അർധ നരൻ
text_fieldsവെളിമ്പറമ്പിൽ
പൊളിഞ്ഞ കയർക്കട്ടിലിൽ
ചുരുട്ടു ബീഡിയും
പുകച്ചർധരാത്രിയിലിരിക്കുന്നൂ
അർധ നരനായൊരാൾ.
തുമ്മാൻ ചുമയ്ക്കാൻ
തോന്നുന്നുവെങ്കിലും
അടക്കിപ്പിടിക്കുന്നൂ.
തൻെറ മൂക്കിൻ
ശൈലിയറിയാത്തവർ കണ്ടാൽ
കെട്ടിവലിക്കും, തന്നെ
നോട്ടപ്പുള്ളിയാക്കും.
അടച്ചിരിക്കുന്നൂ വീടുകൾ
അടച്ചേ ഇരിക്കുന്നൂ രാജാക്കളും
അടഞ്ഞിരിക്കുന്നൂ
മയിൽപീലിപ്പുസ്തകത്താളുകൾ
ചെറുവിരലുകൾ കുഞ്ഞിക്കാലുകൾ
പനിക്കോളിൽ വിറയ്ക്കുന്നൂ
ജരാനരക്കോലങ്ങൾ
അകത്തളങ്ങളിൽ
ഉപേക്ഷിക്കപ്പെട്ടൊരു വസന്തത്തിൻ
സ്മൃതിപടം പൊഴിക്കുന്നു.
അടയ്ക്കാനിവനില്ല വീട്
അടിഞ്ഞുകൂടുന്നേടം
അന്നന്നു വീടാകുന്നൂ.
വീടടച്ചകത്തിരിപ്പതായ്
നടിച്ചു ജീവിക്കുന്നു
മറ്റുള്ളോർക്കു ജീവിക്കുവാൻ
സ്വയം ശുദ്ധിവരുത്തിയവൻ
പുറമ്പോക്കിൽ
അഭിമാനിയാം പൗരനാവുന്നു.
അവനെത്തലോടി
അമ്പരന്നു നിൽക്കയായ്
ഇന്നത്തെ സൂര്യൻ:
അടച്ച മാളികയുടെ
ചില്ലുജനൽപാളിയിലൂടെ
അകത്തുചെന്നു, മനുഷ്യവിധിയുടെ
കറുത്ത കട്ടിലിൽ കിടപ്പോരെ
തഴുകി, ചൂണ്ടിക്കാട്ടുന്നു-
കാണുക താഴെ,
വേലിക്കെട്ടിനക-
ത്തൊറ്റമരത്തിൻ കീഴിൽ
ഇന്നലെ പുകഞ്ഞു തീർന്നൊരാ
അർധനരനെ, ദൈവത്തിനെ.