മാറ്റി നിർത്താനാവുമോ രാജമല്ലിയെ?
text_fieldsരാജമല്ലി പൂക്കൾ
പയ്യന്നൂർ: 'പടിഞ്ഞാറ് ചായുന്ന സൂര്യനെ നോക്കി ദൂരത്തൊരു രാജമല്ലിമരം പൂത്തു വിലസുംപോലെയെന്ന്' കുമാരനാശാൻ പാടിയത് രാജമല്ലി പൂക്കളുടെ സൗന്ദര്യം കണ്ടിട്ടാണ്. ഭംഗിയുടെ കാര്യത്തിൽ പേരുപോലെ പൂക്കളുടെ റാണിയാണ് രാജമല്ലി. അതുകൊണ്ട് നാടൻ ഓണപ്പൂക്കളത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ഈ സുന്ദരിയെ മാറ്റിനിർത്താനാവില്ല.
സ്വർണവർണമുള്ളതും രക്തവർണമുള്ളതുമുണ്ട് രാജമല്ലിയിൽ. രണ്ടും സൗന്ദര്യത്തിന്റെ കാര്യത്തിൽ ഒന്നിനൊന്ന് മെച്ചം. പത്തടിയിലധികം ഉയരത്തിൽ വളരാത്ത ഇവ കേരളത്തിൽ എല്ലായിടത്തും കാണപ്പെടുന്നു. അലരി, അലസി, തെച്ചി മന്ദാരം, ചെത്തി മന്ദാരം എന്നീ പേരുകളിലും ഈ ചെടി അറിയപ്പെടുന്നു. എല്ലാ ഋതുക്കളിലും പൂചൂടി നിൽക്കുന്നു എന്നതാണ് ഇവ പൂന്തോട്ടങ്ങളിലെ ഹരിത സാന്നിധ്യമാവാൻ കാരണം.
ശാഖാഗ്രങ്ങളെല്ലാം അവസാനിക്കുന്നത് നിറഞ്ഞുനിൽക്കുന്ന പൂങ്കുലകളിലാണ്. ഏറെ വലുതാണ് പൂങ്കുല. അടിയിലെ പൂക്കളാണ് ആദ്യം വിടരുന്നത്. തുടർന്നുള്ള ഭാഗങ്ങളിൽ ക്രമത്തിൽ മൊട്ടുകൾ കാണാം. താഴെ വിടർന്ന പൂക്കൾ മാത്രമല്ല, ഈ മൊട്ടുകളും നയന മനോഹരമായ കാഴ്ചതന്നെ.
പൂക്കളത്തിൽ എന്നതിലുപരി ക്ഷേത്രങ്ങളിലെ പൂജാപുഷ്പങ്ങളിലും പ്രധാനിയാണ് രാജമല്ലി. ചെടിയുടെ സമസ്ത ഭാഗങ്ങളും ഔഷധവീര്യമുള്ളതാണ്. പൂക്കൾ കൊഴിഞ്ഞ ശേഷമാണ് വിത്തുണ്ടാവുന്നത്. പയർ രൂപത്തിലാണ് വിത്ത്. ശാസ്ത്രനാമം 'സെസാൽപിനിയ പൾച്ചെറിമ'. കുടുംബം 'സെസാൽപിനിയേസിയേ'.