എങ്കിലും ഓണമല്ലേ...
text_fieldsഇതുപോലെയാണ് ഓണക്കാലത്ത് നമ്മൾ ഓരാരുത്തരും. ഓണമല്ലേ ആഘോഷിക്കാതിരിക്കുന്നതെങ്ങനെ.... ഓണമുണ്ണാതിരിക്കുന്നതെങ്ങനെ... ഉപ്പേരി കൊറിക്കാതിരിക്കുന്നതെങ്ങനെ.... നാടാകെ മുഴങ്ങുന്ന ഓണപ്പാട്ട് കേട്ട് ഒന്ന് മൂളാതിരിക്കുന്നതെങ്ങനെ... കൈതാളമിടാതിരിക്കുന്നതെങ്ങനെ... ഓണക്കോടി വാങ്ങാതിരിക്കുന്നതെങ്ങനെ... ദീപാലംകൃതമായ തെരുവുകൾ കണ്ടില്ലെന്ന് നടിക്കുന്നതെങ്ങനെ... വ്യഥകളാൽ മനസ്സ് കലങ്ങിയെങ്കിലും ഓണബഹളങ്ങളിൽ അത് മറക്കാതിരിക്കുന്നതെങ്ങനെ... കാലമെത്ര മാറിയാലും ഓണസദ്യയും വിഭവങ്ങളും മാറ്റുവതെങ്ങനെ.... ഉണ്ടറിയണം ഓണം എന്നൊരു ചൊല്ലുതന്നെയുണ്ടല്ലോ... പരിപ്പും സാമ്പാറും പുളിശ്ശേരിയും രസവും പായസവും മാറ്റിവെച്ചാൽ ഓണസദ്യയാകുമോ.
ഓണം മാറുകയല്ല. പുതുമ തേടുകയാണ്, പുതിയ കാലത്തിനനുസരിച്ച്, പുതുതലമുറയുടെ മനസ്സിനനുസരിച്ച്, പുതിയ ടെക്നോളജികൾ വികസിക്കുന്നതിനനുസരിച്ച്, ഓണാഘോഷം വിപുലമാകുകയാണ്. ആഘോഷം വൈബാകുകയാണ്.
എത്ര വേണ്ടെന്നുവെച്ചാലും നമുക്ക് ഓണം ആഘോഷിക്കാതിരിക്കാനാവില്ല. പഴയ കാലത്തെ ഓണാഘോഷങ്ങളോർത്ത് ഗൃഹാതുരത്വം കൊള്ളുന്നവരുണ്ടാകാം. ഇപ്പോഴിതെന്ത് ഓണം എന്നു പറയുന്നവരുണ്ടാകാം. മാറിയ ചിട്ടവട്ടങ്ങൾക്കൊപ്പം അവരും ആഘോഷിക്കുകയാണ്. പോയകാലത്ത് കാർഷിക സമൃദ്ധിയുടെ ആഘോഷമായിരുന്നു ചിങ്ങമാസവും അത്തം മുതൽ പത്തുനാളും. ഇപ്പോൾ മറ്റ് പല സമൃദ്ധികളുടേതുമാണ് ഓണക്കാലം. കാർഷിക സമൃദ്ധിയിൽനിന്ന് ഉപഭോഗ സമൃദ്ധിയിലേക്ക് മാറിയെങ്കിലും പുതിയ കാലത്തെ മാറ്റങ്ങളുമായി ചേര്‍ത്തുനിര്‍ത്തുകയാണ് ആഘോഷങ്ങളെ. ഒന്നും വാങ്ങേണ്ട ആവശ്യമില്ലാത്ത ഒരു കുടുംബവും ഇന്നില്ല. സ്വന്തമായി ഒന്നും വിളയിക്കാത്തവരാണ് ഏറെയും. ഇവരെല്ലാം ചേർന്ന് വാങ്ങാനിറങ്ങുകയാണ്. അവർക്കായി എല്ലാം ഒരുക്കിവെച്ചിരിക്കയാണ് വിപണി. ഓണസദ്യവരെ തയാറാണ് അവിടെ. ഓണക്കോടി അല്ലെങ്കിൽ ഓണപ്പുടവ വാങ്ങുന്ന പാരമ്പര്യത്തിന് മാറ്റംവന്നിട്ടില്ല.
പരമ്പരാഗത ശൈലിയിലുള്ള പുളിയിലക്കര മുണ്ട്, പട്ടുപാവാട ദാവണി, എന്നിവയെല്ലാം മാറി പകരം റെഡിമെയ്ഡ് ഡിസൈനർ വസ്ത്രങ്ങൾ ഓണക്കോടികളായി. പുലികളി ഇപ്പോഴുമുണ്ട് മാറ്റമില്ലാതെ. നാട്ടിൻപുറങ്ങളിലെല്ലാം പുലികളിറങ്ങുന്നു കൊട്ടുംകുരവയുമായി. വിദ്യാലയങ്ങളിലും കലാലയങ്ങളിലും ഓണാഘോഷം തിമർക്കുന്നു. ഓഫിസുകളിലും മറ്റു സ്ഥാപനങ്ങളിലും ആഘോഷം തകർക്കുന്നു. ആരവങ്ങൾ സമൂഹമാധ്യമങ്ങളിലുമുയരുന്നു റീലുകളായി. കാലം എത്ര കടന്നുപോയാലും മാറ്റ് കുറയാത്ത ആഘോഷമാണെന്ന് തെളിയിക്കുകയാണ് ഓണം. ജീവിതരീതികളില്‍ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിച്ചാലും ഓണം എക്കാലത്തും ആവേശമാണ്. അതിന് കുടപിടിച്ച് ഓണനിലാവും ഓണത്തുമ്പികളുടെ മൂളലും ഇന്നും മാറാതെ നമുക്കൊപ്പമുണ്ട്. തുമ്പയും മുക്കുറ്റിയും കണ്ണാന്തളിയും കാക്കപ്പൂവും മിഴിതുറന്നു നിൽക്കുന്ന പ്രകൃതിയും നമുക്കൊപ്പമുണ്ട്. ഒളിച്ചുകളിക്കുന്ന മഴയും വെയിലും നമുക്കൊപ്പമുണ്ട്.