2025: കേരളത്തിന്റെ സാംസ്കാരിക നാവ് എന്തെടുക്കുകയായിരുന്നു?
text_fields2025 വിടപറയുകയാണ്. ഇനി 2026, പുതുവർഷം. കഴിഞ്ഞ ഒരു വർഷം നാം എന്തെടുക്കുകയായിരുന്നു. സാഹിത്യ, സാംസ്കാരിക മേഖല പതിവുപോലെ തിളങ്ങിയും മങ്ങിയും അടവുനയം സ്വീകരിച്ചും കടന്നുപോയി. മലയാളത്തിന്റെ എഴുത്തും വായനയും ഇ-വായനയുടെയും കാഴ്ചയുടെയും പുതിയ കാലത്തും സമ്പന്നമാണെന്ന് കണക്കുകൾ പറയുന്നു. വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങൾ, നാടെങ്ങും നടക്കുന്ന ചർച്ചകൾ, പിറവിയെടുക്കുന്ന പുതിയ പുസ്തകങ്ങൾ, പുതിയ എഴുത്തുകാർ എല്ലാം ചില അനക്കങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വായിക്കപ്പെട്ടതിനെ കുറിച്ചല്ല, മറിച്ച് നമ്മുടെ സാംസ്കാരിക ലോകത്ത് നിന്നും കേട്ട ചില ശബ്ദങ്ങളാണിവിടെ അവതരിപ്പിക്കുന്നത്. ഇതിൽപെടാത്തതും ഏറെയുണ്ട്. ലോകം കേൾക്കാൻ ആഗ്രഹിച്ച ചില ശബ്ദങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ചിലത്, കേൾക്കാനിഷ്ടപ്പെടാത്തവയും എല്ലാം ചേരുന്നതാണ് നമ്മുടെ സാംസ്കാരിക ലോകം. അതെ, 2025ൽ കേരളത്തിന്റെ സാംസ്കാരിക നാവ് എന്തെടുക്കുകയായിരുന്നു...
‘മനുഷ്യൻ, ഹാ! എത്ര സുന്ദര പദം’
‘മനുഷ്യൻ, ഹാ! എത്ര സുന്ദരമായ പദം’എന്ന് പണ്ടേക്ക് പണ്ടേ പറഞ്ഞുവെച്ചത് മാക്‌സിം ഗോർക്കിയാണ്. മനുഷ്യത്വവും മാനവികതയും എവിടെ ഉയർത്തിപ്പിടിക്കുന്നുവോ അപ്പോഴൊക്കെ മാക്സിം ഗോർക്കിയെ ഓർത്തില്ലെങ്കിലും ഈ വാക്കുകൾ ഓർമകളിൽ തെളിയും.
കടന്നുപോകുന്ന വർഷം അത്, മലയാളി കേട്ടത്, 98 വയസ്സുള്ള ഡോ. എം. ലീലാവതിയിൽനിന്നാണ്. ജന്മദിനം ആഘോഷിക്കാൻ ചിലർ അഭിപ്രായപ്പെട്ടപ്പോൾ, അവർ, ലോകത്തെ കാണുകയായിരുന്നു. ഗസ്സയിലെ കുഞ്ഞുങ്ങളായിരുന്നു ലീലാവതി ടീച്ചറുടെ മനസ്സിൽ നിറയെ. ‘ഭക്ഷണത്തിനായി പാത്രവും നീട്ടിനില്‍ക്കുന്ന ആ കുഞ്ഞുങ്ങളെ കാണുമ്പോള്‍ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയില്‍ നിന്നിറങ്ങുക’ എന്നായിരുന്നു പിറന്നാള്‍ ആശംസകളുമായി എത്തിയവരോട് ലീലാവതി ടീച്ചർ പറഞ്ഞത്.
ഇതിനുപിന്നാലെ ടീച്ചർക്കുനേരെ ചിലർ സൈബര്‍ ആക്രമണം നടത്തി. അത്തരക്കാരോട് ടീച്ചർ പറയുന്നതിങ്ങനെ; ‘രാജ്യമോ മതമോ നോക്കിയിട്ടല്ല താന്‍ അഭിപ്രായം പറഞ്ഞത്. കൊച്ചുകുട്ടികൾ എവിടെയാണെങ്കിലും വിശന്നിരിക്കുന്നത് കാണുന്നത് എന്നെ വേദനിപ്പിക്കുന്നു. അവരോട് എനിക്ക് കാരുണ്യമുണ്ട്. ഏത് നാടാണെന്നോ ഏത് മതമാണെന്നോ ആലോചിച്ചിട്ടു പോലുമില്ല. കുട്ടികൾ പാത്രവും കാണിച്ചുനിൽക്കുന്ന ചിത്രം മാത്രമേ എന്റെ മനസ്സിലുള്ളൂ... അവരുടെ അച്ഛനമ്മമാരുടെ മതമൊന്നും ഞാൻ ആലോചിച്ചിട്ടില്ല. കുട്ടികൾക്ക് ഉണ്ണാൻ കൊടുക്കാതെ യജ്ഞം ചെയ്തിട്ട് നിങ്ങൾ സ്വർഗത്തിൽ പോകുമോ എന്നാണ് ശ്രീകൃഷ്ണൻ ചോദിച്ചത്. ആ കാരുണ്യംതന്നെയാണ് ലോകത്ത് ഏത് അമ്മക്കുമുള്ളത്. ’98ാം വയസ്സിലും നിലപാടിന്‍റെ മറുപേരായി ലീലാവതി ടീച്ചർ നിൽക്കുേമ്പാൾ, ആ കുഞ്ഞുങ്ങളെ ഓർത്ത് വിശന്നിരിക്കാൻ തീരുമാനിക്കുേമ്പാൾ, അത് നൽകുന്ന സന്ദേശം ചെറുതല്ല.
‘എങ്ങു മനുഷ്യനു ചങ്ങല കൈകളി-
ലങ്ങെൻ കൈയുകൾ നൊന്തിടുകയാ-
ണെങ്ങോ മർദനമവിടെ പ്രഹരം
വീഴുവതെന്റെ പുറത്താകുന്നു...’
എൻ.വി. കൃഷ്ണവാര്യർ ‘ആഫ്രിക്ക’ എന്ന കവിതയിലൂടെ നൽകിയ സന്ദേശമിതാണ്. ആ മലയാള മണ്ണിൽനിന്ന് ലീലാവതി ടീച്ചർക്ക്, ഗസ്സയിലെ കുഞ്ഞുങ്ങളെ കാണാതിരിക്കാനാവില്ലെന്ന് ആരാണ് വിമർശകരോട് പറഞ്ഞുകൊടുക്കുക. ലീലാവതി ടീച്ചർക്കുനേരെ നടന്ന സൈബർ ആക്രമണം കേരളത്തിൽ ചിലർക്ക് അദൃശ്യ ഇസ്രായേൽ രൂപവത്കരിക്കാൻ കഴിഞ്ഞതിന്റെ സൂചനയാണെന്ന് കെ.ഇ.എൻ. കുഞ്ഞഹമ്മദിന് പറയേണ്ടിവന്നു. നാടെമ്പാടും ഗസ്സ കോർണറുകൾ ഉണ്ടാകണം.
ഗസ്സയുടെ പേരിൽ വായനശാലകളും സാംസ്കാരിക കേന്ദ്രങ്ങളും തൊട്ട് പലചരക്ക് കടകൾ വരെ ഉണ്ടാകണം. ഇത് സയണിസ്റ്റുകൾ അറിയുകയും വേണം. അവർ അറിയണമെങ്കിൽ മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലുമെല്ലാമുള്ള പ്രതിരോധങ്ങൾ ഹീബ്രുവിലേക്ക് പരിഭാഷപ്പെടുത്തണമെന്നും കെ.ഇ.എൻ. ലോകത്തെ മനുഷ്യരുടെ കണ്ണുകൊണ്ട്, കാണുകയും കേൾക്കുകയും ചെയ്യുന്നവരാണ് ഈ നാടിന്‍റെ പ്രതീക്ഷ.
സച്ചിദാനന്ദന്റെ ‘നാവുമരം’
അടിയന്തരാവസ്ഥ കാലത്ത് ‘നാവുമരം’ എന്ന കവിതയെഴുതിയ കവിക്ക് സർക്കാറിന്‍റെ ഭാഗമായിരിക്കുേമ്പാഴും പ്രതികരിക്കാതിരിക്കാൻ കഴിയില്ലെന്ന് തെളിയിച്ച കാലംകൂടിയാണ് കടന്നുപോയത്. ആശാവർക്കർമാരുടെ സമരം കണ്ടില്ലെന്ന് നടിക്കാൻ കവി സച്ചിദാനന്ദന് കഴിയുമായിരുന്നില്ല. ഒച്ചവെക്കാതിരുന്നെങ്കിൽ, ആരും അറിയില്ലായിരുന്നു കവി മനസ്സ്. പിന്നെ, സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും അക്ഷരങ്ങളായും ശബ്ദമായും നാടാകെ പരന്നു.
അന്ന് പ്രചരിച്ച സച്ചിദാനന്ദന്‍റെ ഓഡിയോ സന്ദേശത്തിന്‍റെ ചുരുക്കമിങ്ങനെ: ‘ആശ വര്‍ക്കര്‍മാരുടെ സമരം എനിക്ക്, തുടക്കത്തിൽ സംശയമുണ്ടായിരുന്നു. പ്രത്യേകിച്ചും സുരേഷ് ഗോപി ചെന്നപ്പോഴൊക്കെ, അതൊക്കെ ഞാന്‍ ഫേസ്ബുക്കില്‍ എഴുതി. പിന്നെ, കൃത്യമായ വിവരങ്ങള്‍ കിട്ടി. കേന്ദ്ര സര്‍ക്കാറിനെതിരായല്ല സമരം, കേരള സര്‍ക്കാറിനെതിരാണെന്നതില്‍ തെറ്റില്ല. പക്ഷേ, അതേസമയം കേന്ദ്രസര്‍ക്കാറിന്റെ കാര്യംകൂടി അവര്‍ പറയേണ്ടതാണ്. പറഞ്ഞിട്ടില്ലെങ്കില്‍, അത് ഞാന്‍ നേരിട്ടൊന്നും കണ്ടിട്ടില്ല, തീര്‍ച്ചയായും അവര്‍ പറയേണ്ടതാണ്. ഞാന്‍ കണ്ട ഒന്നുരണ്ട് അഭിമുഖങ്ങളില്‍ ആശ വര്‍ക്കര്‍മാര്‍ ഇക്കാര്യം പറയുന്നുമുണ്ട് -കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ഉത്തരവാദിത്തമാണെന്നുള്ളത്. ആശ വര്‍ക്കര്‍മാരുടെ സേവനം തുടങ്ങിയത് ഒരുതരം അസിസ്റ്റന്‍സ് പോലെയൊക്കെയാണ്.
പിന്നീട് അവര്‍ക്ക് ഒരുപാട് ചുമതലകള്‍, ജോലികള്‍ കൂട്ടിയിട്ടുണ്ട്. അതിനനുസരിച്ചുള്ള വേതനവര്‍ധന, അത് ആരു ചോദിച്ചാലും, എസ്.യു.സി.ഐ ആവട്ടെ, കോണ്‍ഗ്രസ് ആവട്ടെ മറ്റ് പാര്‍ട്ടികളോ യൂനിയനുകളോ ആവട്ടെ, ആര് ചോദിച്ചാലും അതിലൊരു നീതിയുണ്ട്. അതുകൊണ്ട് അവര്‍ക്ക് അവകാശപ്പെട്ടത് കൊടുക്കുക എന്നുള്ളത് തൊഴിലാളികളുടെ കൂടെനില്‍ക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരു പാര്‍ട്ടിയുടെ, സര്‍ക്കാറിന്റെ ചുമതലയാണ്. ശമ്പളംവെച്ചുനോക്കുകയാണെങ്കില്‍ ഇന്നത്തെ കേരളത്തിന്റെ സാമൂഹികാവസ്ഥയും സാമ്പത്തികാവസ്ഥയും വെച്ച്, വളരെ താഴ്ന്നതലത്തിലുള്ള മനുഷ്യരാണ്. അതുകൊണ്ട് അവരെ സഹായിക്കുക, അവരെ കേള്‍ക്കുക, ചുരുങ്ങിയത് അവരെ തെറിപറയാതിരിക്കുക. പാര്‍ട്ടി എന്ന് പറഞ്ഞ് പാര്‍ട്ടിയുടെ അടിമയാവേണ്ട കാര്യമില്ല. പാര്‍ട്ടിക്കും മീതെയാണ് വ്യക്തികള്‍. അവര്‍ക്ക് സ്വന്തമായി ചിന്താശക്തിയുണ്ട്.
ആശാവര്‍ക്കര്‍മാരുടെ സമരത്തോട് സമ്പൂർണമായ അനുഭാവമാണ് എനിക്കുണ്ടായിരുന്നത്, ഇപ്പോഴുമുള്ളത്. അതില്‍ യാതൊരു മാറ്റവുമില്ല. ഇതുപറഞ്ഞതുകൊണ്ട് സാഹിത്യ അക്കാദമി പ്രസിഡന്റായി തുടരുന്നില്ലെങ്കില്‍ എനിക്ക് വളരെ സന്തോഷമേയുള്ളൂ. എനിക്ക് ഒട്ടും താൽപര്യമില്ലാതെ, നിര്‍ബന്ധിച്ച് എന്നെക്കൊണ്ട് ഏറ്റെടുപ്പിച്ചൊരുകാര്യമാണ്. ഏത് നിമിഷവും പോവാന്‍ തയാറായാണ് ആദ്യത്തെ ദിവസംതൊട്ട് ഞാന്‍ വന്നത്. ആദ്യത്തെ ദിവസംതന്നെ ഞാന്‍ ചെയ്തകാര്യം എല്ലാവര്‍ക്കും അറിയാം. അത് സര്‍ക്കാറിന് അനുകൂലമല്ലാത്തൊരു കാര്യമായിരുന്നു. ഞാന്‍ സത്യത്തിന്റെയും നീതിയുടെയും കൂടെ നില്‍ക്കും, അങ്ങനെ നിന്നിട്ടുണ്ട്, അങ്ങനെ മാത്രമേ നിന്നിട്ടുള്ളൂ. വ്യക്തിജീവിതത്തിലും ഞാന്‍ ആ ശുദ്ധി പാലിച്ചിട്ടുണ്ട്.’
‘ഞാൻ, മലയാളത്തിന്റെ പ്രിയ കവിയല്ല’
2025ന്‍റെ തുടക്കത്തിലാണ് ബാലചന്ദ്രൻ ചുള്ളിക്കാട് തന്‍റെ സുഹൃത്തുക്കൾക്ക് ഒരു കുറിപ്പെഴുതുന്നത്. ‘ഒരു അപേക്ഷ’ എന്ന തലക്കെട്ടോടുകൂടിയാണത് എഴുതിയിരുന്നത്. കുറിപ്പിങ്ങനെ: ‘പ്ലസ് വണ്‍ മലയാളം പരീക്ഷയുടെ പേപ്പര്‍ നോക്കുകയാണ്.
‘സന്ദര്‍ശനം’ പാഠപുസ്തകത്തില്‍ ചേര്‍ത്തതിലും വലിയൊരു ശിക്ഷ കവിക്ക് ഇനി കിട്ടാനില്ല കഷ്ടം തന്നെ!’ എന്റെ കൂട്ടുകാരിയായ ഒരു മലയാളം അധ്യാപിക ഇന്നലെ എനിക്കയച്ച സന്ദേശമാണിത്. ഇക്കാര്യം അക്ഷരംപ്രതി ശരിയാണ് എന്ന് എനിക്ക് ഉത്തമബോധ്യമുണ്ട്. അതുകൊണ്ടാണ് എന്റെ കവിത സ്‌കൂളുകളുടെയും സര്‍വകലാശാലകളുടെയും സിലബസില്‍നിന്നും ഒഴിവാക്കണമെന്നും അക്കാദമിക് ആവശ്യങ്ങള്‍ക്കുവേണ്ടി എന്റെ കവിത ദുരുപയോഗം ചെയ്യരുതെന്നും ഞാന്‍ പണ്ട് ഒരിക്കല്‍ അധികൃതരോട് അപേക്ഷിച്ചത്. സിലബസ് കമ്മിറ്റിയുടെ ഔദാര്യമുണ്ടെങ്കിലേ കവിക്കും കവിതക്കും നിലനിൽപുള്ളൂ എങ്കില്‍ ആ നിലനില്‍പ് എനിക്കാവശ്യമില്ല. ഞാന്‍ എല്ലാവരുടെയും കവിയല്ല.
ചില സുകുമാരബുദ്ധികള്‍ പറയുംപോലെ ‘മലയാളത്തിന്റെ പ്രിയകവി’യും അല്ല. മലയാള കവിതയുടെ ചരിത്രത്തില്‍ എനിക്ക് യാതൊരു കാര്യവുമില്ല. എന്റെ സമാനഹൃദയരായ കുറച്ചു വായനക്കാരുടെ മാത്രം കവിയാണ് ഞാന്‍. അവര്‍ക്കു വായിക്കാനാണ് ഞാന്‍ കവിതയെഴുതുന്നത്. സദസ്സിനു മുന്നില്‍ ചൊല്ലിയാലും മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചാലും അതൊരു ഏകാന്തമായ സ്മൃതിവിനിമയമാണ്. അല്ലാതെ കലാസ്‌നേഹികളായ നാട്ടുകാര്‍ക്കു മുഴുവന്‍ വായിച്ചു രസിക്കാനോ വിദ്യാര്‍ഥി സമൂഹത്തിനു പഠിക്കാനോ അധ്യാപകസമൂഹത്തിനു പഠിപ്പിക്കാനോ ഗവേഷകര്‍ക്കു ഗവേഷണം നടത്താനോ വേണ്ടിയല്ല ഞാന്‍ കവിത എഴുതുന്നത്. ആവശ്യമുള്ളവര്‍ മാത്രം വായിക്കേണ്ടതാണ് എന്റെ കവിത. ആര്‍ക്കും ആവശ്യമില്ലെങ്കില്‍ ഞാനും എന്റെ കവിതയും വിസ്മൃതമാവുകയാണ് വേണ്ടത്. അല്ലാതെ എന്റെ കവിത ആവശ്യമില്ലാത്ത വിദ്യാര്‍ഥിസമൂഹത്തിന്റെ മേല്‍ അത് അടിച്ചേൽപിക്കരുതെന്ന് എല്ലാ സിലബസ് കമ്മിറ്റിക്കാരോടും ഒരിക്കല്‍ക്കൂടി ഞാന്‍ അപേക്ഷിക്കുന്നു. ദയവായി എന്റെ കവിത പാഠ്യപദ്ധതിയില്‍നിന്നും ഒഴിവാക്കണം.
ഈ അപേക്ഷ ഇതോടൊപ്പം എല്ലാ സര്‍വകലാശാലകള്‍ക്കും വിദ്യാഭ്യാസ വകുപ്പിനും അയക്കുന്നു.’ ഈ രീതിയിൽ ഒരു കവി സ്വയം വിമർശനബുദ്ധ്യാ കാണുന്ന അപൂർവതയാണ് ചുള്ളിക്കാടിനെ വ്യത്യസ്തനാക്കുന്നത്.
വിധേയനെതേടുന്ന അടൂർ
സിനിമ കോണ്‍ക്ലേവിലെ അടൂർ ഗോപാലകൃഷ്ണന്‍റെ വിവാദ പരാമര്‍ശം ചൂട് പിടിച്ച ചർച്ചയായി. പട്ടികജാതി വിഭാഗക്കാര്‍ക്ക് സിനിമയെടുക്കാന്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നതിനെതിരെയാണ് അടൂര്‍ ഗോപാലകൃഷ്ണൻ വിമര്‍ശനം ഉന്നയിച്ചത്. വെറുതെ പണം നല്‍കരുതെന്നും പട്ടിക ജാതിക്കാര്‍ക്ക് സിനിമയെടുക്കാന്‍ തീവ്ര പരിശീലനം നല്‍കണമെന്നും അടൂര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് സിനിമയെടുക്കാന്‍ ഫണ്ട് നല്‍കുന്നതിനെയും അടൂർ വിമർശിച്ചു. ഉടൻ കിട്ടി മറുപടി. പ്രസംഗത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് വേദിയിലും സദസ്സില്‍നിന്നും ഉയര്‍ന്നത്.
സംവിധായകന്‍ ഡോ. ബിജുവിനെ ചൂണ്ടിക്കാണിച്ച് സദസ്സ് മറുപടി നല്‍കി. ഗായിക പുഷ്പവതി അടൂരിനെ പ്രസംഗത്തിനിടെ തന്നെ ചോദ്യം ചെയ്തു. സിനിമയെടുത്താണ് പഠിക്കുന്നതെന്നാണ് പുഷ്പവതി പറഞ്ഞത്. പുഷ്പവതിക്കെതിരെയും അടൂർ സംസാരിച്ചു. ‘ഒരാള്‍ വേദിയില്‍നിന്ന് സംസാരിക്കുമ്പോള്‍ അത് തടസ്സപ്പെടുത്തുന്നത് എങ്ങനെയാണ്? ഞാന്‍ വരത്തനൊന്നുമല്ല, 60 വര്‍ഷമായി ഈ ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ചെയ്യുന്നയാളാണ്. എന്നെ സംസാരിക്കാന്‍ സമ്മതിക്കാതെ ഉച്ചത്തില്‍ വിളിക്കുകയാണ്. ആരാണ് അവള്‍? അവര്‍ക്ക് പബ്ലിസിറ്റി കിട്ടി. അതാണ് ഉദ്ദേശ്യം. അത് വ്യക്തമാണ്. എനിക്ക് അവരെ അറിയില്ല. ഫിലിം കോണ്‍ക്ലേവില്‍ വരാന്‍ അവര്‍ക്ക് യാതൊരു അവകാശവുമില്ലെന്നും അടൂര്‍. വേണ്ടത് വേണ്ടപ്പോള്‍ തോന്നിയില്ലെങ്കില്‍ വേദനിക്കേണ്ടിവരുമെന്നാണ് തന്റെ പ്രതികരണത്തെക്കുറിച്ച് പുഷ്പവതി പറഞ്ഞത്. ശ്രീകുമാരന്‍ തമ്പിയും അടൂരിന് മറുപടി നല്‍കി. താന്‍ സിനിമ പഠിച്ചത് സിനിമയെടുത്താണെന്ന് ശ്രീകുമാരന്‍ തമ്പി.
എന്നും ഇടതുപക്ഷം
ഇടതുപക്ഷത്തോടുള്ള വിയോജിപ്പുകള്‍ ആത്മ പരിശോധനയെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍. ഫേസ്ബുക്കിലും അദ്ദേഹമിങ്ങനെ പ്രതികരിച്ചു. ഇടതുപക്ഷം വിട്ട് താന്‍ എങ്ങും പോകില്ല. ആരും അങ്ങനെ മോഹിക്കേണ്ടെന്നും മുകുന്ദൻ. കുറിപ്പിങ്ങനെ: ‘ഞാന്‍ ഇടതുപക്ഷത്തെ ഭയപ്പെടുന്നു എന്ന് പറഞ്ഞാല്‍ അതിന്റെ അർഥം ഞാന്‍ എന്നെതന്നെ ഭയപ്പെടുന്നു എന്നാണ്. കാരണം ഓർമവെച്ച നാള്‍ തുടങ്ങി ഞാനൊരു ഇടതുപക്ഷക്കാരനാണ്. ചിലപ്പോള്‍ ചില വിയോജിപ്പുകള്‍ പ്രകടിപ്പിക്കും. അത് ആത്മപരിശോധനയാണ്. ഇടതുപക്ഷം വിട്ട് ഞാന്‍ എങ്ങും പോകില്ല. ആരും അങ്ങനെ മോഹിക്കേണ്ട.’
തമ്പിക്ക് ‘അമ്മ’യോട് പറയാനുള്ളത്
താരസംഘടനയായ ‘അമ്മ’യിലെ പുതിയ ഭാരവാഹികളെ അഭിനന്ദിച്ച് ശ്രീകുമാരൻ തമ്പി. തമ്പിയുടെ വാക്കുകളിങ്ങനെ: ‘അമ്മ’യുടെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട വനിതാ രത്നങ്ങളെയും ഒപ്പമുള്ള നടന്മാരെയും അഭിനന്ദിക്കുന്നു. ശ്വേത മേനോനും കുക്കു പരമേശ്വരനും ജോയ് മാത്യുവും ഉണ്ണി ശിവപാലും മറ്റും അടങ്ങുന്ന ഈ പുതിയ ഭരണസമിതിക്ക് എന്റെ അഭിവാദ്യങ്ങൾ! തീർച്ചയായും ഇതൊരു നല്ല തുടക്കമാണ്. ദീർഘകാലമായി പുരുഷാധിപത്യം പുലരുന്ന ഇടം എന്ന് പഴികേട്ട ആ സംഘടനയുടെ അധികാരക്കസേരകളിൽ ഇരിക്കാൻ സ്ത്രീകൾക്ക് അവസരം ലഭിച്ചത് നിസ്സാര കാര്യമല്ല. അതേസമയം ‘അമ്മ ചരിത്രം മാറ്റിയെഴുതി’ എന്നൊക്കെ അഭിപ്രായപ്പെടുന്നവരുടെ കൂട്ടത്തിൽ ഞാനില്ല. കാരണം, രാജിവെച്ച മോഹൻലാൽ അടക്കമുള്ളവരുടെ അനുഗ്രഹാശിസ്സുകളോടെ വന്നവരാണ് ഈ നടിമാർ എന്നപരമാർഥം എല്ലാവർക്കും അറിയാം. അതുകൊണ്ടുതന്നെ ‘കുപ്പി പുതിയത്; പക്ഷേ വീഞ്ഞ് പഴയതുതന്നെ’ എന്നു മറ്റുള്ളവർ പറയാൻ ഇടവരാതിരിക്കട്ടെ. ചരിത്രം മാറ്റിയെഴുതണമെങ്കിൽ ഷൂട്ടിങ് സ്ഥലത്ത് സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ പേരിലും സ്വാഭിമാനത്തിന്റെ പേരിലും അമ്മ വിട്ടുപോയ അനുഗൃഹീത നടികളായ രേവതി, പാർവതി തിരുവോത്ത്, പദ്‌മപ്രിയ, ഭാവന, റിമ കല്ലിങ്കൽ തുടങ്ങിയവരെ സംഘടനയിൽ തിരിച്ചുകൊണ്ടുവരുകയും അവർ ഉയർത്തിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും വേണം’.
‘പി.എം.ശ്രീ കുട്ടികൾ’
പി.എം.ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച സംസ്ഥാന സർക്കാർ നടപടിയെ പരിഹസിച്ച എഴുത്തുകാരി സാറാ ജോസഫിന്‍റെ വാക്കുകൾ ഏറെ ചർച്ചയായി.
‘കാലം കാത്തിരിക്കുകയാണ്, കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പി.എം.ശ്രീ കുട്ടികൾക്കായി’ എന്നായിരുന്നു പ്രതികരണം. നടിയെ ആക്രമിച്ച കേസിലെ കോടതിവിധി വന്നതിനു പിന്നാലെ സാറാ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ: ‘ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാൻ. വർഷങ്ങളോളം വലിച്ചുനീട്ടിയത് പിന്നെന്തിനാണെന്നാണ് വിചാരം.
തകർന്നുവീഴുന്നതിനു പകരം നിവർന്നുനിന്ന് വിളിച്ചുപറഞ്ഞ് ആ പെൺകുട്ടി അവന്റെ മോന്തക്ക് ചവിട്ടിയ നിമിഷമുണ്ടല്ലോ, ഹെലോ... ആ നിമിഷം ജയിച്ചതാണവൾ. പിന്നീടൊരിക്കലും മങ്ങിയിട്ടില്ല അവളുടെ മുഖം. സത്യത്തിന്റെ ജ്വലനമാണത്. ഇരുണ്ടും ഇളിഞ്ഞും ഇക്കണ്ടകാലം നമുക്കിടയിൽ നടന്നവന്റെ മുഖം ഹണി വർഗീസിന്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ല. അവൾക്കൊപ്പം. കോടതിവിധി തള്ളിക്കളയുന്നു.’
കേരളത്തിലെ സാംസ്കാരിക നായകർ പലപ്പോഴും മൗനംപാലിക്കുന്നുവെന്ന വിമർശനം ശക്തമാണ്. എന്നാൽ, അവർ ഒച്ചവെക്കാറുണ്ട്. പക്ഷേ, വേറിട്ട് കേട്ടുവോയെന്ന ചോദ്യം പ്രസക്തമാണ്. 2026ൽ എന്നല്ല, വരുംകാലത്ത് അനീതിക്കെതിരെ, മനുഷ്യപക്ഷത്ത് നിന്നുകൊണ്ട് എങ്ങും പ്രതിഷേധത്തിന്റെ ശബ്ദമുയരട്ടെ. അത്തരം ശബ്ദത്തിനായി കാതോർത്തുകൊണ്ട്...


