കണ്ണാന്തളിപ്പൂക്കളില്ലാത്ത ഓണം
text_fieldsഎം. ടി. വാസുദേവൻ നായരും മകൾ അശ്വതിയും
എം.ടിയുടെ ഇത്തവണത്തെ ഓണത്തിന് മാറ്റ് കൂട്ടുന്നത് നവതിയുടെ നിറവിൽ അച്ഛന് നൽകിയ ‘മനോരഥങ്ങൾ’ എന്ന ആന്തോളജി വെബ് സീരീസ് ആയിരിക്കും. 1957-98 കാലഘട്ടത്തിലെ എം.ടിയുടെ കഥകളിലെ കഥാപാത്രങ്ങൾ സ്‌ക്രീനിൽ കൊണ്ടുവന്നതിൽ ഭാഗമായതിന്റെ സന്തോഷത്തിലാണ് അശ്വതി
കാലത്തെ അതിജീവിച്ച കഥകളിലൂടെ മലയാളത്തിന് ലഭിച്ച അക്ഷര സുകൃതം, എം.ടി വാസുദേവൻ നായർ അദ്ദേഹത്തിന്റെ കണ്ണാന്തളിപ്പൂക്കളുടെ കാലത്തിൽ ഇങ്ങനെ പറയുന്നു: ‘ബാല്യത്തിന്റെ ഓർമകൾക്ക് സാന്ത്വനമേകാൻ കുന്നിൻപുറങ്ങളിൽ മുമ്പ് സമൃദ്ധമായി നിറഞ്ഞു നിന്നിരുന്ന കണ്ണാന്തളിപ്പൂക്കളും, ഇളംറോസ് നിറത്തിലുളള ആ പൂക്കളുടെ നിറവും ഗന്ധവും നിറഞ്ഞ പുന്നെല്ലരിയുടെ ചോറും എല്ലാം നമുക്ക് അന്യമായി.
ഇന്ന് ഗ്രാമത്തിൽ ഓണത്തെ വരവേൽക്കാൻ കണ്ണാന്തളിപ്പൂക്കളില്ല. എങ്ങും മണൽ വാരി മരുപ്പറമ്പായ, വൻകമ്പനികൾ ഊറ്റിയെടുക്കുന്ന ഭൂഗർഭ ജലവും പുഴകളും മാത്രം. ഭാഷയെ നാം എന്നേ കൈയൊഴിഞ്ഞു! അവസാനം ജീവസന്ധാരണത്തിനു വഴിയില്ലാത്ത കുറേ മനുഷ്യർ! അവരെ വാങ്ങുവാനും കമ്പനികൾ ഉണ്ടാകും’. ഒരു വലിയ എഴുത്തുകാരന്റെ ഉത്‌കണ്‌ഠകളും വ്യഥകളും നാടിന്റെ നല്ല ഓർമകൾ തന്ന കാലത്തിന് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം എന്നേ ആവിഷ്‍കരിച്ചു കഴിഞ്ഞു.
കാലം നാലുകെട്ട് തീർത്ത കൂടല്ലൂരിലെ അച്ഛന്റെ ഓണം ഓർമകൾ പങ്കുവെക്കുകയാണ് എം.ടിയുടെ മകളും നർത്തകിയും സിനിമാ ഡയറക്ടറുമായ അശ്വതി വി. നായർ.
എം.ടിയുടെ ഇത്തവണത്തെ ഓണത്തിന് മാറ്റ് കൂട്ടുന്നത് നവതിയുടെ നിറവിൽ അച്ഛന് മകൾ നൽകിയ ‘മനോരഥങ്ങൾ’ എന്ന ആന്തോളജി വെബ് സീരീസ് ആയിരിക്കും. 1957-98 കാലഘട്ടത്തിലെ എം.ടിയുടെ കഥകളിലെ കഥാപാത്രങ്ങൾ സ്‌ക്രീനിൽ കൊണ്ടുവന്നതിൽ ഭാഗമായതിന്റെ സന്തോഷത്തിലാണ് അശ്വതി.
മൂകസാക്ഷി, അനുശോചനം എന്നീ ചെറുകഥകളിലൂടെ അച്ഛന്റെ പാത പിന്തുടർന്ന് എഴുത്തുകൾ എപ്പോഴും ഉണ്ടായിട്ടുണ്ടെന്നും, ഇപ്പോൾ ഒരു നോൺ ഫിക്ഷൻ ബുക്കിന്റെ പണിപ്പുരയിലാണെന്നും ഏഴുത്തിൽ അച്ഛനും, നൃത്തത്തിൽ അമ്മയുമാണ് ആദ്യ ഗുരുവെന്നും അശ്വതി പറയുന്നു.
ഒത്തുചേരലിന്റെ ആഘോഷം
ഓണമോ, പിറന്നാളുകളോ അച്ഛൻ പണ്ടുമുതലേ ആഘോഷിച്ച് കണ്ടിട്ടില്ല. പുതിയ കോടി വാങ്ങിച്ച് ശീലിപ്പിക്കുക, ഉത്സവമായി കൊണ്ടാടുക അതൊന്നും ഇന്നുവരെ ഉണ്ടായിട്ടേയില്ല. ഒപ്പം അടുത്ത ബന്ധുക്കൾ, ചെറിയൊരു ഊണ് അതുതന്നെ അച്ഛന്റെ ആഘോഷങ്ങൾ.
ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് അച്ഛന്റെ ജ്യേഷ്ഠന്റെ നാട്ടിലായിരുന്നു ഓണം. ഉത്രാടത്തിനും, തിരുവോണത്തിനും എല്ലാവരും ഒത്തുചേർന്ന് രണ്ട് മൂന്ന് ദിവസം ഒരുമിച്ചുണ്ടാവും. കുടുംബത്തിലെ എല്ലാവരും ഒരുമിക്കലാണ് അച്ഛന്റെ ഓണാഘോഷം.
കൂടല്ലൂരിലെ നാട്ടിലെ പുഴയും വയലുമെല്ലാം നല്ല ഓർമയുണ്ട്. ഇപ്പോൾ കിട്ടാത്ത പല കാര്യങ്ങളും അന്ന് ഞാൻ മനോഹരമായി ആസ്വദിച്ചിരുന്നു. മഴയത്ത് പുഴയിൽ പോയി കുളിക്കുന്നതും ചളി കേറിയ വയലിലൂടെ നടക്കുന്നതുമെല്ലാം ഓർമയായി ഇപ്പോഴും മനസ്സിലുണ്ട്. ഇന്നത് ആളും, ആരവവും ഒഴിഞ്ഞ പാടവും പറമ്പുമായി മാറി.
അച്ഛന്റെ കുട്ടിക്കാലത്ത് നാട്ടിലെ ഓണം ദിവസങ്ങളോളം നീണ്ടു നിൽക്കുന്നതായിരുന്നെന്ന് പറഞ്ഞത് കേട്ടിട്ടുണ്ട്. നേരം വെളുക്കുന്നതിനു മുമ്പേ എഴുന്നേറ്റ് പൂക്കൂടയുമായി കുന്നിൻപുറത്ത് പൂക്കൾ ശേഖരിക്കാൻ പോയതും, ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന, സന്ധ്യക്ക് തുടങ്ങുന്ന പാണർ പാട്ടുകളെക്കുറിച്ചും, തൃക്കാക്കരപ്പനെ വെച്ച് ജോലിക്കാർക്കൊക്കെ പൈസയും, സദ്യയും, തുണിയും, നെല്ലുമെല്ലാം നൽകിയിരുന്ന ഓണത്തിന്റെ നല്ലൊർമകൾ എല്ലാം ഇന്ന് വെറും ഓർമയുടെ നാലുകെട്ട് മാത്രമായി മാറി.
ഉത്രാടത്തിന് തൃക്കാക്കരപ്പനെ വെക്കുന്നതുപോലെ തിരുവോണത്തിന് എവിടെയുള്ള ആളുകൾ ആയിരുന്നാലും അമ്മമാരുടെ കൂടെ ഭക്ഷണം കഴിക്കാനെത്തുന്നതിനെക്കുറിച്ചും, അവിട്ടത്തിന് ഭർത്താവുമായി ഭാര്യയുടെ വീട്ടിൽ പോകുന്നതും, ചതയത്തിന്റെയന്ന് കടത്തുകാർ, നെല്ല് കൊയ്യാൻ വരുന്നവർ എന്നിങ്ങനെ ഗ്രാമത്തിൽ നിത്യ ജീവിതവുമായി ബന്ധപ്പെട്ട ആൾക്കാരെ ഓണത്തിന് ഉണ്ണാൻ ക്ഷണിക്കുന്നതിനെക്കുറിച്ചും, ജാതിയോ മതമോ മറ്റ് വേർതിരിവുകളോ ഒന്നും നോക്കാതെ വിസ്‌തരിച്ച് അവർക്ക് ഭക്ഷണം, നെല്ല് എന്നിവ നൽകുന്നതിനെക്കുറിച്ചും അച്ഛൻ പറഞ്ഞത് ഓർമയുണ്ട്.
അന്ന് നാട്ടിൽ ഓണത്തിന് ഇതൊക്കെ പിന്തുടർന്ന് വന്നിരുന്ന നിയമമായിരുന്നു. ഇപ്പോൾ അവിടെയാരുമില്ല. പാടങ്ങളും, നാടിന്റെ നന്മകളുമെല്ലാം പോയിമറഞ്ഞു. നാട്ടിൻ പുറത്തെ ഓണമല്ല ഇന്നുള്ളത്. വ്യാപാരങ്ങളുടെയും, ഓഫറുകളുടെയും മാത്രം ഉത്സവ കാലമായി ഓണം മാറിക്കഴിഞ്ഞു. അച്ഛൻ പറഞ്ഞതുപോലെ നിറങ്ങളും, ഗന്ധങ്ങളും, വിസ്മയങ്ങളും നമുക്ക് നഷ്ടമായി.