ജപ്പാനിൽനിന്ന് അതിഥികളെത്തി; ഇത്തവണ ഓണത്തിന് പൂക്കളമിട്ട് സദ്യയുണ്ണാൻ അറ്റ് സുഷിയും തത്സു കോയിയും
text_fieldsചെറുതുരുത്തിയിലെ വഴിയോരക്കച്ചവടക്കാരിൽ നിന്ന് പൂക്കൾ വാങ്ങാനെത്തിയ അറ്റ് സുഷിയും സുഹൃത്ത് തത്സു കോയിയും
ചെറുതുരുത്തി: ഇത്തവണ ചെറുതുരുത്തിക്കാർക്കൊപ്പം ഓണമാഘോഷിക്കാൻ ജപ്പാനിൽ നിന്നുള്ള രണ്ട് അതിഥികളുമുണ്ട്. ആയുർവേദ ചികിത്സക്കും പഠനത്തിനുമായി ചെറുതുരുത്തി പൂമുള്ളി മെഡിക്കൽ കോളജിലെത്തിയ ജപ്പാൻ സ്വദേശികളായ അറ്റ് സുഷിയും സുഹൃത്ത് തത്സു കോയിയുമാണ് ഓണം അവിസ്മരണീയമായ അനുഭവമാക്കുന്നത്. ജപ്പാനിൽ ആയുർവേദ മരുന്നുകളുടെ ഗവേഷണം നടത്തുന്ന ഇവർ പൂമുള്ളി ആയുർവേദ കോളജിലെ വിവിധ തരം ചികിത്സ കണ്ട് പഠിക്കാൻ കൂടിയാണ് എത്തിയിരിക്കുന്നത്.
ഉഴിച്ചിലും മറ്റ് ചികിത്സാരീതികളും ജപ്പാനിൽ പ്രചരിപ്പിക്കുകയെന്നതും ലക്ഷ്യമാണ്. സന്ദർശനം ഓണക്കാലത്തായതിനാൽ ആഘോഷവുമ ഉഷാറാക്കാമെന്ന് തീരുമാനിച്ചു. പൈങ്കുളത്ത് ഇവർ താമസിക്കുന്ന വീട്ടിൽ അത്തം മുതൽ തന്നെ പൂക്കളമിട്ട് തുടങ്ങി. ചെറുതുരുത്തിയിലെ വഴിയോരക്കച്ചവടക്കാരിൽ നിന്നാണ് പൂക്കൾ വാങ്ങുന്നത്.
തിരുവോണസദ്യ കഴിച്ച് കലാമണ്ഡലത്തിലെ കഥകളിയും കുന്നംകുളത്തെ ഓണത്തല്ലും തൃശ്ശൂരിലെ പുലിക്കളിയുമെല്ലാം കണ്ട ശേഷമാണ് നാട്ടിലേക്ക് തിരിക്കുക. വീണ്ടും കേരളത്തിൽ വരുമെന്നും സുഹൃത്തുക്കളുമായാണ് ഇനി എത്തുകയെന്നും അറ്റ് സുഷിയും തത്സു കോയിയും പറഞ്ഞു. ആയുർവേദ കോളജ് ഡയറക്ടർ സന്ധ്യ മന്നത്താണ് ഇവർക്ക് എല്ലാ സൗകര്യങ്ങളും നൽകുന്നത്.


