ഓണം: ഭക്ഷ്യസുരക്ഷ പരിശോധന കര്‍ശനമാക്കും -മന്ത്രി വീണ ജോര്‍ജ്
text_fieldsപത്തനംതിട്ട: ഓണക്കാലത്തോട് അനുബന്ധിച്ച് ഭക്ഷ്യസുരക്ഷ പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വൃത്തിഹീന അന്തരീക്ഷത്തില്‍ പാകംചെയ്യുന്നത് ഒഴിവാക്കണമെന്നും വിഷരഹിത ഭക്ഷണങ്ങള്‍ വിതരണം ചെയ്യണമെന്നും മന്ത്രി നിർദേശിച്ചു. ജില്ല വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവർ. ജില്ലയിലെ ആറന്മുള, റാന്നി, ഇരവിപേരൂര്‍, തിരുവല്ല എന്നിവിടങ്ങളിലെ ജലോത്സവങ്ങളിൽ കാണികള്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കണമെന്ന് വികസന സമിതി നിർദേശിച്ചു.
തിരുവല്ലയിലെ രക്തബാങ്ക് തുറക്കണം
തിരുവല്ല ആശുപത്രിയിലെ രക്തബാങ്ക് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി നിർദേശം നല്കി. ആശുപത്രിയിലെ രക്തബാങ്ക് പ്രവര്‍ത്തിക്കുന്നതിനായി സത്വര നടപടി എടുക്കണമെന്ന് മാത്യു ടി.തോമസ് എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു. കോടതി സമുച്ചയത്തിനായുള്ള സ്ഥലമേറ്റെടുപ്പ് പ്രവൃത്തി എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു. തിരുവല്ല നഗരസഭയിലെ സെക്രട്ടറിയുടെ ഒഴിവും ജല അതോറിറ്റിയുടെ നെടുമ്പ്രം സെക്ഷന്‍ ഓഫിസിലെ ഒഴിവുകളും വേഗത്തില്‍ നികത്തണം. തിരുവല്ല കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ ശൗചാലയങ്ങള്‍ വൃത്തിഹീനമായി കിടക്കുന്നത് ഒഴിവാക്കണം. മഠത്തുംകടവ് പാലത്തിന്റെ അറ്റകുറ്റപ്പണി ജില്ല പഞ്ചായത്ത് ഏറ്റെടുക്കണം.
തിരുവല്ല ബൈപാസിലെ സിഗ്നലുകളില്‍ യാചകര്‍ കുട്ടികളുമായി ഭിക്ഷയെടുക്കുന്നത് ജില്ല പൊലീസ് മേധാവി ഇടപെട്ട് തടയണം. നെടുമ്പ്രം പഞ്ചായത്ത് സ്റ്റേഡിയം നിര്‍മാണത്തിനായി 40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അതിന്റെ പുരോഗമനം അറിയിക്കണമെന്നും മണിപ്പുഴ-പെരിങ്ങര മൂവത്തുപടി മേപ്രാല്‍ റോഡിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നും എം.എല്‍.എ നിര്‍ദേശിച്ചു.
സ്കൂളിന്റെ മതില് പൊളിച്ചുമാറ്റണം
കോഴഞ്ചേരി-പത്തനംതിട്ട റോഡിലെ നെല്ലിക്കാല ജങ്ഷനിലെ എല്‍.പി സ്കൂളിന്റെ മതില് റോഡില്‍നിന്ന് പൊളിച്ചുമാറ്റണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് പറഞ്ഞു. റോഡ് കൈയേറി മതില് നിര്‍മിച്ചിരിക്കുന്നതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാണിവിടെ. ഓണക്കാലമായതോടെ പത്തനംതിട്ട ടൗണില്‍ വന്‍ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ട്രാഫിക് നിയന്ത്രിച്ച് തിരക്ക് നിയന്ത്രിക്കണം. ജില്ല ആയുര്‍വേദ ആശുപത്രിയില്‍ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മിക്കുന്നത് വൈകിപ്പിക്കാതെ ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും റിങ് റോഡിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന് കാലതാമസം ഉണ്ടാകരുതെന്നും ആവശ്യമെങ്കില്‍ പൊലീസ് സുരക്ഷ തേടാമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഓണാവധിക്ക് ഓരോ വകുപ്പുകളുടെയും നേതൃത്വത്തിലെ സ്ക്വാഡുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നും കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍
പറഞ്ഞു. ജില്ല പൊലീസ് മേധാവി വി. അജിത്, എ.ഡി.എം ബി. രാധാകൃഷ്ണന്, തിരുവല്ല സബ് കലക്ടര്‍ സഫ്ന നസറുദ്ദീന്‍, ജില്ല പ്ലാനിങ് ഓഫിസര്‍ എ.എസ്. മായ, ഡെപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ ജി. ഉല്ലാസ്, വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.