നാടകോത്സവ വേദിയിലെ പൊലീസ് അതിക്രമം; സംഗീത നാടക അക്കാദമി മാപ്പ് പറയണമെന്ന്
text_fieldsതൃശൂർ: അന്താരാഷ്ട്ര നാടകോത്സവത്തിന്റെ സമാപന ദിവസം സംഗീത നാടക അക്കാദമി വളപ്പിൽ അരങ്ങേറിയ പൊലീസ് അതിക്രമത്തെ പിന്തുണക്കുന്ന സമീപനത്തിൽനിന്ന് സംഗീത നാടക അക്കാദമി ഭാരവാഹികൾ പിൻമാറണമെന്നും നാടകപ്രവർത്തകരെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ നടത്തിയ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും കോഗ്നിസെന്റ് പപ്പെറ്റ് തിയറ്റർ ഭാരവാഹികൾ ആവശ്യപ്പെട്ടു.
നാടകോത്സവത്തിന്റെ സമാപന ദിവസം രാത്രി സംഗീത നാടക അക്കാദമി വളപ്പിൽ ഒരുമിച്ചുകൂടിയ നാടകപ്രവർത്തകർ അവിടെയിരുന്ന് പാട്ട് പാടവെ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ വനിതാ നാടക പ്രവർത്തകരോടടക്കം ആക്രോശിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെ പൊലീസിനെ പിന്തുണച്ച് അക്കാദമി ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച പോസ്റ്റുകൾ തങ്ങളെ പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ടുള്ളതാണെന്ന് കോഗ്നിസെന്റ് പപ്പെറ്റ് തിയറ്റർ പ്രവർത്തകർ പറയുന്നു. മലയാള നാടകങ്ങളെയും നാടക പ്രവർത്തകരെയും അപമാനിക്കുന്ന സമീപനമാണ് അക്കാദമി കൈക്കൊണ്ടതെന്നും അപമര്യാദയായി പെരുമാറിയ പൊലീസിനെതിരെയടക്കം നിയമനടപടി സ്വീകരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംവിധായകൻ പ്രിയനന്ദനൻ, അലിയാർ അലി, ഉസ്മാൻ ഗുരു, മാളു ആർ. ദാസ്, സനോജ് മാമോ എന്നിവർ പങ്കെടുത്തു.