Begin typing your search above and press return to search.
exit_to_app
exit_to_app
ഓണക്കാലം
cancel

കാലങ്ങൾ എത്ര കഴിഞ്ഞാലും ഓണം എന്നത് ബാല്യകാലത്തെ ഓർമ്മകളുടെയും അനുഭവങ്ങളുടെയും കൂടിച്ചേരലാണ്. ബാല്യത്തിന്റെ നിഷ്കളങ്കതയിൽ തുടങ്ങി പ്രവാസത്തിന്റെ തിരക്കുകൾ വരെ നീളുന്ന ആ ഓർമ്മകൾ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു.

ഓണക്കാലം വരുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടിഎത്തുന്നത് കൂട്ടുകാർകൊപ്പം പാടത്തും പറമ്പിലും ഓടിനടന്ന് പൂക്കൾ പറിച്ചിരുന്ന കുട്ടിക്കാലമാണ്. ഇന്നത്തെപ്പോലെ കടകളിൽ നിന്ന് പൂക്കൾ വാങ്ങുന്ന ശീലമില്ലായിരുന്നില്ല അന്ന്. തുമ്പയും മുക്കുറ്റിയും തെച്ചിയും തേടി നാടും വീടും അലഞ്ഞുതിരിഞ്ഞു നടന്ന ആ കാലത്തിനു പ്രത്യേക ഭംഗിയുണ്ടായിരുന്നു.

പിന്നീട് ഓണാഘോഷം സ്കൂൾ മുറ്റങ്ങളിലേക്കും ക്ലാസ് മുറികളിലേക്കും വളർന്നു. പൂക്കള മത്സരങ്ങളും, നാരങ്ങ സ്പൂൺ,കസേരക്കളികളും,സ്കൂൾ കാലത്തെ ഓരോ വർഷവും മനോഹരമാക്കി. യു.പി,ഹൈസ്കൂൾ ക്ലാസ്സ്‌കളിലെത്തിയപ്പോൾ ആവേശം ഇരട്ടിച്ചു. അന്ന് ഇന്നത്തെപ്പോലെ കയ്യിൽ അധികം പണമില്ലാത്തതുകൊണ്ട് കൂട്ടുകാരെല്ലാം ചേർന്ന് ചെറിയൊരു ബഡ്ജറ്റിൽ ഒരുക്കിയ ഓണസദ്യ ഇന്നും മനസ്സിലുണ്ട്.

ഓരോരുത്തരും വീട്ടിൽ നിന്ന് അവീലും, തോരനും, മറ്റു കറികൾ എല്ലാം കൊണ്ടുവന്ന് സ്കൂളിൽ വെച്ച് പായസവും ചോറും മാത്രം ഉണ്ടാക്കി ഒന്നിച്ചിരുന്നു കഴിച്ച ആ സദ്യ നൽകിയ സന്തോഷവും ഓർമകളും മനസ്സിൽ മായാതെ നിൽക്കുന്നു. നാട്ടിലെ ക്ലബ്ബുകളുടെ ഓണാഘോഷപരിപാടികൾ ആണ് മറ്റു പ്രധാന ഓർമ്മകൾ.

ഞങ്ങളുടെ നാട്ടിലെ ക്ലബ്ബുകളായ ന്യൂസ് സ്റ്റാർ ആൻഡ് സ്പോർട്സ് ക്ലബ് വെള്ളപ്പാടം, ബ്രദർസ് ക്ലബ് മൈലമ്പാടം പോലുള്ളവ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ നാടിന്റെ മുഴുവൻ ആഘോഷമായി മാറുമായിരുന്നു. കുട്ടിയായിരിക്കുമ്പോൾ മത്സരങ്ങളിൽ പങ്കെടുത്തും, മുതിർന്നപ്പോൾ ആ പരിപാടികളുടെ നടത്തിപ്പുകാരായി മാറിയും ആ കാലഘട്ടം കടന്നുപോയി. തലയണയടി, ഉറിയടി, ചാക്കിലോട്ടം മുതൽ വടംവലി വരെ നീണ്ട ആ മത്സരങ്ങളും അവ സമ്മാനിച്ച ആവേശവും വാക്കുകൾക്കതീതമാണ്.

പ്രവാസത്തിന്റെ മണ്ണിൽ എത്തിയപ്പോൾ സാഹചര്യങ്ങൾ മാറിമറിഞ്ഞു. അസോസിയേഷനുകളുടെ കീഴിലും, പ്രിയപ്പെട്ട സുഹൃത്തുക്കളുമൊത്ത് റൂമിലും ഓണാഘോഷം ചുരുങ്ങി. ജോലിത്തിരക്കുകൾക്കും പ്രവാസത്തിന്റെ ഏകാന്തതകൾക്കും ഇടയിൽ ലഭിക്കുന്ന ഈ ചെറിയ അവധി പോലും, നാട്ടിലെ ആ പഴയ കാലത്തേക്ക് നമ്മെ തിരികെ കൊണ്ടുപോകുന്ന വലിയൊരു കുളിർമയാണ്. ഓണം വെറുമൊരു ആഘോഷമല്ല, ദൂരങ്ങൾക്കിടയിലും നാം കൊണ്ടുനടക്കുന്ന നമ്മെ എപ്പോഴും ഒന്നിപ്പിക്കുന്ന ഓർമ്മകളുടെ ഒരു കൂടിച്ചേരലാണല്ലോ...

Show Full Article
TAGS:onam Season onam celebration Kuwait gulf 
News Summary - Onam season
Next Story