കെ.കെ. ഭാസ്കരൻ; അധികം ചർച്ചയാകാതെ പോയ പ്രതിഭ
text_fieldsപയ്യന്നൂർ: ജയിംസ് ഹാഡ്ലി ചേസിന്റെ നൂറിലധികം കുറ്റാന്വേഷണ കഥകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് ആംഗലേയ കുറ്റാന്വേഷണ സാഹിത്യത്തിന് മലയാളത്തിന്റെ കൈയൊപ്പ് ചാർത്തിയ പ്രതിഭാധനനായിരുന്നു അഹ്മദാബാദിൽ വിടവാങ്ങിയ കെ.കെ. ഭാസ്കരൻ. സ്വാതന്ത്ര്യ സമര സേനാനിയും കവിയുമായ എ.വി. ശ്രീകണ്ഠപൊതുവാളിന്റെ മകനായി പയ്യന്നൂരിലായിരുന്നു ജനനം.
സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ചെന്നൈയിലെ വുഡ്ലാൻഡ് ഹോട്ടലിൽ ടെലിഫോൺ ഓപറേറ്ററായി നിരവധി വർഷങ്ങൾ ജോലി ചെയ്തു. ഇവിടെ നിന്നാണ് എഴുത്ത് തുടങ്ങിയത്. ആദ്യ കവിത പി.വി.കെ. നെടുങ്ങാടി കണ്ണൂരിൽ നിന്ന് പ്രസിദ്ധീകരിച്ച ദേശമിത്ര മാസികയിൽ പ്രസിദ്ധീകരിച്ചു. ചെന്നൈയിൽ ഒമ്പതുവർഷം താമസമാക്കിയതിലൂടെ തീർത്ത സൗഹൃദങ്ങൾ ചെറുതായിരുന്നില്ല.
പ്രേംനസീർ, പ്രേംനവാസ്, വയലാർ രാമവർമ, കുഞ്ചാക്കോ, തിക്കുറിശ്ശി, മുത്തയ്യ എന്നിവരുമായി അടുത്ത സൗഹൃദം സ്ഥാപിക്കാൻ കഴിഞ്ഞു. പിന്നീട് അദ്ദേഹം ഗുജറാത്തിലെത്തി. യാത്രയിൽ കൈയിൽ വന്നുപ്പെട്ട ഇംഗ്ലീഷ് കുറ്റാന്വേഷണ സാഹിത്യത്തിലെ മുടിചൂടാമന്നൻ ജയിംസ് ഹാഡ്ലി ചേസിന്റെ ആദ്യം കിട്ടിയ നോവൽ ജസ്റ്റ് അനദർ സക്കർ പലവുരു വായിച്ചു. അതിന്റെ കഥ കേരളത്തിൽ നടക്കുന്ന സംഭവങ്ങളായി തോന്നിയപ്പോഴാണ് വിവർത്തനത്തെക്കുറിച്ച് ആലോചിച്ചത്.
ഇതാണ് നൂറോളം കൃതികളിലേക്ക് പടർന്നത്. ഗുജറാത്തിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻസിൽ (എൻ.ഐ.ഡി) 1973 ൽ കെ.കെ. ഭാസ്കരൻ ജോലിയിൽ പ്രവേശിച്ചു. തുടർന്നാണ് വിവർത്തന രംഗത്ത് സജീവമായത്. എസ്. ചാന്ദ് ആൻഡ് കമ്പനിക്കു വേണ്ടി ഇംഗ്ലീഷ് മലയാളം നിഘണ്ടു തയാറാക്കുകയും റെൻ ആൻഡ് മാർട്ടിൻ ഹൈസ്കൂൾ ഇംഗ്ലീഷ് ഗ്രാമർ എന്ന ഫാസ്റ്റ് സെല്ലിങ് ബുക്ക് മലയാളത്തിലേക്ക് തർജമ ചെയ്യുകയും ചെയ്തു.
ഇതിനു പുറമേ നാലോളം ഗുജറാത്തി പുസ്തകങ്ങൾ, സാഹിത്യകാരൻ ദിൻകർ ജോഷിയുടെ അർജുനവിഷാദയോഗം, ഹീരാലാൽ ഠാക്കൂറിന്റെ കർമസിദ്ധാന്തം മൃതലായ കൃതികളും ഭാസ്കരൻ രചിച്ചിട്ടുണ്ട്.