ജി.പിയുടെ ഓണം ഇത്തിരി കളറാണ്
text_fieldsനടനായും അവതാരകനായും എന്നും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ പ്രിയതാരമാണ് ജി.പി എന്ന് ആരാധകർ വിളിക്കുന്ന ഗോവിന്ദ് പത്മസൂര്യ. റിയാലിറ്റി ഷോകളിൽ അവതാരകനായെത്തി നിരവധി പരസ്യങ്ങളിലും താരം ശ്രദ്ധേയനായി. അധികം വൈകാതെ സിനിമയിലുമെത്തി. നായകനായും വില്ലനായുമെല്ലാം തിളങ്ങി. ഇടക്ക് മലയാള സിനിമകളില്‍നിന്ന് അപ്രത്യക്ഷനായ താരം തമിഴിലും തെലുങ്കിലും സജീവമായി. ഇപ്പോൾ വീണ്ടും മലയാളത്തിൽ പുത്തൻ സിനിമകളുമായി എത്തുകയാണ് താരം. മനസ്സിൽ എന്നും മലയാളത്തനിമ കാത്തുസൂക്ഷിക്കുന്ന ഗോവിന്ദ് പത്മസൂര്യക്ക് ഓണം സ്നേഹ സൗഹൃദങ്ങളുടെ പൂക്കാലംകൂടിയാണ്. മറക്കാനാവാത്ത ഓണം ഓർമകൾ ജി.പി പങ്കുവെക്കുന്നു...
പെരുമണ്ണൂരിലെ ഓണം
പാലക്കാട് ജില്ലയിലെ പെരുമണ്ണൂരായിരുന്നു അമ്മയുടെ തറവാട്. എട്ടു മക്കളാണ് അമ്മമ്മക്ക്. അതിനാൽ കൂടുമ്പോൾ ഒരു കൂട്ടുകുടുംബം. ഓണാവധിയാകുന്നതോടെ നോർത്ത് ഇന്ത്യയിലും പുറത്തുമെല്ലാമുള്ള കസിൻസും അടുത്ത ബന്ധുക്കളുമെല്ലാം തറവാട്ടുവീട്ടിലെത്തും. പാരമ്പര്യരീതിയിൽ പത്തുദിവസം പൂക്കളമെല്ലാം ഒരുക്കിയാണ് തറവാട്ടിൽ ഓണം ആഘോഷിക്കുക. ഓരോ ദിവസവും ഓരോ കളമെന്ന ചിട്ടവട്ടങ്ങളെല്ലാം നോക്കിയായിരുന്നു പൂക്കളമിടൽ. അവസാനദിവസം തൃക്കാക്കരയപ്പനെ വെക്കുക, തിരുവാതിരക്കളി തുടങ്ങിയവയെല്ലാം അവിടത്തെ ഓണാഘോഷത്തിന്റെ ഭാഗമായിരുന്നു.
മുതിർന്ന ചേച്ചിമാർക്കും ചേട്ടൻമാർക്കുമൊപ്പം ഓണപ്പൂക്കൾ ഇറുക്കാൻ പോയിരുന്ന ഒരുകാലമുണ്ടായിരുന്നു. അതിരാവിലെ എഴുന്നേറ്റ് പൂവ് പറിക്കാനും പൂക്കളമിടാനും തുടങ്ങും. പൂക്കളമിടലിൽ നാടൻ പൂവുകളെല്ലാം ഉപയോഗിക്കണമെന്ന നിർബന്ധമുണ്ടായിരുന്നു. അതിൽ പ്രധാനമായിരുന്നു തുമ്പയും മുക്കുറ്റിയുമെല്ലാം. പത്തുവയസ്സുവരെ മുക്കുറ്റി പറിക്കലായിരുന്നു എന്റെ ചുമതല. കുമ്പിട്ടിരുന്ന് മുക്കുറ്റി പറിച്ചെടുക്കൽ ചേച്ചിമാർക്ക് പ്രയാസമായതിനാൽ ആ ജോലി കുട്ടികളെ ഏൽപിക്കും. ഒരിക്കലും പറിച്ചാൽ തീരില്ലെന്നുമാത്രമല്ല, പൂക്കളത്തിലിടുമ്പോൾ അതിന്റെ സാന്നിധ്യംപോലും കാണാനാകില്ല. പൂക്കളത്തിലെ ഏറ്റവും ഭംഗിയുള്ള പൂവ് മുക്കുറ്റിയാണെന്നും മഞ്ഞ മുക്കുറ്റി പൂവിന്റെ ഭംഗി വേറെയൊന്നിനും ഇല്ലെന്നും അവർ പറയും. രാവിലെ എഴുന്നേറ്റാൽ ഒരുമണിക്കൂറിലധികം നേരം മുക്കുറ്റി പറിച്ചെടുക്കും. അൽപം മുതിർന്നതോടെ പട്ടാമ്പിയിലെ വീട്ടിലായി ഓണാഘോഷം. തറവാട്ടിലെപോലെ വലിയ ആഘോഷങ്ങളൊന്നും ഉണ്ടാകില്ലെങ്കിലും അമ്മ അതിന്റെ ഭംഗിയിൽ ഓണം മനോഹരമാക്കും. അച്ഛന്റെ ബന്ധുക്കൾ വീട്ടിലേക്ക് വരും, ഓണക്കോടിയെടുക്കും. കുട്ടിക്കാലത്ത് അതിന്റെ തനിമയിൽതന്നെ ഓണം ആഘോഷിച്ചിരുന്നുവെന്ന് പറയാം.
മറുനാട്ടിലെ ഓണത്തനിമ
മംഗളൂരുവിലെ സെന്റ് അലോഷ്യസ് കോളജിലായിരുന്നു ഡിഗ്രി പഠനം. ഓണം ഗംഭീരമായി ആഘോഷിക്കുന്നത് കേരളത്തിന് പുറത്തുള്ള മലയാളികളാണല്ലോ. മലയാളി അസോസിയേഷനുകളുടെ ഓണാഘോഷമുണ്ടാകും. കോളജിൽ മലയാളികളായവർക്ക് ആഘോഷിക്കാനും തിളങ്ങാനും കഴിയുന്ന ഒരേയൊരു അവസരംകൂടിയായിരുന്നു ഓണം. കോളജിൽ 25 ശതമാനത്തോളമാണ് മലയാളികൾ. അവരുടെ മുന്നിൽ ഓണത്തിന്റെ പകിട്ട് കാണിക്കാനുള്ള തിരക്കാകും എല്ലാവരും. രാവിലെ എട്ടുമണിവരെ കിടന്നുറങ്ങുന്നവർപോലും അഞ്ചുമണിക്ക് പൂക്കളമൊരുക്കാനും മറ്റും കോളജിലെത്തും. സദ്യയും കലാപരിപാടികളുമായി ദിവസങ്ങളോളം നീണ്ട ആഘോഷം.
വെള്ളിത്തിരയിലെ ആഘോഷങ്ങൾ
വീട്ടിലെയും കോളജിലെയുമെല്ലാം ഓണാഘോഷങ്ങൾക്കു ശേഷം ഏറെ ആഘോഷമായി ഓണം കൊണ്ടാടിയത് ടെലിവിഷൻ റിയാലിറ്റി ഷോയുടെ സെറ്റുകളിലായിരുന്നു. സിനിമകളിൽ സജീവമാകാൻതുടങ്ങിയപ്പോൾ സിനിമ സെറ്റുകളിലേക്ക് ഓണാഘോഷം മാറി. കഴിഞ്ഞവർഷം ഓണം ആഘോഷിച്ചത് പകുതി തെലുങ്കിലും പകുതി മലയാളത്തിലുമായിരുന്നു. ബംഗാ രാജു എന്ന സിനിമയുടെ സെറ്റിലായിരുന്നു ഓണം.
എല്ലാ വർഷത്തെയുംപോലെ ഇത്തവണത്തെയും ഓണം സ്പെഷൽ ആയിരിക്കും. ഓണത്തിന്റെ തുടക്കത്തിൽ സിനിമ സെറ്റിലായിരിക്കുമെങ്കിലും തിരുവോണത്തിന് വീട്ടിലെത്തി ഓണം ആഘോഷിക്കാൻ ശ്രമിക്കും. എല്ലാ ഓണത്തിനും അതുമാത്രമാണ് നിർബന്ധമുള്ള ത്. ഓണത്തിന് എന്റെ ചിത്രങ്ങൾ റിലീസിനില്ല. എന്നാൽ, ഓണത്തിന് ശേഷം ‘മനോരാജ്യം’ ഉൾപ്പെടെയുള്ള ചിത്രങ്ങൾ പ്രദർശനത്തിനെത്തും.
മുക്കുറ്റിപ്പൂവിൽനിന്ന് സോഷ്യൽ മീഡിയയിലേക്ക് ഓണാഘോഷം മാറിയിട്ട് വർഷങ്ങളാകുന്നു. കുക്കിങ് വിത്ത് ജി. പി എന്ന യുട്യൂബ് ചാനൽ തുടങ്ങിയിരുന്നു. താരങ്ങളായ സുഹൃത്തുക്കളിൽനിന്ന് പാചകം പഠിക്കുകയാണ് ഇതിലൂടെയുള്ള ലക്ഷ്യം. യുട്യൂബ് ചാനലിലൂടെ ഓണാഘോഷം ഗംഭീരമാക്കുകയെന്നതാണ് ഇത്തവണത്തെ പ്രധാന പരിപാടി. പ്രേക്ഷകരെ കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് ഓണം ആഘോഷിക്കണമെന്നാണ് തീരുമാനം.