ഒരു തെക്കുവടക്കൻ ഓണസദ്യവിശേഷം
text_fieldsകുടുംബത്തിലെ എല്ലാവരും കൂടി ഒന്നിച്ചിരുന്ന് കഴിക്കുമ്പോഴുള്ള സന്തോഷമാണ് ഓണം. തൂശനിലയിൽ ചോറിനൊപ്പം നിരവധി തൊടുകറികളും സാമ്പാറും കാളനും മോരും രസവും പായസങ്ങളും ചേരുന്ന സദ്യ നാവിൽ തീർക്കുക ഒരിക്കലും മായാത്ത രുചിയോർമകളാണ്
ഉണ്ണുന്നെങ്കിൽ ഓണം ഉണ്ണണം’ എന്നാണ് ചൊല്ല് തന്നെ. അത്രക്കുണ്ട് മലയാളിക്ക് ഓണസദ്യയോടുള്ള രുചിക്കമ്പം. തൂശനിലയിൽ ചോറിനൊപ്പം നിരവധി തൊടുകറികളും സാമ്പാറും കാളനും മോരും രസവും പായസങ്ങളും ചേരുന്ന സദ്യ നാവിൽ തീർക്കുക ഒരിക്കലും മായാത്ത രുചിയോർമകളാണ്. പത്ത് നാളിലും സദ്യയൊരുക്കിയിരുന്ന പണ്ടുകാലത്തിൽനിന്ന് ഇന്ന് ഏറെ മാറ്റം വന്നെങ്കിലും ഒരു കാര്യത്തിൽ അന്നും ഇന്നും മാറ്റമില്ല. തിരുവോണത്തിന് വിഭവസമൃദ്ധമായ സദ്യതന്നെ വേണം.
പക്ഷേ, ആറു മലയാളിക്ക് നൂറു മലയാളം എന്ന പോലെ സദ്യക്കാര്യത്തിലുമുണ്ട് ഈ വേർതിരിവ്. പൊതുവെ മിക്കയിടത്തും പച്ചക്കറി വിഭവങ്ങളാണ് ഓണസദ്യയിൽ ഇടംപിടിക്കുക. എന്നാൽ, ചില ഇടങ്ങളിൽ വിശേഷിച്ച് വടക്കേ മലബാറിൽ നോൺ വെജ് സദ്യക്കാണ് ഇഷ്ടക്കൂടുതൽ. ഇത് കേൾക്കുന്ന തെക്കൻ കേരളീയൻ അയ്യേ എന്ന് പറഞ്ഞ് മൂക്കത്തുവിരൽ വെച്ചാലും നോൺവെജ് ഓണത്തിൽ വടക്കന് അഭിമാനമേയുള്ളൂ.
വില കൂടിയാലും ചിക്കനോ നല്ലയിനം മീനോ ഇല്ലാതെ എന്ത് ഓണം എന്നാണ് പഴമക്കാർപോലും ചോദിക്കുന്നത്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ സദ്യക്കൊപ്പം ഇലയിൽ ചിക്കനോ മീനോ ഇല്ലാത്ത കാര്യം ആലോചിക്കാനേ വയ്യ. എന്നാൽ, ഇവിടങ്ങളിൽ ഇവയൊന്നും കഴിക്കാത്ത കൂട്ടരും ഏറെയുണ്ട്. പച്ചക്കറിയല്ലാതെ മറ്റൊന്നും വീട്ടിലേക്ക് അടുപ്പിക്കാത്തവർ. അത്ര നിർബന്ധമാണെങ്കിൽ തിരുവോണം കഴിഞ്ഞുള്ള ദിവസം നോക്കാം എന്ന ചിട്ടവട്ടം പാലിക്കുന്നവർ.
വലുതും വിലകൂടിയതുമായ മീനാണ് തിരുവോണനാളിൽ മലബാറുകാർ വാങ്ങുക. ആവോലി, അയക്കൂറ, കരിമീൻ തുടങ്ങിയവയുടെ വിലയൊക്കെ റോക്കറ്റിനേക്കാൾ കുതിക്കും. കാണം വിറ്റും ഓണം ഉണ്ണണം എന്നാണല്ലോ ചൊല്ല്. അതിനാൽ വിലയൊക്കെ അന്നത്തേക്ക് മറക്കും.
ചിക്കനും മീനും മാറി ഇപ്പോൾ ബിരിയാണിവരെ മലബാറിലെ സദ്യയിൽ ഇടംപിടിച്ചുതുടങ്ങിയിട്ടുണ്ട്. തിരുവോണം അടുക്കുന്നതോടെ ലോഡ് കണക്കിന് കോഴിവണ്ടികളാണ് അയൽ സംസ്ഥാനങ്ങളിൽനിന്ന് അതിർത്തി കടന്ന് മലബാറിലേക്ക് എത്തുന്നത്. ഓണത്തിന് കച്ചവടം പൊടി പൊടിക്കാനായി ചിക്കനൊപ്പം പച്ചക്കറി കിറ്റ് സൗജന്യമായി കൊടുക്കുന്ന കടക്കാർ വരെയുണ്ട് മലപ്പുറത്തും കോഴിക്കോടുമൊക്കെ. ഓണം, വിഷു പോലുള്ള സീസൺ ലക്ഷ്യമിട്ട് മത്സ്യ കൃഷി നടത്തുന്നവരെയും കാണാം. എന്തൊക്കെയാണെങ്കിലും അവനവന് ഇഷ്ടമുള്ളത് ഉണ്ടാക്കി അത് കുടുംബത്തിലെ എല്ലാവരും കൂടി ഒന്നിച്ചിരുന്ന് കഴിക്കുമ്പോഴുള്ള സന്തോഷം തന്നെയാണല്ലോ ഓണം.
നല്ലോണം അറിഞ്ഞുണ്ണാം
ഓണം ഉണ്ടറിയണം എന്നാണ് ചൊല്ല്. വിഭവസമൃദ്ധമായ ഊണിനെയാണ് സദ്യ എന്ന് വിളിക്കുന്നത്. എല്ലാ രുചികളും അടങ്ങിയ സമ്പൂർണവും സമീകൃതവുമായ ആഹാരമാണ് സദ്യ. ‘ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പമുള്ള മഹാഭോജനം’ എന്ന് അർഥമുള്ള ‘സഗ്ധി’ എന്ന സംസ്കൃതശബ്ദത്തിൽനിന്നാണ് ‘സദ്യ’ എന്ന വാക്കിന്റെ ഉദ്ഭവം. നിലത്ത് ചമ്രം പടിഞ്ഞിരുന്ന് വാഴയിലയിലാണ് പാരമ്പര്യമായി സദ്യയുണ്ണുന്ന രീതി. 26 കൂട്ടം വിഭവങ്ങളാണ് ഉൾപ്പെടുക. സദ്യ വിളമ്പുന്നതിനും കഴിക്കുന്നതിനും ചിട്ടവട്ടങ്ങളുണ്ട്. കറികളുടെ എണ്ണത്തിലും വിളമ്പുന്ന രീതിയിലും പ്രാദേശികമായ വ്യത്യാസങ്ങൾ കാണാം. എന്നാലും പൊതുവായി വിളമ്പുന്ന രീതിയുണ്ട്. അപ്പോൾ ഇത്തവണ അറിഞ്ഞുണ്ണാം.
ഇലയിടാം
തൂശനിലയിലായിരിക്കണം സദ്യ വിളമ്പേണ്ടത്. നാക്കിലയെന്നും പറയും. ഇലയുടെ അഗ്രഭാഗം ഇരിക്കുന്നയാളുടെ ഇടത് വശത്തും മുറിച്ച ഭാഗം വലതുവശത്തുമായി വേണം ഇലയിടാൻ.
ഇനി വിളമ്പാം
ഓരോ വിഭവത്തിനും ഓരോ ഗുണമായതിനാൽ അത് വിളമ്പുന്നതിനും അതിന്റേതായ സ്ഥാനവുമുണ്ട്. ഇലയുടെ ഇടതുവശത്ത് താഴെയായി ഉപ്പ്, പപ്പടം, പഴം, ശർക്കര വരട്ടി, കായ വറുത്തത് എന്നിവ വിളമ്പാം. ഇടത്തേ മൂലയിൽ മുകളിലായി പുളിയിഞ്ചിയും അച്ചാറുകളും വിളമ്പും. തുടർന്ന് കിച്ചടി, പച്ചടി, അവിയൽ, തോരൻ, കൂട്ടുകറി, എരിശ്ശേരി, ഓലൻ എന്നിവ. കാളൻ വലത്തേയറ്റത്താണ് വിളമ്പുക. കറിയെല്ലാം വിളമ്പിയാൽ പിന്നെ ചോറ് നടുവിലായി വിളമ്പാം. പിന്നാലെ പരിപ്പും നെയ്യും ചോറിന്റെ വലതുവശം. അതിനുശേഷം സാമ്പാർ, മോരു കറി, ഉള്ളി തീയൽ, രസം, സംഭാരം. ശേഷം പായസം.
കഴിച്ചു തുടങ്ങാം
മധുരം, പുളി, ഉപ്പ്, എരിവ്, കയ്പ്, ചവർപ്പ് എന്നിവയാണ് ആറുരസങ്ങൾ. ഈ ക്രമത്തിലാകണം കഴിക്കേണ്ടത്. ആദ്യം കഴിക്കേണ്ടത് ശർക്കര വരട്ടിയും കായ വറുത്തതുമാണ്. ശർക്കര വരട്ടിയിലെ മധുരം നാവിലെ രസമുകുളങ്ങളെ ഉണർത്തും. അടുത്തത് ചോറ്. ആദ്യം നെയ്യും പരിപ്പും പപ്പടം കൂട്ടി കഴിക്കണം. നെയ്യ് ശരീരത്തിലെ അഗ്നിയെ ഉത്തേജിപ്പിക്കുന്നു. അഗ്നിയാണ് ദഹനം ഉണ്ടാക്കുന്നത്. ശേഷം പുളിയിഞ്ചി. മധുരവും ഇഞ്ചിയും ദഹനേന്ദ്രിയത്തെ ഉത്തേജിപ്പിക്കും.
പുളിയിഞ്ചിക്കുശേഷം മധുരമുള്ള കറികൾ കൂട്ടാം. പിന്നീട് കൂട്ടുകറി. അടുത്തത് മത്തൻ എരിശ്ശേരി. തുടർന്ന് കാളനും അവിയലും പച്ചടിയും എരിശ്ശേരിയുമെല്ലാം കഴിക്കാം. മധുരവും പുളിയും കഴിഞ്ഞാൽ ഉപ്പും എരിവുമുള്ള വിഭവങ്ങളുടെ രുചിയറിയാം. അച്ചാർ, പച്ചടി, തോരൻ എന്നിവ കഴിക്കാം.
ചോറും സാമ്പാറും കഴിഞ്ഞാൽ ചോറും രസവും കഴിക്കണം. ശേഷം പായസം കഴിക്കാം. അടപ്രഥമനാണ് ആദ്യം. തെക്കൻ കേരളത്തിൽ പഴമുടച്ചാണ് കഴിക്കുക. വടക്കേ മലബാറിലും മധ്യകേരളത്തിലും സദ്യക്ക് പാലടയാണ് പ്രധാനം. അട കഴിഞ്ഞാൽ പാൽ പായസമോ സേമിയയോ പരിപ്പ് പായസമോ ആകാം. തെക്ക് പാലടക്കും പാൽപായസത്തിനും സേമിയക്കുമൊപ്പം ബോളി വിളമ്പും. പായസത്തിന് ശേഷം മോര് കൂട്ടി വീണ്ടും ചോറ് കഴിക്കണം. ദഹനം ശരിയായി നടക്കാനാണിത്. ഏറ്റവുമൊടുവിൽ ഒരു പഴം കൂടി കഴിച്ചാൽ ഇല മടക്കാം. ഇല മടക്കുന്നതിനും അതിന്റേതായ രീതിയുണ്ട്. ഊണ് ഇഷ്ടപ്പെട്ടാൽ ഇല മുകളിൽനിന്ന് താഴോട്ടാണ് മടക്കുക.
ഓലനാണ് താരം
ഏതു തൊടുകറി കഴിച്ചാലും ഒരൽപം ഓലൻ കഴിച്ചിട്ടാണ് മറ്റൊരു കറി കഴിക്കേണ്ടത്. ഉപ്പോ എരിവോ മറ്റ് രുചിക്കൂട്ടുകളോ ചേർക്കാതെ ഉണ്ടാക്കുന്ന ഓലൻ കഴിക്കുമ്പോൾ മുമ്പ് കഴിച്ച വിഭവത്തിന്റെ രുചി നാവിൽനിന്ന് മാറിനിൽക്കും. അതിനാൽ ഓരോ കറിയുടെയും യഥാർഥ രുചി അറിഞ്ഞുണ്ണാം.