ജോണിയുടെ പൂക്കളത്തിന് അരനൂറ്റാണ്ട് പഴക്കം
text_fieldsചാലിശ്ശേരി ചീരൻ ജോണിയുടെ വീട്ടിൽ ഓണത്തിന് പൂക്കളം ഒരുക്കുന്നു
ചാലിശ്ശേരി: ഈ കോവിഡ് കാലവും പതിവ് തെറ്റിക്കാതെ പ്രതീക്ഷയുടെ ഓണം ആഘോഷിക്കുമ്പോൾ പുതിയ തലമുറക്ക് മാനവമൈത്രിയുടെ നേർരൂപമായി മാറുകയാണ് ചാലിശ്ശേരി സ്വദേശി ചീരൻ വീട്ടിൽ ജോണി. ഇക്കുറിയും ഓണക്കാലത്ത് പൂക്കളമിടുമ്പോൾ അരനൂറ്റാണ്ടിെൻറ പഴമകളാണ് ഓർത്തെടുക്കുന്നത്. തുടർച്ചയായി 47ാം വർഷത്തിലും ജോണി കുടുംബാംഗങ്ങളോടൊപ്പം പൂക്കളം ഒരുക്കിയ പാരമ്പര്യം ഗ്രാമത്തിന് വേറിട്ട കാഴ്ചയാകുകയാണ്.
പിതാവ് ചീരൻ ലാസറിൽനിന്നാണ് ബാല്യം തൊട്ട് ജോണി അത്തക്കളം ഒരുക്കുന്നത് കണ്ട് പഠിച്ചത്. അത് ഇപ്പോഴും പിന്തുടരുകയാണ്. അത്തം മുതൽ തിരുവോണം വരെയുള്ള പത്തുനാൾ വീട്ടുമുറ്റത്ത് പൂക്കളം ഒരുക്കും. ഭാര്യ റീന, മക്കളായ ജാക്ക്, ജിം, ജിൽ എന്നിവരും ഭാര്യാസഹോദരൻ ബിജുവും ചേർന്ന് രാവിലെ 6.30ഓടെ ആരംഭിക്കുന്ന പൂക്കളമൊരുക്കൽ രണ്ട് മണിക്കൂറെടുത്താണ് പൂർത്തിയാക്കുക. പത്ത് ദിവസവും വിവിധ ഡിസൈനുകളിൽ ആറടി വ്യാസമുള്ള ആകർഷങ്ങളായ പൂക്കളമാണ് ഒരുക്കിയത്.
ദിവസേന ആയിരത്തി അഞ്ഞൂറോളം രൂപയുടെ പലതരം പൂക്കളാണ് അത്തക്കളത്തിനായി വാങ്ങുന്നത്. തിരുവോണത്തിന് ഏഴരയടി വൃത്താകൃതിയിൽ വലിയപൂക്കളവും ഒരുക്കാൻ ലക്ഷ്യമിട്ടിട്ടുണ്ട്. വിവിധ ആഘോഷങ്ങളായ ഈദുൽ ഫിത്ർ, വിഷു, ക്രിസ്മസ്, ബലിപെരുന്നാൾ, പൂരം തുടങ്ങിയവ കുടുംബാംഗങ്ങളെ ഒന്നിപ്പിച്ച് ആഘോഷമാക്കി മാറ്റുകയാണ് ഈ കുടുംബം. മഹാമാരിക്കിടയിലും പഴയകാലത്തെ അത്തം പത്തോണം എന്ന ആഘോഷത്തിനും മാനുഷ്യരെല്ലാരും ഒന്നുപോലെ എന്ന ചിന്തക്കും വഴികാട്ടുകയാണ് ജോണിയും കുടുംബവും.