മാറുന്ന ഓണക്കാലം
text_fieldsഉപ്പേരി വറുക്കുന്ന തൊഴിലാളി
ഓണനാളുകളിൽ ചൂൽ ഉപയോഗിക്കാതെ പുരയിടത്തിലെ തുമ്പ പറിച്ചുകെട്ടി വീട്ടകം വൃത്തിയാക്കുന്ന രീതികളും ഇപ്പോഴില്ല. വോളിബാൾ, ഫുട്ബാൾ, ചീട്ടുകളി, പകിടകളി, നാടൻ പന്തുകളി, വടംവലി, കബഡി, കിങ്, കുടുകുടു, വട്ട്, കുറ്റിയും കോലും, കാരംസ് തുടങ്ങിയ കളികളുടെ പ്രാധാന്യവും ഇല്ലാതായി. വീട്ടിലും പറമ്പിലും അധ്വാനിച്ചുണ്ടാക്കിയ വിഭവങ്ങൾകൊണ്ട് ഓണസദ്യയൊരുക്കാൻ ആർക്കും നേരമില്ല
നാട്ടിൻപുറത്തെ കൂട്ടായ്മകളും കൃഷിയും വിളവെടുപ്പും ഒക്കെ ചേർന്ന ഓണനാളുകൾ ഇനി പുനർജനിക്കില്ല. തുമ്പിതുള്ളലും തിരുവാതിരയും ആർപ്പോ... ഇർറോ... വിളികളും ഓണത്തല്ലും ഊഞ്ഞാലാട്ടവും കടുവകളിയും ഒക്കെ നാട്ടിൻപുറങ്ങളിലെയും നഗരങ്ങളിലെയും വീഥികൾ കൈയടക്കിയിരുന്ന കാലവും ഇനിവരില്ല.
ഓണക്കാലത്ത് എല്ലാവരും സ്വന്തം കുടുംബങ്ങളിൽ എത്തിച്ചേരുന്ന കാലവും മാറുകയാണ്. ഇപ്പോൾ മിക്ക കുടുംബങ്ങളും ടൂറുകൾ പ്ലാൻ ചെയ്യുകയാണ് ഓണക്കാലത്ത്. മൈതാനങ്ങളിലെ ഓണാഘോഷങ്ങളുടെ കാലവും ഇനിയുണ്ടാകില്ല. ഇലക്ട്രോണിക്സ് - നവമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പരിപാടികളിലാണ് എല്ലാവർക്കും താൽപര്യം. പാടങ്ങൾ നികത്തി കരഭൂമികളായി മാറിയതോടെ പുന്നെല്ലരിച്ചോറിന്റെ രുചിയും ഇല്ലാതായി.
ഓണക്കുലക്കായുള്ള ഏത്തവാഴ, നാടൻ കുടിവാഴ, കപ്പ, വെട്ടുചേമ്പ്, ചേന, പച്ചക്കറികൾ തുടങ്ങിയവപോലും നാമമാത്രമായാണ് നാട്ടിൻപുറങ്ങളിൽ വിളയിപ്പിച്ചെടുക്കുന്നത്. തേങ്ങ കൊപ്രയാക്കി ആട്ടി എണ്ണയാക്കാൻ ഇപ്പോൾ തെങ്ങും തേങ്ങയുമില്ല.
ഇവ ഉള്ളവർക്ക് തേങ്ങയുണക്കാൻ ഇത്തവണ കാലാവസ്ഥ തിരിച്ചടിയായി. മുളക്, മല്ലി, ഉൾപ്പെടെ വാങ്ങി കഴുകി വൃത്തിയാക്കി ഉണക്കിപ്പൊടിക്കുന്ന രീതിയും നന്നേ കുറഞ്ഞു. വിവിധതരം കറിപ്പൊടികളും ഉപ്പേരി വകകളും എണ്ണകളും നിത്യോപയോഗ സാധനങ്ങളുമാണ് എല്ലാവരും വാങ്ങിക്കൂട്ടുന്നത്.
അത്തപ്പൂക്കളങ്ങൾക്കായി തൊടിയിലും നാട്ടിലെ വേലിക്കെട്ടുകളിലും കുട്ടികൾ മുതൽ മുതിർന്നവർ വരെ നാനാതരം പൂക്കൾ ശേഖരിക്കുന്ന പ്രവണതയും കാലഹരണപ്പെട്ടു. പൂവേപൊലിയെന്ന പൂവിളിയും കേൾക്കാനില്ല. കടകളിൽനിന്നും വിവിധ തരം പൂക്കളുടെ മിശ്രിതം വാങ്ങി കളം നിറക്കുന്നു.
ഓണനാളുകളിൽ ചൂൽ ഉപയോഗിക്കാതെ പുരയിടത്തിലെ തുമ്പ പറിച്ചുകെട്ടി വീട്ടകം വൃത്തിയാക്കുന്ന രീതികളും ഇപ്പോൾ ഇല്ല. വോളിബാൾ, ഫുട്ബാൾ, ചീട്ടുകളി, പകിടകളി, നാടൻ പന്തുകളി, വടംവലി, കബഡി, കിങ്, കുടുകുടു, വട്ട്, കുറ്റിയും കോലും, കാരംസ് തുടങ്ങിയ കളികളുടെ പ്രാധാന്യവും ഇല്ലാതായി. വീട്ടിലും പറമ്പിലും അധ്വാനിച്ചുണ്ടാക്കിയ വിഭവങ്ങൾകൊണ്ട് ഓണസദ്യയൊരുക്കാൻ ആർക്കും നേരമില്ല.
300 രൂപ മുതൽ മുകളിലേക്കു വിലയുള്ള ഓണസദ്യകൾക്ക് ഓർഡർ നൽകി പാർസലായി നൽകുന്ന ഹോട്ടലുകളും വ്യക്തികളും സംഘടനകളും നാട്ടിൽ സജീവമാണ്. വിവിധ തരം പായസങ്ങളും സുലഭമായി വാങ്ങാനാകും. ഓണക്കോടികൾക്ക് തുണിയെടുത്ത് തുന്നിയെടുക്കുന്ന രീതിയും പോയ്മറഞ്ഞു. തയ്യൽക്കൂലി വർധനയും യഥാസമയം ഉപയോഗിക്കാൻ പറ്റുന്ന വിധത്തിൽ തയ്ച്ചു കിട്ടാത്തതുമാണ് തുന്നുന്ന രീതിക്ക് തിരിച്ചടിയായത്. പുറംനാടുകളിൽ പോയവരെല്ലാം ഒത്തുചേരുന്ന ഓണക്കാലവും പോകുകയാണ്.