ഇന്ന് ചോതി; മൂക്കുറ്റികൊണ്ട് മൂടാം മൂന്നാം പൂക്കളം
text_fieldsപയ്യന്നൂർ: പഴയ കാലങ്ങളിൽ ചോതി ദിനത്തിൽ പൂക്കളത്തിന് ഉപയോഗിച്ചിരുന്നത് ദശപുഷ്പത്തിൽ പ്രധാനമായ മുക്കുറ്റിയായിരുന്നു. മഞ്ഞനിറത്തിലുള്ള ഈ പൂവ് ചെറുതെങ്കിലും സൗന്ദര്യത്തിൽ ഏറെ മുന്നിലാണ്.
കേരളത്തിലുടനീളം കാണപ്പെടുന്ന മുക്കുറ്റിയും ഒരു ഏക വാർഷിക സസ്യമാണ്. മുറ്റത്തും ഗൃഹപരിസരങ്ങളിലും മഴക്കാലത്ത് സർവസാധാരണയായി കാണപ്പെടുന്നു. പഴയ കാലത്തെ ഓണപ്പൂക്കളത്തിലെ അവിഭാജ്യഘടകമായ മുക്കുറ്റിപ്പൂ തേടി കുട്ടികൾ നടക്കാറുണ്ട്. മഞ്ഞപ്പൂക്കളുമായി അങ്ങിങ്ങായി കാണപ്പെടുന്ന കുറിയ മുക്കുറ്റിയുടെ കാഴ്ച നയനാനന്ദകരമാണ്. ഈ സസ്യവും കവികളുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
ഇന്ന് ഇതുമൊരു അപൂർവസസ്യമായി മാറി. പൂർണമായി അപ്രത്യക്ഷമാകാൻ കാത്തിരിക്കുകയാണ് ഈ ചെറുസസ്യവും. മുക്കുറ്റിക്ക് രണ്ടു മൂന്നിഞ്ചിൽ കൂടുതൽ ഉയരമില്ല. തണ്ടിന്റെ നീളവും അത്രതന്നെ. ഇളം പിങ്ക് നിറമാണ് തണ്ടിന്. തണ്ടിന്റെ അറ്റത്ത് ഇലകൾ കൂട്ടമായി വിവിധ ഭാഗങ്ങളിലേക്ക് ചൂണ്ടി വിന്യസിച്ചിരിക്കുന്നു. 10 മുതൽ 20 വരെ ഇലകൾ കാണും.
ഏകദേശം ഭൂമിക്ക് സമാന്തരമായാണ് ഇലകൾ വിന്യസിച്ചിരിക്കുന്നത്. മധ്യത്തിലാണ് പൂക്കളുണ്ടാവുക. ആയുർവേദത്തിൽ വലിയ സ്ഥാനമാണ് മുക്കുറ്റിക്ക്. നിരവധി മരുന്നുകളിലെ ചേരുവയാണ്. ഒറ്റമൂലിയായും ഉപയോഗിക്കുന്നു. ശാസ്ത്രനാമം ബയോഫൈറ്റം സെൻസിറ്റൈവം. കുടുംബം ഓക്സാഡിലേ.