്യകഥ. അതുവെച്ചു കൂട്ടിയാൽ ഇത് എന്റെ എഴുത്തിന്റെ സുവർണ ജൂബിലി വർഷമാണ്. സത്യത്തിൽ ജീവിതപ്രശ്നങ്ങൾ തന്നെയാണ് ഞാനിപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നത്.

Show Full Article
TAGS:ambikasuthan mangad 
News Summary - Writer Ambikasuthan Mangad about the way the story was born
Next Story