ഓണക്കാലങ്ങളിൽ ഓർമയിലെത്തും
text_fieldsയുവശക്തി ടീം അംഗങ്ങൾ
അരൂർ യുവശക്തി ആർട്സ് ക്ലബിന്റെ കൈകൊട്ടി അനുഭവങ്ങൾ നാലുപതിറ്റാണ്ട് കഴിഞ്ഞിട്ടും മറക്കാനാകുന്നില്ല. ഓരോ ഓണത്തിനും അന്ന് കൂടെ നടന്നവരോട് ഓർത്തുപറയാൻ ഒത്തിരിയുണ്ട്. അതെ... ഓര്മകളുടെ പൂക്കാലം കൂടിയാണ് ഓണം. കണ്ണുചിമ്മിയാല് തെളിഞ്ഞുവരുന്നത്ര അടുത്താണ് കഴിഞ്ഞുപോയ കാലങ്ങളെല്ലാം...
നാലുപതിറ്റാണ്ട് മുമ്പ് കൃത്യമായി പറഞ്ഞാൽ 1982ൽ അരൂർ കെൽട്രോൺ കമ്പനിയുടെ സമീപം കുമ്പളങ്ങി കായലോരത്തെ മത്സ്യത്തൊഴിലാളികളുടെയും സാധാരണക്കാരുടെയും മക്കൾ 15 മുതൽ 25 വയസ്സു വരെയുള്ളവരെല്ലാം ചേർന്ന് ഒരു ക്ലബിന് രൂപംകൊടുത്തു. അതാണ് യുവശക്തി ആർട്സ് ക്ലബ്. വട്ടക്കളി അഥവ കൈകൊട്ടിക്കളിക്ക് ടീമിനെ കോർത്തിണക്കി. ഇല്ലായ്മകളുടെ കൂരകളിൽ സ്വപ്നങ്ങൾ വാരിക്കൂട്ടാൻ വെമ്പുന്ന കാലം കൂടിയായിരുന്നു അത്.
ഓണത്തിന്റെ വരവറിയിക്കാൻ ചിത്രപ്പെട്ടികൾ ഇല്ലാത്ത കാലം. വമ്പൻ ഗൃഹോപകരണ കച്ചവട സ്ഥാപനങ്ങളില്ലാത്ത കാലം. ആഘോഷിക്കാൻ, ആഹ്ലാദിക്കാൻ നാട്ടുകാർ തന്നെ ഓണം ഒരുക്കണം. ചെറുപ്പക്കാരായ കുറെപേർ ആഘോഷിക്കാൻ മാത്രമല്ല, മറ്റുള്ളവരെ ആഘോഷിപ്പിക്കാൻ കൂടി ഒരു പരിപാടി ആലോചിച്ചു. നാടാകെ ഉത്സവമാക്കാൻ യുവാക്കൾ കണ്ടുപിടിച്ച കലാപരിപാടിയാണ് വട്ടക്കളി. അതിന് അന്ന് വലിയ സ്വീകാര്യതയും ഉണ്ടായിരുന്നു. 25 പേരോളം ചേർന്നാണ് ക്ലബിന് രൂപംകൊടുത്തത്. പിന്നെയും ചെറുപ്പക്കാർ ക്ലബിൽ ചേർന്നുകൊണ്ടിരുന്നു. 12 വർഷം തുടർച്ചയായി ഓണത്തിന് കൈകൊട്ടിക്കളി പരിശീലിച്ച് പുതുമയോടെ അവതരിപ്പിച്ചു. കൂടാതെ മത്സരങ്ങളിൽ പങ്കെടുത്തു.
സമ്മാനങ്ങൾ വാരിക്കൂട്ടി. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ നൂറുകണക്കിന് വേദികളിൽ കൈകൊട്ടിക്കളി അവതരിപ്പിച്ചു. 20 പേരുടെ ടീമാണ് കളിക്കുന്നത്. 25 പേരോളം സംഘത്തിൽ ഉണ്ടാകും. കൊച്ചിൻ സൈനുദ്ദീൻ ആയിരുന്നു പരിശീലകൻ. കവിത നൃത്താലയത്തിന്റെ ഉടമയുടെ അർപ്പണബോധത്തോടെയുള്ള പരിശീലനം യുവശക്തിയുടെ കൈകൊട്ടിക്കളി മികവുറ്റതാക്കി. 15 ടീമുകൾ പങ്കെടുക്കുന്ന മത്സരങ്ങളിൽനിന്ന് സമ്മാനവുമായി യുവശക്തി നാട്ടിലെത്തുമ്പോൾ ആഘോഷം അലതല്ലും.
14 പാട്ടുകളുടെ കളി പഠിച്ചു. ആദ്യവർഷം ആറുമാസത്തെ പരിശീലനം വേണ്ടിവന്നു. രാവിലെ മുതൽ അടുത്ത ദിവസം പുലരും വരെ പല വേദികളിൽ പലസ്ഥലങ്ങളിലും കൈകൊട്ടിക്കളി അവതരിപ്പിക്കാൻ കിലോമീറ്ററുകൾ സഞ്ചരിച്ചതും ഓർമയിലുണ്ട്. ടെമ്പോ ട്രാവലർ വാടകക്കെടുത്തായിരുന്നു സഞ്ചാരം. പലർക്കും ഇപ്പോൾ പ്രായം 60 കഴിഞ്ഞു. കന്യാകുന്നത് മനോഹരൻ ഇപ്പോഴും പഴയ ഗ്രൂപ് ഫോട്ടോ നിധിപോലെ കാത്തുവെച്ചിരിക്കുന്നു.
സ്വരൂപിക്കുന്ന പണം അത്യാവശ്യം ചെലവുകൾക്ക് ശേഷം ബാക്കി അടുത്ത വർഷത്തെ പരിശീലനത്തിനും മാറ്റിവെക്കും. വെള്ളഷർട്ടും വെള്ളമുണ്ടും ഷാളുമായിരുന്നു വേഷം. രണ്ട് ജോടി ഡ്രസ് വേണ്ടിവരും. വലിയ കായികാഭ്യാസം വേണ്ട കളിയായിരുന്നു അന്നത്തെ കൈകൊട്ടിക്കളി. രണ്ടുമൂന്നു കിലോമീറ്റർ അകലെ കൈകൊട്ടുന്ന ശബ്ദവും പാട്ടും കേൾക്കാൻ കഴിയും. പാട്ടുപാടിയാണ് കളിക്കുന്നത്. പാട്ടിനൊപ്പം ചാടിയും തുള്ളിയും വട്ടത്തിൽ കളിക്കും. ദൃശ്യാവിഷ്കാരവുമുണ്ട്. വള്ളംകളിയുടെ പാട്ടുപാടുമ്പോൾ ചുണ്ടൻവള്ളത്തിനു മുകളിൽ ഇരിക്കുന്ന തുഴക്കാരെയും കാണിക്കണം.
കാണികൾക്കും കൈകൊട്ടിക്കളി അന്നൊക്കെ ഹരമായിരുന്നു. കളിക്കാരുടെ ഒപ്പം കിലോമീറ്ററുകൾ സഞ്ചരിച്ച് കളി കാണാറുണ്ടായിരുന്നു. അഞ്ചുവർഷം മുമ്പ് യുവശക്തിയെ പുനർജനിപ്പിക്കാൻ പഴയ ഭാരവാഹികൾ ഒരുശ്രമം നടത്തി. പുതിയതലമുറക്ക് കഠിന കായികാഭ്യാസം വഴങ്ങിയില്ല. കലാസ്വാദനത്തിന്റെ കാലവും മാറി.