ഓണനാളിലെ പൂക്കളങ്ങളും ഇല്ലാതാകുന്ന തുമ്പപ്പൂവും
text_fieldsഓണത്തിന്റെ വൈവിധ്യമായ ആഘോഷങ്ങളില്‍ വർണാഭവും സവിശേഷവുമായ ഒന്നാണ് പൂക്കളമൊരുക്കല്‍. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളില്‍ നിറവും സൗരഭ്യവും ഒത്തുചേര്‍ന്ന് മഹാബലിയെ വരവേൽക്കുന്ന ചടങ്ങ്. അത്തം മുതല്‍ പത്തു നാളാണ് അത്തപ്പൂക്കളമൊരുക്കൽ. പണ്ടൊക്കെ നാടന്‍ പൂക്കളാണ് പൂക്കളങ്ങളിൽ ഉപയോഗിച്ചിരുന്നത്. തുമ്പയും മുക്കുറ്റിയും കണ്ണാന്തളിയും മന്ദാരവും ശംഖുപുഷ്പവുമെല്ലാം പൂക്കളങ്ങളില്‍ നിറഞ്ഞ കാലംഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഓണക്കാലത്തിനായി നാടും നഗരവും ഒരുങ്ങി. തുമ്പപ്പൂവും ഓണത്തപ്പനും പൂത്തുമ്പിയുമായി ചിങ്ങവെയിലിന്റെ സുവർണശോഭ തിളങ്ങുന്നു. പൂക്കളിറുത്ത് പൂക്കളമൊരുക്കി അത്തം പത്തിനു പൊന്നോണം. കാലമെത്ര കഴിഞ്ഞാലും ഓണം മലയാളിയുടെ ഹൃദയത്തോട് ചേർന്നുകിടക്കും. എന്നാൽ, നാട്ടുവഴികളിൽ ഉയർന്നു കേട്ടിരുന്ന പൂവിളി മാത്രം ഉയരുന്നില്ല.
ഓണത്തിന്റെ വൈവിധ്യമായ ആഘോഷങ്ങളില്‍ വർണാഭവും സവിശേഷവുമായ ഒന്നാണ് പൂക്കളമൊരുക്കല്‍. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളില്‍ നിറവും സൗരഭ്യവും ഒത്തുചേര്‍ന്ന് മഹാബലിയെ വരവേൽക്കുന്ന ചടങ്ങ്. അത്തം മുതല്‍ പത്തു നാളാണ് അത്തപ്പൂക്കളമൊരുക്കൽ. പണ്ടൊക്കെ നാടന്‍ പൂക്കളാണ് പൂക്കളങ്ങളിൽ ഉപയോഗിച്ചിരുന്നത്. തുമ്പയും മുക്കുറ്റിയും കണ്ണാന്തളിയും മന്ദാരവും ശംഖുപുഷ്പവുമെല്ലാം പൂക്കളങ്ങളില്‍ നിറഞ്ഞ കാലം. ഇന്നത് ചെണ്ടുമല്ലി, അരളി തുടങ്ങിയവക്കായി വഴിമാറി. മുറ്റത്തെ മണ്ണ് വൃത്തിയാക്കി തറയൊരുക്കി ദൃശ്യചാരുതയോടെയും ഭക്തിയോടെയും പൂക്കളം തീർത്ത കാലത്തുനിന്ന് റെഡിമെയ്ഡ് ഓണത്തിലേക്കുള്ള മാറ്റത്തിലാണ് നാട്. അനിഴം നാള് മുതൽ വട്ടത്തില്‍ തറയൊരുക്കി ചാണകം മെഴുകിയ ശേഷമായിരുന്നു പൂക്കളം തീർത്തിരുന്നത്. അത്തത്തിന് തുമ്പപ്പൂക്കളാൽ ലളിതമായ പൂക്കളം. ചിത്തിരക്കും വെളുത്ത പൂക്കളാണിടുക. വട്ടത്തിലിടുന്ന കളം ഓരോ ദിവസവും വലുതാകും. ചോതി നാള് മുതല്‍ നിറമുള്ളവ ഇടാമെന്നാണ് വെപ്പ്. പ്രത്യേകിച്ചും ചെമ്പരത്തി അടക്കമുള്ള ചുവന്ന പൂക്കള്‍. ഒന്നാം ദിനം ഒരുനിര, രണ്ടാം ദിനം രണ്ടുവട്ടം എന്നിങ്ങനെ കളത്തിന്റെ വലുപ്പം കൂടിവരും. വിശാഖത്തിന് ശോകമില്ലാ പൂവെന്നും കേട്ടയില്‍ നാറ്റപ്പൂവെന്നും മൂലം നാളില്‍ വാലന്‍ പൂവെന്നും ഒരു പൂക്കള പാട്ടുണ്ട്.
മൂലത്തിന് ചതുരത്തില്‍ പൂക്കളമിടണം. മൂലക്കളം എന്ന് പറയും. ഉള്ളില്‍ സുദര്‍ശന ചക്രമോ നക്ഷത്രമോ പ്രത്യേകം തീര്‍ക്കുന്നവരും ഉണ്ട്. ചോതിനാള് മുതല്‍ നടുക്ക് വെക്കുന്ന കുട നാലുഭാഗത്തേക്കും വെക്കാറുണ്ട്. പച്ച ഈര്‍ക്കിലില്‍ പൂവ് കൊരുത്താണ് കുടവെക്കുക. പൂരാടത്തിന് കള്ളികള്‍ തീര്‍ത്താണ് പൂക്കളം. ഓരോ കള്ളിയിലും ഓരോ പൂക്കള്‍. ഉത്രാടത്തിന് പത്തുനിറം പൂക്കള്‍. ഏറ്റവും വലിയ പൂക്കളവും ഉത്രാടത്തിനാണ്. തിരുവോണത്തിന് തുമ്പക്കുടം മാത്രമാണ് ഇടുക. ചിലയിടങ്ങളില്‍ തുളസിയുമുണ്ടാകും. അത്തംനാളിൽ ഒരു വളയം തുമ്പപ്പൂ മാത്രമേ പൂക്കളത്തിന് പാടുള്ളൂ. രണ്ടാംദിവസം രണ്ടുതരം പൂക്കളും, മൂന്നാംദിവസം മൂന്നുതരം അങ്ങനെ പത്താംദിവസം പത്തുതരം പൂക്കളും ഉപയോഗിച്ച് വർണപ്പൂക്കളമൊരുക്കിയിരുന്നത്.
‘പൂവേപൊലി പൂവേപൊലി’ എന്നുപാടി കുട്ടികൾ പൂവുതേടി പോയിരുന്ന കാലം ഓർമയായി. തനത് പൂക്കൾക്ക് ക്ഷാമമായി. ഗൃഹാതുത്വമുണർത്തിയിരുന്ന പൂക്കൾ ഇല്ലാതായി. പൂക്കളും ഇലകളും മാറി സ്ഥാനം പിടിച്ചു. ദേവാസുര യുദ്ധത്തിന്റെയോ ആര്യ-ദ്രാവിഡ മത്സരത്തിന്റെയോ പ്രതീകമായി പൂക്കളത്തെ കാണുന്നവരുണ്ട്. ചുവന്ന പൂക്കൾ യുദ്ധപ്രതീകമാണത്രേ. പൂക്കളത്തിന്റെ ഒത്തനടുക്ക് ശത്രുവും അതിന് ചുറ്റിയുള്ള കളങ്ങൾ പോരാളികളുമായി വിശേഷിപ്പിക്കുന്നുണ്ട്.
ഇതിൽ തുമ്പപ്പൂ മാവേലിക്ക് വലിയ ഇഷ്ടമാണെന്നാണ് പറയുന്നത്. ഇതിന് പിന്നിലും ഒരു കഥയുണ്ട്. ഒരുകാലത്ത് പൂക്കളങ്ങളിലെ രാജാവായിരുന്നു തുമ്പ. ഒരു പൂത്തറയും തുമ്പയില്ലാതെ ഒരുങ്ങിയിരുന്നില്ല. മാവേലിയെ വരവേൽക്കാൻ പൂവായ പൂവൊക്കെ ഒരുങ്ങിച്ചെന്നപ്പോൾ തുമ്പ മാത്രം നാണിച്ച് ഒതുങ്ങി നിന്നു. ബാക്കി പൂക്കളെ ഒക്കെ തഴുകി അനുഗ്രഹിച്ച മാവേലി തുമ്പപ്പൂവിനെ ചേർത്തുപിടിച്ചു എന്നാണ് ഐതിഹ്യം.
കർക്കടകത്തിൽ നന്നായി വളരുന്ന തുമ്പ ഓണമാകുന്നതോടെ പൂക്കാൻ തുടങ്ങുന്നു. തുമ്പപ്പൂകൊണ്ട് ഓണരാത്രിയിൽ അടയുണ്ടാക്കി അത് ഓണത്തപ്പനു നേദിക്കുന്ന ചടങ്ങ് മധ്യകേരളത്തിലെ ചില ഭാഗങ്ങളിലുണ്ടായിരുന്നു. അന്നും ഇന്നും തുമ്പപ്പൂവിന് പൂക്കളത്തിൽ പ്രത്യേക സ്ഥാനവും നൽകിയിരുന്നു. ഐതിഹ്യമായും ഔഷധമായും പലരീതിയിലും ഇടംപിടിച്ച തുമ്പ ഇന്ന് പൂക്കളത്തിൽനിന്നും അന്യമാകുകയാണ്.
‘തുമ്പേലരിമ്പേലൊരീരമ്പൻ തുമ്പ
തുമ്പ കൊണ്ടമ്പതു തോണി ചമച്ചു
തോണിത്തലയ്ക്കലൊരാലു മുളച്ചു
ആലിന്റെ പൊത്തിലൊരുണ്ണിപിറന്നു
ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും
തുടിയും തുടിക്കോലും പറയും പറക്കോലും
പൂവേ പൊലി പൂവേ പൊലി പൂവേ...
പൂവായ പൂവെല്ലാം പിള്ളേരറത്തു
പൂവാങ്കുറുന്തില ഞാനുമറുത്തു
പിള്ളേരടെ പൂവെല്ലാം കത്തിക്കരിഞ്ഞു
എന്നുടെ പൂവെല്ലാം മിന്നിത്തെളിഞ്ഞു
പൂവേ പൊലി...,
തുമ്പപ്പൂവേ പൂത്തിടണേ...
നാളേയ്ക്കൊരു വട്ടി പൂ തരണേ
ആക്കില ഈക്കില ഇളംപടി പൂക്കില
ആയിരമായിരം പൂ തരണേ...
പൂവേ പൊലി പൂവേ... പൊലി പൊലി പൂവേ
പൂവേ പൊലി പൂവേ... പൊലി പൊലി...
തുടങ്ങി പാട്ടുകളിലും നിറഞ്ഞുനിന്ന തുമ്പച്ചെടി ഇന്ന് പറമ്പുകളിൽനിന്ന് ഇല്ലാതായി.
പൂവട്ടികളുമായി പൂവിളികളോടെ പൂവുകൾ തേടി പോയിരുന്ന സംസ്കാരവും ഇല്ലാതായി. മതിൽക്കെട്ടുകളിലെ കാടുകൾക്കുള്ളിൽ വളർന്ന് നിൽക്കുന്ന തുമ്പയെ തേടി പോകാനും ആരുമില്ലാതായി. പൂക്കളങ്ങളിൽ ന്യൂജെൻ പൂക്കളങ്ങൾ ഇടം പിടിച്ചതോടെ തുമ്പ വിസ്മൃതിയിലേക്കുമായി.