തുമ്പിതുള്ളിയ പൊന്നോണക്കാലം
text_fieldsഗ്രാമത്തിന്റെ നിറഭംഗിയിൽ നിറഞ്ഞു നിന്നിരുന്ന കുട്ടിക്കാലം മുതലുള്ള പൊന്നോണനാളുകൾ ഓർത്തെടുക്കുകയാണ് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരജേതാവ് ബീന ആർ. ചന്ദ്രൻ.
പാലക്കാട് പരുതൂരിന് സമീപം ചിറങ്കരയിൽ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമുള്ള ഓളനാളുകളാണ് കുട്ടികാലത്തെ ഓർമകൾ. പൊന്നോണം വരവറിയിച്ച് അത്തം പിറക്കുമ്പോൾ തറവാട്ടിൽ നിന്നും ബന്ധുക്കളടങ്ങിയ പന്ത്രണ്ടോളം കുട്ടികൾക്കും വള്ളികളിൽ തീർത്ത പൂക്കുട വീട്ടിലെത്തും. എല്ലാവർക്കുമില്ലെങ്കിൽ പിന്നെ ഓണത്തല്ല് നേരത്തെ നടക്കും. പിന്നെ സമീപത്തെ കുട്ടികളോടൊപ്പം കൂട്ടമായി കുട്ട നിറയെ പൂക്കൾ ശേഖരിക്കാൻ തൊടിയിലേക്ക്. ഒടിച്ചുട്ടി, കണ്ണാന്തളി, നെല്ലിപ്പൂ തുടങ്ങിയ പൂക്കളായിരിക്കും അധികവും. പിന്നെ തുമ്പയും മൂക്കുറ്റിയും.
തിരുവോണ ദിവസം സ്വന്തം വീട്ടിൽ അമ്മ ഉണ്ടാക്കിയ സദ്യ കഴിച്ച് നേരെ തറവാട്ടിലേക്ക്. അവിടെയെത്തിയ ശേഷം മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം വീണ്ടും കുശാലായ മറ്റൊരു ഓണസദ്യ. അന്ന് പ്രസിദ്ധമാണ് പറക്കുത്ത് പള്ളിയാൽ നഗറിലെ തുമ്പിതുള്ളലും ചവിട്ടുകളിയും. മനോഹരമായ അവതരണം സ്വയത്തമാക്കിയതോടെ പിന്നീടുള്ള ഓണനാളുകളിൽ ഇവ അവതരിപ്പിക്കാൻ കഴിഞ്ഞു. അധ്യാപകരായിരുന്ന അച്ചൻ വി.ടി. രാമചന്ദ്രനും പരുതൂർ പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന അമ്മ ശാന്തകുമാരിക്കുമൊപ്പമായിരുന്നു പിന്നീടുള്ള എന്റെയും ഏക സഹോദരി ഇപ്പോൾ വളാഞ്ചേരി എം.ഇ.എസ് സ്കൂൾ അധ്യാപിക ഷീനയുടേയും ഓണവിശേഷങ്ങൾ.
പട്ടാമ്പി ഗവ. സംസ്കൃത കോളജ്, ലിറ്റിൽ ഫ്ലവർ ഗുരുവായൂർ, കോഴിക്കോട് ദേവഗിരി, ഫറൂഖ് കോളജ് എന്നിവിടങ്ങളിലായിരുന്നു കോളജ് വിദ്യാഭ്യാസം. കുട്ടിക്കാലത്തെ ഓണക്കളികൾ അവതരിപ്പിക്കുകയെന്നതായിരുന്നു കോളജിലെ പ്രധാന പരിപാടി.1989, 90 കാലഘട്ടത്തിൽ ഓണത്തിന്റെ ഭാഗമായി സഹപാഠികളായ പെൺകുട്ടികളുമൊന്നിച്ചുള്ള ചവിട്ടുകളി ഇന്നും മറക്കാൻ കഴിയില്ല. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളിൽ തിരുവാതിരക്കളിയും പൂക്കള മത്സരമൊക്കെയായി ഓണം മാറി.
നാട്ടിലെ വീടുകളിൽ മനോഹരമായ പൂക്കളമൊരുക്കുന്നവർക്ക് സമ്മാനങ്ങൾ നൽകുന്നതായിരുന്നു മറ്റൊരു വിശേഷം. അധ്യാപനവൃത്തിയിലേക്ക് കടന്ന ശേഷം പൂക്കളമൊരുക്കിയും ഓണസദ്യ വിളമ്പിയും പരുതൂർ സി.ഇ.യു.പി സ്കൂളിലായി പിന്നീടുള്ള ഓണാഘോഷങ്ങൾ. കുട്ടികൾ, അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ ഒന്നിച്ച് ചുവട് വെച്ച മെഗാ തിരുവാതിരയും അനുഭവമാണ്.
കഴിഞ്ഞ വർഷം തുമ്പിതുള്ളൽ സംഘടിപ്പിച്ചതും പുലിക്കളിക്ക് വേഷമിട്ടതും സ്കൂൾ ജീവിതത്തിൽ മറക്കാനാകാത്ത ഓണ അനുഭവമായി. അതിന്റെ പ്രധാന വഴികാട്ടി പഞ്ചായത്തംഗമായി തുടരുന്ന അമ്മയാണ്. ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ നൃത്തവും ഒപ്പം മിമിക്രി, അഭിനയം എന്നിവ അഭ്യസിച്ച് തുടങ്ങിയ എന്നോടൊപ്പം നാട്ടിലെ സമപ്രായക്കാർക്കും ഇക്കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കാൻ അമ്മ മുൻനിരയിലുണ്ടായിരുന്നു. ഞാൻ പഠിക്കുകയെന്നതല്ല, നമുക്കു ചുറ്റുള്ളവരെ കൂടി പഠിപ്പിക്കുകയെന്നതായിരുന്നു അവരുടെ രീതിയും ഇഷ്ടവും.
അക്കാലത്ത് യു.പി വിദ്യാർഥികൾക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിലും പങ്കെടുക്കാൻ അവസരമുണ്ടായിരുന്നതിനാൽ അഞ്ചിൽ പഠിക്കുമ്പോൾ സംഘനൃത്തത്തിലൂടെ വേദിയിലെത്തി. പിൽക്കാലത്ത് കോളജിലായാലും സ്കൂളിലായാലും
മറ്റുള്ളവർക്കും പകർന്നു നൽകാൻ തനിക്ക് കഴിഞ്ഞതും ഈ അറിവുകളായിരുന്നു. അഭിനയരംഗത്തേക്ക് കടന്നെങ്കിലും ഓണനാളുകൾ നല്ലോർമ്മകളാണ്. വളർന്നു വന്ന സാഹചര്യത്തിനനുസരിച്ച് എനിക്ക് ലഭിച്ചത് ഭർത്താവ് വിജയേട്ടനടക്കമുള്ളവർ നൽകിയ പ്രോത്സാഹനമാണ്. പുരസ്ക്കാരം ലഭിച്ചതിന് പിന്നാലെ എനിക്ക് കിട്ടിയതിനേക്കാൾ നാടിന് ലഭിച്ച അംഗീകാരമായാണ് കണക്കാക്കുന്നത്. എന്നാൽ നമുക്കും ചുറ്റും എന്നേക്കാൾ കഴിവുള്ള കലാകാരന്മാർ ഇനിയുമുണ്ട്. പല പ്രതിസന്ധി കാരണം അവർക്ക് മുഖ്യധാരയിലേക്ക് എത്താൻ സാധിക്കുന്നില്ലയെന്നതാണ് യാഥാർഥ്യം. അവസരങ്ങളിലൂടെ അവരും കലാ മേഖലയിലേക്ക് കടന്നു വരട്ടെയെന്ന് ആശംസിക്കുന്നു.