Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_right75ന്റെ നിറവിലും വായന...

75ന്റെ നിറവിലും വായന ധ്യാനമാക്കി എൻ. മൂസക്കുട്ടി

text_fields
bookmark_border
75ന്റെ നിറവിലും വായന ധ്യാനമാക്കി എൻ. മൂസക്കുട്ടി
cancel

പെരുമ്പിലാവ്: വായനയും എഴുത്തും ജീവിതത്തിന്റെ ധ്യാനമാക്കി അക്ഷരലോകത്ത് നിറഞ്ഞ് സാഹിത്യകാരനായ എൻ. മൂസക്കുട്ടി. 75 വയസ്സിന്റെ നിറവിലും മലയാള വിവർത്തന സാഹിത്യത്തിന് അതുല്യമായ സംഭാവനകൾ നൽകി വരികയാണ് ഈ പ്രതിഭ. പൊന്നാനി എരമംഗലം അയിരൂർ നാക്കോലക്കൽ വീട്ടിൽ മൂസക്കുട്ടി ഇപ്പോൾ തൃശൂർ ചെമ്പൂക്കാവിലെ വസതിയിലിരുന്നാണ് തന്റെ സാഹിത്യ സൃഷ്ടികൾ തുടരുന്നത്. വെളിയങ്കോട് ഹൈസ്‌കൂളിലെ പ്രാഥമികപഠനത്തിനുശേഷം കോഴിക്കോട് ഫാറൂഖ് കോളജിൽനിന്ന് പ്രീഡിഗ്രിയും, തൃശൂർ കേരളവർമ കോളേജിൽനിന്ന് ബിരുദവും, സെന്റ് തോമസ് കോളജിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് എട്ടുവർഷം ഗൾഫിൽ ജോലി ചെയ്തശേഷം നാട്ടിലെത്തി പത്രപ്രവർത്തനരംഗത്തേക്ക് പ്രവേശിച്ചു. എക്സ്പ്രസ് പത്രത്തിൽ തൃശൂരിൽ സബ് എഡിറ്ററായും ലേഖകനായും 12 വർഷം പ്രവർത്തിച്ച അനുഭവമാണ് പിന്നീട് അദ്ദേഹത്തെ സമർപ്പിത എഴുത്തുകാരനാക്കിയത്.

ലോകസാഹിത്യത്തിലെ ക്ലാസിക് കൃതികൾ ഉൾപ്പെടെ നൂറിലധികം ഗ്രന്ഥങ്ങൾ അദ്ദേഹം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. വൈജ്ഞാനികം, വിവർത്തനം, ബാലസാഹിത്യം, പുനരാഖ്യാനം തുടങ്ങിയ മേഖലകളിലായി 140 ലധികം പുസ്തകങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ലോക സാഹിത്യത്തിലെ ഏറ്റവും സങ്കീർണമായ നോവലുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ജെയിംസ് ജോയ്സിന്റെ ‘യൂലിസസ്’ എന്ന പുസ്തകം ആദ്യമായി ഒരു ഇന്ത്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തത് എൻ. മൂസക്കുട്ടിയാണ്. ഇതിന് 2013ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം തേടിയെത്തി.

ലോകപ്രശസ്ത കൃതിയായ ഡോൺ ക്വിക്സോട്ട് മലയാളത്തിലേക്ക് വിവർത്തനം ചെയ്തതും ഇദ്ദേഹമാണ്. സാഹിത്യരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് നിരവധി അംഗീകാരങ്ങളും ലഭിച്ചു. ‘വിവർത്തകൻ’ എന്ന ഡോക്യുമെന്ററി 2024ലെ മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവല്ലിൽ മികച്ച ഡോക്യുമെന്ററിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഭരണഘടന നിർമാണ സഭയിലെ ചർച്ചകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ കേരള നിയമസഭ രൂപവത്കരിച്ച വിദഗ്ധ സമിതിയിലെ അംഗമായിരുന്ന ഇദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് ഏപ്രിലിൽ നിയമസഭ സ്പീക്കർ എൻ. ഷംസീർ പ്രശംസാപത്രം നൽകി ആദരിച്ചു. ബൽക്കീസാണ് സഹധർമിണി.

Show Full Article
TAGS:reading day Thrissur News news 
News Summary - reading day
Next Story