ഓണം പോലില്ല മറ്റൊന്ന്, പക്ഷേ....
text_fields'തൃശൂർ ജില്ലയുടെ വടക്കേയറ്റമാണ് അക്കിക്കാവ്. അക്കിക്കാവാണ് എന്റെ ദേശം.  ഓർത്തുപറയാനുള്ള ഓണക്കാലമില്ല. എന്നാൽ, ഇങ്ങനെ ഓണംപോലെ മലയാളി ഒന്നിച്ച് ആഘോഷിക്കുന്ന മറ്റൊന്ന് നമുക്കില്ലെന്ന് പറയാം...' സാഹിത്യകാരൻ റഫീഖ് അഹമ്മദിന്റെ വാക്കുകളാണിത്.
ഓണത്തെ കുറിച്ചുള്ള ചോദ്യത്തിന് ഓർക്കാൻ എന്ത് ഓണമാണ് നമുക്കുള്ളതെന്ന മറുചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്. പണ്ട് ഓണത്തിനിത്ര തിളക്കമില്ല. കുട്ടിക്കാലത്ത് ഓണ അവധിക്കായി കാത്തിരിക്കുമായിരുന്നു. വൈവിധ്യമില്ലാത്ത പൂക്കളമിട്ടിരുന്നു. കാരണം, തൊടിയിൽനിന്നുള്ള പൂക്കൾ മാത്രമാണ് കൂട്ട്. ഇന്നതുമാറി. എത്രയെത്ര നിറങ്ങളാണെന്നോ. ഇതൊന്നും നമ്മുടെ ഇന്നെലകളിലെ ഓണത്തിനില്ല. ഇത്, എന്റെകാര്യം മാത്രമല്ല, അക്കാലത്ത് എല്ലാമനുഷ്യരും ഇങ്ങനെതന്നെയായിരുന്നു. സമ്പത്തുണ്ടായിട്ടും അക്കാലത്ത് കാര്യമില്ലായിരുന്നു. ഭക്ഷണസമൃദ്ധിയില്ല, വസ്ത്രസമൃദ്ധിയില്ല, ഒന്നിലും വൈവിധ്യങ്ങളില്ല, ഉപഭോഗ വസ്തുക്കളുടെ സമൃദ്ധിയില്ല. ഇന്ന്, സദ്യ കഴിക്കാൻ ഓണം വരാൻ കാത്തിരിക്കേണ്ടതില്ല. പണമുണ്ടായാൽ എന്തും എപ്പോഴും സാധ്യമാക്കാവുന്ന നാടായിമാറി. ഗ്രാമങ്ങളില്ലാത്ത നാടായി കേരളം മാറിക്കൊണ്ടിരിക്കുന്നു. എന്റെയീ അക്കിക്കാവ് പോലും കാണക്കാണെ മാറിക്കൊണ്ടിരിക്കുകയാണ്.
ഇന്ന്, വിപണിയുടെ ആഘോഷമാണ് ചുറ്റും. വിപണി വൈവിധ്യങ്ങൾ നിറഞ്ഞതാണ്. ഓണത്തിനെ കുറിച്ചുള്ള ഓർമ എനിക്ക് ഒരർഥത്തിൽ വായനയുടേതാണ്. ഓണപ്പതിപ്പുകൾക്കായി കാത്തിരിക്കുമായിരുന്നു. പി. കുഞ്ഞിരാമൻ നായരും വൈലോപ്പിള്ളിയും... അങ്ങനെ നിറയെ കവിതകൾ ഒന്നിച്ച് ലഭിക്കും. എല്ലാം മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ, ഇഷ്ടമായിരുന്നു ഏറെ.
മലയാളി പൊതുവായി ആഘോഷിക്കുന്ന ഒന്നാണ് ഓണം. അസുരൻ നായകനായിവരുന്ന സങ്കൽപമാണിത്. അങ്ങനെയൊരു അപൂർവതകൂടി ഇതിനുപിന്നിലുണ്ട്. പുരാതനമായ കാലത്ത് മനുഷ്യൻ ഒരുമയോടെ നിന്നതായും കള്ളവും ചതിയുമില്ലാതെ കഴിഞ്ഞതായും സങ്കൽപം. ഇങ്ങനെയൊന്ന് ഉണ്ടാവില്ല. പക്ഷേ, സങ്കൽപിക്കാം. ഇനി അങ്ങനെയൊരുകാലം വരുമെന്നും തോന്നുന്നില്ല.
എല്ലാ ആഘോഷങ്ങളുടെയും ആത്മാവ് നഷ്ടപ്പെട്ടുപോവുകയാണിന്ന്. ഉത്സവങ്ങൾ ലക്ഷ്യമിടുന്നത് മനുഷ്യർ തമ്മിലുള്ള ഐക്യമാണ്. ഓണം ഉൾപ്പെടെയുള്ള ആഘോഷങ്ങൾ കൊടുക്കലിന്റെതാണ്, മറിച്ച് വാങ്ങലിന്റെതല്ല. മലബാറിന്റെ സവിശേഷതയായ നോൺ വെജ് ഓണം ഇവിടെയില്ല. വെജിറ്റേറിയൻ ഓണമാണ്. ഓണപ്പതിപ്പുകൾക്കായി എഴുതുന്ന പതിവില്ല. എഴുതുന്ന കവിതകളിൽ ഒന്നോ രണ്ടോ കവിതകൾ മാറ്റിവെക്കും.
ഓണസങ്കൽപത്തിൽ മുമ്പ് ഒരു കവിത എഴുതി, 'വീണ്ടും' എന്നാണ് പേര്. എത്ര ചവിട്ടിത്താഴ്ത്തിയാലും മുക്കുറ്റിയെപ്പോലെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആ കവിത. ലത്തീഫ് പറമ്പിൽ എഡിറ്റ് ചെയ്ത 'ഓണപ്പാട്ടുകൾ' എന്ന സമാഹാരത്തിൽ ആ കവിതയുണ്ട്.
വീണ്ടും
എത്രയുദാരമീയുൾവെളിച്ചം, അതാ-
ണുത്രാടരാവിലുണർത്തുന്നു, വിസ്മൃതി
മുറ്റിത്തഴച്ചുപരീക്ഷണമാം മനം.
ഒറ്റക്കലണ്ടറുമില്ലാതെ പഞ്ചാംഗ
ചിത്രക്കളങ്ങളില്ലാതെ മുക്കുറ്റികൾ
രക്തക്കുഴലിലിതൾ വിടർത്തി, ക്കാല-
വ്യക്തിതരും സൂചകോദ്ഗാരമാകുന്നു.
വീണ്ടും ഒരുകുറികൂടിത്തമോമയ
മണ്ഡലം രാകിപ്പിളർന്നു മണ്ണിൽ പണ്ടു-
പണ്ടേ മനുഷ്യൻ ചവിട്ടിയൊതുക്കിയ
സ്വപ്നം, കെടാത്ത വിശ്വാസമായെത്തുന്നു.
ഏതവധൂതൻ ജ്വലിക്കുന്ന കണ്ണുമായ്
പാത മുറിച്ചുവരുന്നു, പരശ്ശതം
പാണികൾ കൊണ്ടെഴുതുന്നു സിരാതന്ത്രി-
വീണയിൽ ഓണ നിലാവിന്റെ ശീലുകൾ.
ആരാണബോധഗന്ധങ്ങളാവേശിച്ചു
നേരിൽ വിഫലം പരതുന്നു, ഗൂഢമാം
ചിന്തകൾ തൻ കടന്നൽക്കൂടുപോലൊരു
മസ്തകം, സഹ്യന്റെ നെഞ്ചത്തുരയ്ക്കുന്നു.
അന്ധസർപ്പങ്ങൾ, ചിലന്തികൾ ഗൗളികൾ
സ്വന്തം കിടപ്പാടമാക്കിയ വീടുകൾ.
വാതിലടഞ്ഞേ കിടക്കുന്നുവെങ്കിലും
താഴുകൾ വീണ്ടും തലോടുന്ന ശങ്കകൾ.
അഗ്നി വിശുദ്ധിയാർന്നുള്ള സ്വപ്നങ്ങളോ
നഗ്നരായ് മദ്ധ്യാഹ്നരഥ്യയിൽ നീങ്ങുന്നു
നിത്യം ചെറുതായിവരും ലോകമെങ്കിലും
തൊട്ടയൽപക്കം ധ്രുവാന്തര ദൂരമായ്.
ഭൂവിൽ യുഗങ്ങൾ പലതുപോയെങ്കിലും
ജീവിതം ജീവിക്കുവാനുള്ളതായിതോ?
ആദിമമിച്ചെറു ചോദ്യം തുടുപ്പിച്ച
വേദനയല്ലി വിടർന്നു മുക്കുറ്റിയായ്?
ഭൂമുഖത്തെത്തിയെൻ നേർക്കതു നോക്കവെ
ഹാ! മുഖം താഴ്ത്തിനിൽക്കുന്നു മൂകം, മനം.


