ഓണത്തിനെ വരവേൽക്കാനൊരുങ്ങി ഓണത്തപ്പന്മാര്
text_fieldsഓണത്തപ്പനെ ഒരുക്കുന്ന എഴിപ്രം നെടുമ്പിള്ളിക്കുടി വീട്ടില്‍ രാഘവനും ഭാര്യ മല്ലികയും
പൂക്കളവും സദ്യയും ഓണാഘോഷത്തില്‍ പ്രധാനമാണെങ്കിലും താരമാണ് ഓണത്തപ്പന്. ഇതിന്റെ നിര്‍മാണപ്രവൃത്തികള്‍ മാസങ്ങള്‍ക്ക് മുമ്പേ ജില്ലയുടെ പല ഭാഗത്തും ആരംഭിച്ചു. പെരുമ്പാവൂര്‍ മേഖലയില്‍ മഞ്ഞപ്പെട്ടി, മാറമ്പള്ളി, എഴിപ്രം ഭാഗത്ത് മാത്രം വേളാന്‍ വിഭാഗത്തില്‍പ്പെട്ട 90ഓളം കുടുംബങ്ങള്‍ ഓണത്തപ്പന് നിര്‍മാണവും വില്പനയുമായി സജീവമായിരുന്നു. എന്നാല്‍, ഇപ്പോൾ ഈ രംഗത്തുള്ളത് നാല് കുടുംബങ്ങളാണ്. നെടുമ്പിള്ളിക്കുടി വീട്ടില്‍ രാഘവനും ഭാര്യ മല്ലികയും ഇതിനകം നൂറുകണക്കിന് ഓണത്തപ്പന്മാരെ തയാറാക്കിക്കഴിഞ്ഞു.
ഓണത്തപ്പന് പുറമെ കണിയായി വെക്കുന്ന മുത്തിയമ്മ, അമ്മി, ഉരല്, ചിരവ, പീഠം എന്നിവയും ഇവിടങ്ങളില്‍ നിര്‍മിക്കുന്നുണ്ട്. ഇവ ജില്ലയുടെ പല ഭാഗത്തേക്കും വില്പനക്ക് കയറ്റി അയക്കുന്നു. മൂന്നുമാസം മുമ്പ് ഇതിന്റെ പണികള്‍ ആരംഭിച്ചതായി വര്‍ഷങ്ങളായി ഈ രംഗത്ത് സജീവമായ മഞ്ഞപ്പെട്ടി പൊതിയില്‍ താനത്ത് വീട്ടില്‍ സുമതി രാജന് പറഞ്ഞു. ഭൂരിഭാഗംപേരും കൈകൊണ്ടാണ് ഇവ നിര്‍മിക്കുന്നത്. തൃശൂര്‍ ജില്ലയിലെ ഒല്ലൂര്‍ ഭാഗത്തുനിന്ന് കൊണ്ടുവരുന്ന കുഴച്ച മണ്ണാണ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്.
ഓരോ വര്‍ഷവും പെരുമ്പാവൂര്‍ ടൗണിലെ ശ്രീധര്‍മശാസ്ത ക്ഷേത്രത്തിന് സമീപത്ത് മാത്രം ആയിരക്കണക്കിന് ഓണത്തപ്പന്മാരാണ് വിറ്റഴിക്കപ്പെടുന്നത്. കൂടാതെ നഗരത്തിന്റെ പലഭാഗത്തും ഇവയുടെ വില്പനയുണ്ടാകും. എറണാകുളം, തൃപ്പൂണിത്തുറ ഭാഗങ്ങളിലേക്ക് നിരവധി കച്ചവടക്കാര്‍ ഇവിടെനിന്ന് ഓണത്തപ്പന് ഉൾപ്പെടെ സാധനങ്ങള്‍ കൊണ്ടുപോകുന്നുണ്ട്. മണ്‍പാത്രങ്ങ നിര്‍മാണ രംഗത്തുള്ള കുടുംബങ്ങളുടെ ഒരുവര്‍ഷത്തെ ജീവിതചെലവിന്റെ നീക്കിയിരിപ്പ് കൂടിയാണ് ഇവയുടെ വിറ്റുവരവ്. പഴയ തലമുറയിലുള്ളവര്‍ ഈ രംഗത്ത് സജീവമാണെങ്കിലും പുതുതലമുറക്ക് ഈ തൊഴിലിനോട് അത്ര താല്പര്യമില്ല.


