സ്നേഹം കൂട്ടിക്കുഴച്ച പുട്ടും ദീപാവലി മിഠായിയും
text_fieldsമിഠായി തെരുവിൽ നിന്നും വെറും ഒരു കിലോമീറ്ററിൽ ദൂരത്തിൽ വസിക്കുന്ന ഞങ്ങൾ കോഴിക്കോട് കുറ്റിച്ചിറക്കാർക്ക് ഓർത്തു വെക്കാൻ മധുരമുള്ള ഒരു കാലം ഉണ്ടായിരുന്നു...
രണ്ടു പതിറ്റാണ്ടു മുൻപുള്ള ആ ദീപാവലി നാളുകൾ!
കോഴിക്കോട് വലിയങ്ങാടിക്കടുത്ത് മുസ്ലീം കുടുംബങ്ങൾ തിങ്ങി പാർക്കുന്ന നമ്മുടെ മഹല്ലിൽ വളരെ സ്നേഹത്തോടെയും സഹോദര്യത്തോടെയും കച്ചവടവുമായി ബന്ധപെട്ടു തലമുറകളായി നമ്മോടൊപ്പം ഇടകലർന്ന് ജീവിച്ചു വന്നിരുന്ന നമ്മുടെ ഗുജറാത്തി സഹോദരങ്ങൾ.
അവർ വളെരെയേറേ ബഹുമാനത്തോടെയും, സ്നേഹത്തോടെയും നമ്മുക്ക് തന്നിരുന്ന ആ ദീപാവലി മിഠായികൾ !
ആ മിഠായികൾ നാം കുടുംബങ്ങൾ ആവോളം ആസ്വദിച്ച് രുചിക്കുമായിരുന്നു.
അത്ര തന്നെ വലിയ അളവിൽ അവരത് സ്നേഹ സമ്മാന മധുരമായി നൽകുമെന്നതിനാൽ ദീപാവലി കഴിഞ്ഞതിനു ശേഷമുള്ള കുറച്ചു ദിവസങ്ങളിൽ ഈ പ്രദേശത്തുള്ള പല തറവാടുകളിലും രാവിലെ പ്രാതൽ ചായക്കൊപ്പം നമ്മുടെ സ്വന്തം നാടൻ ഭക്ഷണമായ പുട്ടിന്റെ കൂടെ പഴത്തിനു പകരമായി ഈ മിഠായികൾ നാം കുഴച്ചു കൂട്ടി ഭക്ഷിച്ചിരുന്നു...!
അതൊരു പറഞ്ഞറിയിക്കാൻ പറ്റാത്ത അതിശയ ചേരുവ തന്നെ ആയിരുന്നു !
ഇന്നിപ്പോൾ ഓർക്കുമ്പോൾ ആ ഒരു സ്വാദ് അനുഭവത്തോടെ ഓർമകളിൽ ഓടിയെത്താറുണ്ട് .
സ്നേഹത്തിൽ പൊതിഞ്ഞ നിറങ്ങളുടെ ആ മിഠായി മധുരം ആ കാലങ്ങളിൽ നമുക്കിടയിൽ ഉണ്ടായിരുന്ന മത സാഹോദര്യത്തിൻ്റെ മഹാ അന്തസ്സായി മനസ്സിന് വല്ലാത്ത അനുഭൂതി നൽകിയിരുന്നു.
ഇന്ന് അത് പല കോണിലും തരത്തിലും നാം അറിയാതെ നമുക്ക് നഷ്ട്മായതിന്റെ നിരാശയും അത്ര തന്നെ വേദനയും ഉണ്ടാക്കുന്നു ..!
ഇന്ന് പണ്ഡിത ഗുരുക്കന്മാർ ബിരിയാണി ഹലാലുകളും മിഠായികളിലും പായസങ്ങളിലും വിലക്കിന്റെ ഹറാമുകളും കോംബിനേഷനായി അവതരിപ്പിക്കാൻ ശ്രമിക്കുമ്പോൾ , ഞങ്ങൾക്ക് ഓർത്തെടുക്കാനുള്ളത് ആ പഴയ കാല പുട്ടും ദീപാവലി മിഠായിയും എന്ന അതിശയത്തിന്റെ ചേരുവകളാണ്.
രണ്ടു വ്യത്യസ്ത ഭാഷാ സമൂഹത്തിൻറെയും മതത്തിൻ്റേയും ഇടകലർന്ന എന്നാൽ ഒരൊറ്റ സ്നേഹ മാനവികതയുടെ കഥ തന്നെയാണ് ആ അതിശയ ചേരുവകളിലൂടെ സമ്പന്നമായി ഞങ്ങൾ കോഴിക്കോട്ടുകാർ അനുഭവിച്ചിരുന്ന ആ അതിമധുരം.


