‘പാട്ടും ചുവടും’; ചരിത്ര ഡോക്യൂമെന്ററിയുടെ പ്രകാശനം
text_fieldsകൊണ്ടോട്ടി: മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി മാപ്പിള കലകളുടെ പഠനാർത്ഥം അക്കാദമിയുടെ പഠന സിലബസിന്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കി പുറത്തിറക്കിയ ചരിത്ര ഡോക്യൂമെന്ററിയുടെ പ്രകാശനം വൈദ്യർ മഹോത്സവത്തിന്റെ സമാപന ചടങ്ങിൽ വെച്ച് മന്ത്രി പി. എ. മുഹമ്മദ് റിയാസ് മുൻ മന്ത്രി ടി. കെ. ഹംസക്ക് കൈമാറിക്കൊണ്ട് നിർവഹിച്ചു.
ടി. വി. ഇബ്രാഹിം എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഇ. ടി. മുഹമ്മദ് ബഷീർ. എം. പി, മാപ്പിള കലാ അക്കാദമി ചെയർമാൻ ഹുസൈൻ രണ്ടത്താണി, ഡോക്യൂമെന്ററി സംവിധായകൻ ജിംസിത്ത് അമ്പലപ്പാട്, ജില്ല പഞ്ചായത്ത് അംഗം സുഭദ്ര ശിവദാസൻ,സംസ്ഥാന ലൈബ്രറികൗൺസിൽ അംഗം എൻ പ്രമോദ് ദാസ്,തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറ നന്ദി അറിയിച്ചു.
മാപ്പിള കലകളുടെ സംസ്ക്കാരം, ചരിത്രം, അവതരണശൈലി (കോൽക്കളി, മാപ്പിളപ്പാട്ട് ) തുടങ്ങിയവയെക്കുറിച്ചെല്ലാം വിശദമായ പഠനത്തിലൂടെയും, ഗവേഷണത്തിലൂടെയുമാണ് ‘പാട്ടും ചുവടും’ എന്ന ഈ ഡോക്യൂമെന്ററി പൂർത്തീകരിച്ചിരിക്കുന്നത് എന്ന് ഡോക്യൂമെന്ററി സംവിധായകൻ ജിംസിത്ത് അമ്പലപ്പാടും,അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറയും അറിയിച്ചു. മാപ്പിള കലകളെ കുറിച്ചുള്ള അവബോധം വിദ്യാർത്ഥികൾക്ക് പകർന്നു നൽകുക എന്നതാണ് ഈ ഡോക്യൂമെന്ററിയിലൂടെ ഉദ്ദേശിക്കുന്നത് എന്നും അക്കാദമി ഭാരവാഹികൾ അറിയിച്ചു.