
വിദ്യാധരൻ മാസ്റ്ററുടെ ഓണത്തിന് ഇത്തവണ ഇരട്ടിമധുരമാണ്
text_fields
സ്വന്തം സൃഷ്ടി അംഗീകരിക്കപ്പെടുേമ്പാൾ ഒരു കലാകാരനുണ്ടാവുന്ന സംതൃപ്തിയും സന്തോഷവും മാത്രമല്ല
'ഒാണമാണ് വീണ്ടുമോണമാണ്........
വേണമായുസ്സെന്ന തോന്നലാണ്....'
എന്ന പാട്ടിെൻറ സൃഷ്ടിയിൽ മാഷുക്കുണ്ടായത്. ചുരുങ്ങിയ ദിവസംകൊണ്ട് ആ ഒാണപ്പാട്ട് യൂ ട്യൂബിലൂടെ ആയിരങ്ങളാണ് കണ്ടത്. പാട്ട് കേട്ട സഹൃദയരുടെ അഭിനന്ദന പ്രവാഹംമൂലം വീർപ്പുമുട്ടുകയാണ് ഇൗ സംഗീത സംവിധായകൻ.എക്കാലവും തനിയാവർത്തനം പോലെ ഒാണക്കലത്തെത്തുന്ന പഴയകാല സ്മരണകളുടെ ഓണവര്‍ണ്ണനകള്‍ക്കപ്പുറത്ത്, വര്‍ത്തമാനയാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ച നല്‍കുന്ന ഗാനമാണ് കവിപ്രസാദ് എഴുതി ഹരി.എം. മോഹനൻ സംവിധാനം ചെയ്ത് എം.പി. മോഹനൻ അഭിനയിച്ച സംഗീത ആൽബത്തിലുള്ളത്. വിദ്യാധരൻ മാസ്റ്റർ സംഗീതവും ആലാപനവും ഒരേസമയം നിർവഹിച്ച പാട്ടിലെ വിഷാദഛായയും ഹൃദയസ്പർശിയായ ആലാപനവും പ്രേക്ഷകരുടെ കണ്ണുനനക്കുകയും ചെയ്തു. ഒരു ഷോർട്ട് ഫിലിം കാണുന്നതുപോലെ ആസ്വദിക്കാവുന്ന ആൽബം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. സംഗീതം മാത്രമായിരുന്നു മാഷിെൻറ ഉത്തരവാദിത്വമെങ്കിലും അദ്ദേഹത്തിെൻറ ട്രാക്ക് കേട്ട ഗാനരചയിതാവ് ആ ശബ്ദംതന്നെ മതി എന്ന് തീരുമാനിക്കുകയായിരുന്നു.
ഷാർജയിൽ നിന്ന് എത്തിയ മകൻ സജിത്തും മകൾ സംഗീതയും ഇത്തവണ വീട്ടിലുണ്ട്. കൂടെ മരുമക്കളായ അനിലയും ചന്ദ്രനും പേരക്കുട്ടികളായ ദേവി, ദേവദത്ത, കൃഷ്ണജിത്ത്, കൃതിക എന്നിവരും. മാഷുക്കും ഭാര്യ ലീലക്കും ഇതിൽപ്പരം വേറെ സന്തോഷമില്ല.
കുട്ടികളുടെ ബഹളത്തിനും ആരാധകരുടെയും സംഗീതാസ്വാദകരുടെയും ഫോൺ വിളികൾക്കും ഇടയിലാണെങ്കിലും ഓണത്തെ കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം വാചാലനായി. സംഗീത സംവിധാനത്തിൽ അരനൂറ്റാണ്ട് പിന്നിട്ട് 76 ൽ എത്തിനിൽക്കുന്ന ജീവതത്തിലെ കുട്ടിക്കാലവും ഒാണപ്പാട്ടുകളുകളുമെല്ലാം ഉത്സാഹത്തോടെയാണ് വിദ്യാധരൻമാസ്റ്റർ ഒാർത്തെടുത്തത്.
ഒാണക്കാലത്ത് തൃശ്ശുർ ജില്ലയിൽ മാത്രം പതിവുണ്ടായിരുന്ന 'തുയിലുണർത്ത് പാട്ടു'കൾ മൂളികൊണ്ടാണ് മാഷതിനെക്കുറിച്ച് പറഞ്ഞത്. പൊട്ടിയെ ആട്ടിയും ശീവോതിയെ വരവേറ്റും കർക്കിടകമാസം തുടങ്ങിക്കഴിഞ്ഞാൽ പ്രദേശത്തെ പ്രത്യേക സമുദായത്തിലുള്ളവർ വീടുതോറും എത്തി ഒാണത്തിെൻറ വരവറിയിച്ച് ഉടുക്കുകൊട്ടിപ്പാടും. രാത്രി പത്തുമണിക്ക് ശേഷമാണ് പാട്ടുകാർ കുടുംബസമേതം വീടുകളിലെത്തുക. ഉടുക്കിെൻറയും കിലുക്കട്ടയുടെയും പക്കമേളത്തോടെ ശ്രുതിമധുരമായി അവർ ഒാണത്തെക്കുറിച്ച് പാടും. വീട്ടുകാർ പണമായും ധാന്യമായും പച്ചക്കറികളായും പഴങ്ങളായും അവർക്ക് നൽകി സന്തോഷിപ്പിക്കും. പുലർച്ചെ രണ്ടുമണിവരെയൊക്കെ നീളും ഇൗ തുയിലുണർത്തൽ. മാഷുടെ കുട്ടിക്കാലത്ത് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് വന്നാണ് ഇൗ ഉണർത്തുപാട്ടുകരെ കണ്ടിരുന്നത്.
കർക്കിടകം മുതൽ കാത്തുകാത്തിരിക്കുന്ന ഒാണം വന്നെത്തിയാൽ പിന്നെ പൂവിടലും തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കലും ആറാപ്പ് വിളിച്ചുകൊണ്ട് പൂജചെയ്യലുമൊക്കെയാണ്. ഒരു ദേവനെ പൂജിക്കുന്നതുപോലെ വിളക്ക് കത്തിച്ചുവെച്ചാണ് അതുണ്ടാവുക. മധുരമിടാത്ത തേങ്ങയിട്ട പൂവട എന്ന പലഹാരമാണ് നിവേദ്യമായി നൽകുക. അതിനായി അതിരാവിലെ എഴുന്നേറ്റ് കുളിച്ച് വെളുത്ത മുണ്ടുടുത്ത് മുറ്റത്തിറങ്ങിയിരുന്ന ഒാർമ്മയെല്ലാം ഇന്നലെക്കഴിഞ്ഞപോലെ മാഷുടെ മനസ്സിലുണ്ട്.
പൂവട്ടിയുമായാണ് കുട്ടികൾ പൂക്കൾ പറിക്കുക. തുമ്പ, മൂക്കുറ്റി,കാക്കപ്പൂ തുടങ്ങിയ നാടൻ പൂക്കൾ പറിക്കലും പൂവിടലും അന്നൊക്കെ കുട്ടികൾക്ക് ഒരു ഹരമായിരുന്നു. മുറ്റത്ത് പൂത്തറയുണ്ടാക്കി മെഴുകിയാണ് പൂവിടുക. ഇന്ന് ആറാട്ടുപുഴയിൽ ചിലയിടത്ത് നാടൻ പൂക്കൾ വിൽപനക്കുണ്ട്. ഒരു പിടി തുമ്പക്ക് 50 രൂപ നൽകണം. പൊതുവെ ദാരിദ്ര്യമുള്ള വീടുകളിൽപോലും ഒാണത്തിന് വിഭവസമൃദ്ധമായ സദ്യയുണ്ടാവും. കേരളത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് പൂർണ്ണമായും സസ്യഭക്ഷണം മാത്രമാണ് ഒാണത്തിന് കഴിക്കുക.
പിന്നീട് സംഗീതത്തിെൻറ ലോകത്തിലേക്ക് എത്തിയപ്പോഴും ഒാണക്കാലം മാഷ്ക്ക് തിരക്കുകളുടെ ദിനങ്ങളായിരുന്നു. ഒരു കാലത്ത് തരംഗിണിയുടെ ഒാണപ്പാട്ടുകൾ കാസറ്റായി ഇറങ്ങിയപ്പോൾ ക്യൂ നിന്നാണ് മലയാളികൾ വാങ്ങിയിരുന്നത്. അതെല്ലാം സംഗീതത്തിെൻറ നല്ലകാലമായിരുന്നു. പി.ഭാസ്കരൻ, ഒ.എൻ.വി.ക്കുറുപ്പ്, എസ്. രമേശൻ നായർ, കൈതപ്രം ദാമോദരൻ നമ്പൂതിരി തുടങ്ങിയവരുടെ ഒാണപ്പാട്ടുകൾക്കെല്ലാം മാഷ് ഇൗണമിട്ടിട്ടുണ്ട്. അന്ന് രാജാമണി എന്ന സംഗീത സംവിധായകൻ ശിഷ്യനായി കൂടെയുണ്ടായിരുന്നു.
കൊറോണമൂലം മനുഷ്യർ വീട്ടിൽ അടച്ചിരുന്ന കഴിഞ്ഞ നാലഞ്ച് മാസക്കാലത്തും മാഷ് സംഗീതത്തിെൻറ ലോകത്തുതന്നെയായിരുന്നു. 24 ഒാളം പുതിയ പാട്ടുകൾ ചിട്ടപ്പെടുത്തി. എം.ജി ശ്രീകുമാർ, സിത്താര, മധുബാലകൃഷ്ണൻ എന്നിവർ പാടിയ പാട്ടുകൾ ഇൗ ഒാണക്കാലത്ത് പുറത്തിറങ്ങിയിട്ടുണ്ട്. പാട്ടുകൾക്ക് ഇൗണം നൽകുേമ്പാൾ, മാഷുടെ ഭാഷയിൽ പാട്ടുണ്ടാക്കുേമ്പാൾ ഇദ്ദേഹത്തിെൻറ പ്രായം തിരിച്ച് യാത്രെചയ്യുകയാണ്... മലയാളികൾക്ക് ഇനിയും ഹൃദയത്തിൽ സൂക്ഷിക്കാനുള്ള പാട്ടുകളുണ്ടാക്കാനായി ഇൗ നാടൻ മനസ്സുള്ള സംഗീതജ്ഞൻ.