ഓർമകളിലെ ഓണം
text_fieldsഓണം
പ്രകൃതിയും മനുഷ്യനും മതിമറന്നാഹ്ലാദിക്കുന്ന കേരളീയരുടെ ദേശീയോത്സവത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. മലയാളിയുടെ മധുരോത്സവമായ പൊന്നോണം സമ്പദ്സമൃദ്ധമായ ഒരു സമൂഹത്തെക്കുറിച്ചുള്ള സുന്ദരസ്വപ്നമാണ്. സമ്പദ്സമൃദ്ധിയില്‍ കഴിയുന്ന പ്രജകളെ കാണാന്‍ എത്തുന്ന മഹാബലിയെ എതിരേല്ക്കാന് മനുഷ്യരും പ്രകൃതിയും പൂക്കളങ്ങളും സദ്യവട്ടങ്ങളും ഒരുക്കി കാത്തിരിക്കുക എന്നത് ഇന്ന് ഓര്‍മകളില്‍ മാത്രമാകുന്നു. ഐശ്വര്യം നൂറുമേനി വിളഞ്ഞ ഗതകാലത്തിന്റെ സുഖദമായ സ്മൃതിയുണര്‍ത്തി ഓണമെത്താന്‍ ദിവസങ്ങള്‍ മാത്രം.
സദ്യകള്‍ കിറ്റുകളിലും തൊടികളിലെ പൂക്കള്‍ തമിഴ്നാട്ടിലെ പാടങ്ങളിലുമായി. പൊന്നോണ സ്മരണകള്‍ അയവിറക്കുന്ന ഓണക്കാല വിനോദങ്ങള്‍ അങ്ങിങ്ങായി ആരംഭിച്ചിട്ടുണ്ടെങ്കിലും വിവിധ കലാകായിക മത്സരങ്ങള്‍ക്കൊപ്പം സാംസ്കാരിക ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, വടംവലി മത്സരം, ഗാനമേള, പുലികളി, കലാകായിക മത്സരങ്ങള്‍ തുടങ്ങിയവയെല്ലാം പേരിന് മാത്രമായി. സമൃദ്ധമായ കാര്‍ഷിക സംസ്കൃതിയുടെ മഹത്തായ ഓര്‍മകളും പൗരാണിക പ്രൗഢിയും പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും ഓണത്തിനുണ്ടായിരുന്നു.
തൊടിയിലെ പൂക്കളൊക്കെ മറഞ്ഞു. തമിഴ്നാട്ടില്‍ നിന്നെത്തുന്ന പൂക്കളും പേരിന് ഒരുക്കുന്ന പൂക്കളമത്സരങ്ങളുമാണ് ഇന്നുള്ളത്. സദ്യതന്നെ കിറ്റുകളിലാക്കി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ എത്തിത്തുടങ്ങി. മലയാളികള്‍ ഓണത്തെ റെഡിമേഡ് ഓണമാക്കിയിട്ടുണ്ട്. വസ്ത്രവ്യാപാര ശാലകളിലും ഗൃഹോപകരണ വില്പനകേന്ദ്രങ്ങളിലും മറ്റും ഓഫറുകളും ഡിസ്കൗണ്ട് മേളകളും ആരംഭിച്ചതോടെ പുതുമകള്‍ തേടുന്നവരുടെ മനസ്സില്‍ മഹാബലി നിറയുന്നുണ്ട്.