പറപ്പൂതൻ വേഷം അഴിച്ചുവെച്ച് ഉണ്ണികൃഷ്ണൻ മടങ്ങി
text_fieldsഉണ്ണികൃഷ്ണൻ പറപ്പൂതൻ
വേഷത്തിൽ
പട്ടാമ്പി: വേഷം അഴിച്ചുവെച്ച് ഉണ്ണികൃഷ്ണൻ മടങ്ങി. പറപ്പൂതനും കോമരവുമായി വടക്കേ മുത്തശ്യാർ കാവിലേക്കുള്ള വരവ് നിലച്ചു. 40 വർഷത്തിലേറെയായി മണ്ഡല, കൂത്ത് താലപ്പൊലിക്ക് മുടങ്ങാതെ പറപ്പൂതൻ കെട്ടി വീടുകൾ കയറിയിറങ്ങി വടക്കേ മുത്തശ്യാർ കാവിലെത്തിയിരുന്നു വിളത്തൂർ നിലയം കോട് ചോലക്കൽ പറമ്പ് ഉണ്ണികൃഷ്ണൻ എന്ന പൊന്നു (58). പിതാവിന്റെ മരണശേഷം കാവിലെ കരിവേല കോമരമായും ഉണ്ണികൃഷ്ണൻ വേഷം കെട്ടിയിരുന്നു. പുതുതലമുറ അനുഷ്ഠാനങ്ങളോട് വിട പറയുമ്പോഴും ശാരീരികാസ്വസ്ഥത വക വെയ്ക്കാതെ പാരമ്പര്യം നില നിർത്തിയിരുന്നു ഈ പറപ്പൂതൻ കലാകാരൻ.
കടുത്ത വേനലും കാലിലെ ആണി രോഗവും പ്രയാസപ്പെടുത്തിയിട്ടും കാലിൽ ചെരിപ്പിട്ട് വീടുകൾ കയറിയിറങ്ങിയാണ് തന്റെ നിയോഗം ഉണ്ണികൃഷ്ണൻ പൂർത്തിയാക്കിയിരുന്നത്. പറയ വിഭാഗക്കാരാണ് കാവിൽ പറപ്പൂതൻ കെട്ടി കയറുന്നത്. വളാഞ്ചേരിയിലൊരു ഹോട്ടലിൽ പണ്ടാരിയായി ജോലി ചെയ്താണ് കുടുംബം പോറ്റിയിരുന്നത്.
കഴിഞ്ഞ മണ്ഡല കാലത്തും പറപ്പൂതൻ കെട്ടി തന്റെ കർത്തവ്യം നിറവേറ്റിയിരുന്ന ഉണ്ണികൃഷ്ണൻ പെട്ടെന്നാണ് ഏറെക്കാലമായി കൂടെയുള്ള ശ്വാസകോശരോഗത്തിന്റെ കടും പിടുത്തത്തിലമർന്നത്. രോഗം മൂർച്ഛിച്ചപ്പോൾ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മൂന്നാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സക്കിടെ ശനിയാഴ്ചയായിരുന്നു മരണം . ഉണ്ണികൃഷ്ണന്റെ വേർപാടോടെ ഒരു യുഗാവസാനമാണ് കുറിക്കപ്പെട്ടത്.