ഊരിലോണം
text_fieldsതലപ്പുഴ കുറിച്യ തറവാട്ടിൽ അത്തത്തിനു പൂക്കളമൊരുക്കുന്നു
കാർഷിക വൃത്തികളിൽ കൂടുതലായി ഇടപഴകുന്ന കുറിച്യ വിഭാഗം പോലുള്ള ആദിവാസി സമൂഹത്തിന് ഓണക്കാലം കാർഷിക വിളവെടുപ്പുകളുടെയും ഒരുക്കലുകളുടെയും നാളുകൾ കൂടിയാണ്
പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ആദിവാസികളിലെ ഏറ്റവും പിന്നാക്കമായ പണിയ വിഭാഗത്തിന് ഓണം പലപ്പോഴും കോടിയുടുക്കുന്നതിൽ ഒതുങ്ങാറാണ് പതിവ്. അടിമത്തത്തിന്റെ കയ്പുനിറഞ്ഞ പഴയ ഓർമകളിൽ അവർക്കിന്നും അന്യർക്കുവേണ്ടി കൃഷിക്ക് നിലമൊരുക്കുന്ന പ്രവൃത്തികളും കൊയ്ത്തുത്സവവും ഓണാഘോഷത്തിന്റെ കണക്കിലാണ് വരവുവെക്കാറ്. പണ്ട് ജന്മിമാരുടെ പാടങ്ങളിൽ എല്ലുമുറിയെ പണിയെടുത്ത് കുമ്പിളിൽ കഞ്ഞിവെള്ളവും കുടിച്ച് വിശപ്പടക്കി അടിമകളായി ജീവിതംതീർത്തവരായിരുന്നു അവർ. അടുത്ത കാലത്തായി ചില ഊരുകളിലെങ്കിലും ഓണാഘോഷത്തിന്റെ ആട്ടവും പാട്ടും എത്തിത്തുടങ്ങിയിട്ടുണ്ട്.
ആദിവാസി സമൂഹത്തിനിടയിൽ വിവിധ വിഭാഗങ്ങളിൽ ഓണത്തോടനുബന്ധിച്ചുള്ള ചടങ്ങുകളും ആഘോഷങ്ങളും വ്യത്യസ്തമാണ്. കാർഷിക വൃത്തികളിൽ കൂടുതലായി ഇടപഴകുന്ന കുറിച്യ വിഭാഗം പോലുള്ള ആദിവാസി സമൂഹത്തിന് ഓണക്കാലം കാർഷിക വിളവെടുപ്പിന്റെയും ഒരുക്കലുകളുടെയും നാളുകൾ കൂടിയാണ്.
ഓണത്തലേന്ന് വൈകീട്ട് കുടുംബത്തിലെ ആണുങ്ങളെല്ലാം കുളിച്ച് മുണ്ടും തോർത്തും മാത്രം ധരിച്ച് തറവാട്ടുവീട്ടിലെ കുടുംബക്ഷേത്രത്തിന് മുന്നിലോ തമ്പായകം എന്നറിയപ്പടുന്ന ദൈവപ്പുരക്ക് മുന്നിലോ എത്തും. മുൻ വർഷം ചെയ്തുപോയ ദോഷങ്ങൾ ദൈവത്തോട് ഏറ്റുപറഞ്ഞ് ശുദ്ധിയാവാനുള്ള പ്രത്യേക ചടങ്ങ് കാരണവരുടെ നേതൃത്വത്തിൽ നടക്കും. കുറിച്യ വിഭാഗത്തിന്റെ പ്രധാന ചടങ്ങാണിത്. കാലങ്ങളായി തുടരുന്ന ദൈവത്തെ കാണുക എന്ന ഈ ചടങ്ങ് ഇന്നും പല കുറിച്യ തറവാടുകളിലും കൃത്യമായി പിന്തുടരുന്നുണ്ട്. ചടങ്ങ് കാണാൻ കുടുംബത്തിലെ സ്ത്രീകളും കുട്ടികളും അടക്കമുള്ള മുഴുവൻ പേരും തറവാട്ടിലെത്തും.
മുറ്റത്ത് വാഴയിലയിൽ അരി, നെല്ല്, ശർക്കര, അവിൽ, തേങ്ങ, പഴം, നാണയം, വിളക്ക്, ചന്ദനത്തിരി എല്ലാം നിരത്തിവെച്ചിട്ടുണ്ടാവും. അവിടെവെച്ചാണ് തമ്പായത്തെ (ദൈവത്തെ) കാണൽ ചടങ്ങ്. മുണ്ടും തോർത്തും ധരിച്ച് ശുദ്ധിയായി നിൽക്കുന്ന ആണുങ്ങളിൽ ഒരാളിലേക്ക് ദൈവം സന്നിവേശിക്കുന്നതോടെ അവർക്ക് ഉണക്കലരിയും മഞ്ഞൾപൊടിയും നൽകും. ശേഷം ദോഷങ്ങളും ചെയ്ത തെറ്റുകളും അതിനുള്ള പരിഹാരവും ദൈവം വിളിച്ചുപറയും. ചോദ്യങ്ങൾക്ക് മറ്റുള്ളവർ മറുപടി പറയും. എല്ലാം കഴിഞ്ഞ് തേങ്ങാവെള്ളത്തിൽ തുളസിയിലയിട്ട പുണ്യാഹം കുടിക്കുന്നതോടൊപ്പം വീടുകളിലും തളിക്കുന്നതോടെ ചടങ്ങ് അവസാനിക്കും.
ഓണദിവസം ഉച്ചയൂണിനാണ് കുറിച്യ തറവാട്ടുവീട്ടിൽ എല്ലാവരും സംഗമിക്കുക. പണ്ടത്തേതിൽ നിന്നും വിഭിന്നമായി കുടുംബങ്ങൾ ഒന്നിച്ച് വിവിധ കളികളും പരിപാടികളും മത്സരങ്ങളും പല കുടുംബങ്ങളിലും ഇപ്പോൾ കണ്ടുവരുന്നുണ്ട്.