Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightകൈയക്ഷരത്തിലെ മാജിക്;...

കൈയക്ഷരത്തിലെ മാജിക്; സൗഹൃദക്കൂടൊരുക്കി രാജു

text_fields
bookmark_border
കൈയക്ഷരത്തിലെ മാജിക്; സൗഹൃദക്കൂടൊരുക്കി രാജു
cancel
camera_alt

രാ​ജു കത്തെഴുത്തിൽ

മണ്ണഞ്ചേരി: രാജു ആർക്ക് കത്തെഴുതിയാലും മറുപടി ഉറപ്പാണ്. അച്ചടി വടിവൊത്ത കൈപ്പടയിലൂടെ ആരുടെയും മനംകവരുന്ന രാജുവിന്റെ എഴുത്തിന് എം.ടി. വാസുദേവൻ നായർ ഇങ്ങനെ മറുപടി എഴുതി ‘മനോഹരമായ കൈപ്പടയിലുള്ള താങ്കളുടെ കത്തു കിട്ടി’.

തെക്കനാര്യാട് ഗീതാഞ്ജലിയിൽ ഈരാറ്റുപേട്ട ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂൾ റിട്ട. മാനേജർ കെ.കെ. രാജുവിനാണ് (67) ഈ അപൂർവ സൗഭാഗ്യവും കൂട്ടിന് കിട്ടിയത്. ഇതുപോലെ മുന്നൂറോളം കത്തുകളുണ്ട്. കെ.കെ. രാജുവിനെഴുതിയ മറുപടി കത്തുകളിൽ പകുതിയിലേറെയും തുടങ്ങുന്നത് ഈ വരികളോടെയാണ്. ഈ കത്തുകൾ എഴുതിയിരിക്കുന്നവർ മലയാളത്തിലെ മുൻനിര സാഹിത്യകാരന്മാരും പ്രതിഭകളുമാണ്. ഇതിന് അവരെ പ്രേരിപ്പിച്ചതാകട്ടെ രാജുവിന്റെ മനോഹരമായ കൈയക്ഷരവും.

കരിയും പുകയും നിറഞ്ഞ ആലയിൽനിന്ന് വായനകൊണ്ട് വളർന്നാണ് രാജു സാഹിത്യകാരന്മാരുടെയടക്കം സുഹൃത്തായത്. ആ വായന പിന്നീട് രാജുവിനെ സർക്കാർ ജീവനക്കാരനായും മാറ്റി.ജീവിതപ്രാരാബ്ധങ്ങൾക്കിടയിൽ പഠനം പ്രീഡിഗ്രിയുടെ പാതിവഴിയിൽ ഉപേക്ഷിച്ചു. അച്ഛന് താങ്ങായി ആലയിൽ പണിക്കുപോയി. പിന്നീട് വർക്ഷോപ്പിലും ഹോട്ടലിലും സർബത്ത് കടയിലും ലോഡ്ജിലെ റൂം ബോയിയായും ജോലി ചെയ്തു.

കഷ്ടപ്പെട്ട് പത്താംതരം വിജയിച്ചു. കെ.പി. കേശവമേനോന്റെ ജീവിതചിന്തകൾ എന്ന പുസ്തകമാണ് രാജുവിനെ വായനയിലേക്ക് വഴിതിരിച്ചുവിട്ടത്. പിന്നീട് അത് ശീലമായി. പുസ്തകത്തിലും ആനുകാലികങ്ങളിലും കിട്ടുന്നതെന്തും വായിക്കുന്ന രാജു, എഴുത്ത് ഇഷ്ടമായാൽ എഴുത്തുകാരനു കത്തെഴുതും.

മനോഹരമായ കൈപ്പടയിൽ പല നിറംകൊണ്ട് അച്ചടി വടിവിൽ എഴുത്തുകാരന്റെ വിലാസം രേഖപ്പെടുത്തും. ഉള്ളിൽ ആകർഷകമായി എഴുതിയ കത്തിലെ നിഷ്കളങ്കത ശ്രദ്ധയിൽപെട്ടാൽ വായിക്കുകമാത്രമല്ല മറുപടിയെഴുതാതെയിരിക്കാൻ കത്ത് കിട്ടുന്നയാൾക്ക് കഴിയില്ല.

രചനയെന്ന പേരിൽ സ്വന്തമായി കൈയെഴുത്ത് മാസിക തയാറാക്കി അയച്ചപ്പോൾ വൈക്കം മുഹമ്മദ് ബഷീർ മറുപടിയെഴുതി: വർണ ചിത്രീകരണങ്ങളോടുകൂടി പരിപൂർണമായ അച്ചടി വടിവുള്ള കൈപ്പട എന്നീ പ്രത്യേകതകളുള്ള രചന വിജയിക്കട്ടെ. മംഗളം. രാജുവിന്റെ കൈപ്പട കണ്ട് ഇഷ്ടമായ ഗുരു നിത്യചൈതന്യയതി കൈയെഴുത്ത് കലയായ കാലിഗ്രാഫിയെക്കുറിച്ചുള്ള ചെറുവിവരണവും ജാപ്പനീസ്, ചൈനീസ്, അറബിക് ഭാഷകളിൽ മനോഹരമായ കൈയെഴുത്തും സഹിതമാണ് മറുപടിയെഴുതിയത്.

തകഴി ശിവശങ്കരപ്പിള്ള, എസ്. ഗുപ്തൻ നായർ, സുകുമാർ അഴീക്കോട്, ലളിതാംബിക അന്തർജനം, സക്കറിയ, സൂര്യ കൃഷ്ണമൂർത്തി, മലയാറ്റൂർ രാമകൃഷ്ണൻ, ഗൗരി ലക്ഷ്മിബായി, കടത്തനാട്ട് മാധവിയമ്മ, കുഞ്ഞുണ്ണി മാഷ്, യേശുദാസ്... രാജുവിനു മറുപടിയെഴുതിയ പ്രമുഖരുടെ നിര ഇങ്ങനെ പോകുന്നു.

1984 മുതൽ കത്തുകളിലൂടെ തുടങ്ങിയ ബന്ധം ഇപ്പോഴും പല സാഹിത്യകാരന്മാരുമായും തുടരാൻ രാജുവിനു കഴിയുന്നു. പലരും രാജുവിന് പുസ്തകങ്ങൾ അയച്ചുകൊടുക്കുന്നു. വായനക്കൊപ്പം പൊതുവിജ്ഞാനം ആർജിച്ച് പി.എസ്.സിയിലൂടെ പട്ടികവർഗ വികസന വകുപ്പിൽ ഹോസ്റ്റൽ വാർഡനായി ജോലിയിൽ പ്രവേശിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്ത ശേഷം വിരമിച്ചു. അക്ഷരങ്ങളുടെ സൗരഭ്യം മറ്റുള്ളവർക്കുകൂടി പകർന്നുനൽകാൻ രാജു എപ്പോഴും തയാറാണ്. ഒപ്പം കത്തുകളുടെ പിന്നാമ്പുറങ്ങളെപ്പറ്റിയുള്ള പുസ്തക രചനയിലുമാണ്. അക്ഷരത്തിന്റെ സൗന്ദര്യവഴിയിൽ രാജുവിന് പ്രോത്സാഹനമായി ഭാര്യ ജയശ്രീയും മകൾ അഞ്ജലിയുമുണ്ട്.

Show Full Article
TAGS:Handwriting kk raju 
News Summary - The Magic of Handwriting; Raju made friendships
Next Story