പൂരത്തിനെത്തിയത് റെക്കോഡ് ജനം; പൂജ്യം കുറ്റകൃത്യം
text_fieldsതൃശൂർ: റെക്കോഡ് ജനക്കൂട്ടം കണ്ട ഇത്തവണത്തെ പൂരത്തിനിടക്ക് വലിയ രീതിയിലുള്ള ഒരുതരം കുറ്റകൃത്യവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പൂരം കാണാനെത്തിയ സ്ത്രീകളും കുട്ടികളും മുതിർന്നവരുമുൾപ്പെടെയുള്ള ആളുകളുടെ സുരക്ഷിതത്വത്തിന് പ്രാധാന്യം നൽകിയുള്ള ക്രമീകരണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരുന്നത്. നഗരത്തിലും പരിസരത്തും ഘടിപ്പിച്ചിരുന്ന സി.സി ടി.വി സംവിധാനവും കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാൻ സഹായിച്ചു.
ജനക്കൂട്ടത്തിനിടയിൽനിന്ന് മൂന്ന് പോക്കറ്റടിക്കാരെ തൃശൂർ സിറ്റി ഷാഡോ പൊലീസ് പിടികൂടി. തിരുവനന്തപുരം പാളയം പടിഞ്ഞാറേ കോണിൽ വീട്ടിൽ മുഹമ്മദ് ഹാഷിം (47), കോട്ടയം കുറുവിലങ്ങാട് കളരിക്കൽ ജയൻ (47), ഒല്ലൂർ മടപ്പട്ടുപറമ്പിൽ വേണുഗോപാൽ (52) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 20 മൊബൈൽ ഫോണും പവർബാങ്കും പിടിച്ചെടുത്തു. ബസുകളിലും മറ്റും യാത്രചെയ്യുന്നവരിൽനിന്നും തിരക്കുകൾക്കിടയിലും മോഷണം നടത്തിയതാണ് ഈ മൊബൈൽ ഫോണുകളെന്ന് ഇവർ പൊലീസിനോട് വെളിപ്പെടുത്തി. തൃശൂർ പൂരത്തിന് എത്തിയപ്പോഴേക്കും ഇവർ ഷാഡോ പൊലീസിന്റെ പിടിയിലകപ്പെട്ടു.
തിക്കും തിരക്കും നിയന്ത്രിക്കുന്നതിൽ ക്രമീകരണങ്ങൾ വിജയിച്ചു. തിക്കിലും തിരക്കിലുംപെട്ട് ആർക്കും അപായം ഉണ്ടായില്ല. തലകറക്കം അനുഭവപ്പെട്ടവർക്കും ശാരീരിക അവശതകൾ പ്രകടിപ്പിച്ചവർക്കും ഉടൻ വൈദ്യസഹായം എത്തിക്കാൻ കഴിഞ്ഞതുവഴി, പൂരത്തിനിടക്ക് ഒരപകടവും ഉണ്ടായില്ല.
തെരഞ്ഞെടുപ്പ് കൂടാതെ ഒരേ സമയം ഏറ്റവും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ ജോലിചെയ്യുന്ന ഡ്യൂട്ടികളിലൊന്നായ തൃശൂർ പൂരം ഇത്തവണ പൊലീസിന് ഹൈടെക് പൂരംകൂടിയായിരുന്നു. നിർദേശങ്ങളും മറ്റും നൽകാൻ ഇക്കുറി ഡിജിറ്റൽ രീതിയാണ് കൂടുതലായി സ്വീകരിച്ചത്. പൊലീസുകാരിൽ ഭൂരിഭാഗവും ആദ്യതവണ ഡ്യൂട്ടി നിർവഹിക്കുന്നവരായിരുന്നു. പൂരത്തിന് തലേന്ന് തൃശൂർ ടൗൺഹാളിലായിരുന്നു ഇവർക്കുള്ള ബ്രീഫിങ്. ഡ്യൂട്ടി വിവരങ്ങൾ പറഞ്ഞു മനസ്സിലാക്കുക എന്ന മണിക്കൂറുകൾ നീളുന്ന വിശദീകരണ പരിപാടിക്ക് പകരം വിഡിയോയാണ് പ്രദർശിപ്പിച്ചത്. പൂരം ചടങ്ങുകളും ഡ്യൂട്ടി ഘടനയും സാമ്പിൾ വെടിക്കെട്ട്, ആനച്ചമയം പ്രദർശനം, ഘടകപൂരങ്ങൾ, തിരുവമ്പാടി വിഭാഗവും മഠത്തിൽ വരവും പാറമേക്കാവ് വിഭാഗം, ഇലഞ്ഞിത്തറമേളം, കുടമാറ്റം, വെടിക്കെട്ട്, ഉപചാരം ചൊല്ലി പിരിയൽ എന്നിങ്ങനെ 10 വിഡിയോയായിരുന്നു പ്രദർശിപ്പിച്ചത്. ഡ്യൂട്ടിക്കെത്തിയവരുടെ മൊബൈൽ ഫോണുകളിലേക്ക് വിഡിയോകളുടെ ലിങ്ക് അയച്ചുനൽകി.
വെടിക്കെട്ട് നടക്കുമ്പോഴും നഗരത്തിൽ തിരക്ക് കൂടുമ്പോഴും നിർവഹിക്കേണ്ട ഡ്യൂട്ടികൾ സംബന്ധിച്ച് ഇടവിട്ട സമയങ്ങളിൽ ഇന്‍റർനെറ്റ് അധിഷ്ഠിത ബോട്ട് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പൊലീസിന് നിർദേശം കൈമാറിയത്. രണ്ട് ദിവസത്തിലായി 5000 എസ്.എം.എസ് സന്ദേശങ്ങളും പതിനായിരത്തിലധികം വാട്സ്ആപ് സന്ദേശങ്ങളുമാണ് പൊലീസ് ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകളിലേക്ക് പ്രവഹിച്ചത്. ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി കാര്യങ്ങളും ക്ഷേമ കാര്യങ്ങളും ഏകോപിപ്പിച്ചത് സിറ്റി പൊലീസ് വെൽഫെയർ വിഭാഗമായ സി.ഇ.ഇ.ഡി (സെന്‍റർ ഫോർ എംപ്ലോയി എൻഹാൻസ്മെന്‍റ് ആൻഡ് ഡെവലപ്മെന്‍റ്) ആയിരുന്നു. ആയിരത്തിലധികം ടെലിഫോൺ കാളുകളാണ് രണ്ടുദിവസത്തിലായി സെല്ലിൽ സ്വീകരിച്ചത്.
തേക്കിൻകാട് മൈതാനിയിലും സ്വരാജ് റൗണ്ടിൽ മുഴുവനായും കേൾക്കാവുന്ന മൈക്ക് അനൗൺസ്മെന്റ് സിസ്റ്റം പൊലീസിന്റെ ആശയമായിരുന്നു. സാമ്പിൾ വെടിക്കെട്ട് മുതൽ പ്രധാന വെടിക്കെട്ട് മാറ്റിവെച്ചത് ഉൾപ്പെടെയുള്ള തത്സമയ അറിയിപ്പുകളും വിവരങ്ങളും ജനങ്ങളിൽ എത്തിച്ചത് പൊലീസ് കൺട്രോൾ റൂമിനകത്ത് സജ്ജീകരിച്ച പബ്ലിക് അഡ്രസ് സിസ്റ്റം വഴിയായിരുന്നു. ഇതുമൂലം അഭ്യൂഹങ്ങൾ പ്രചരിക്കാതിരിക്കാനും കൃത്യമായ വിവരങ്ങൾ പൊതുജനങ്ങളിൽ എത്തിക്കാനും സാധിച്ചതിനൊപ്പം ജനക്കൂട്ടത്തിനിടയിൽപെട്ട് കൂട്ടംതെറ്റിയവരെ കണ്ടെത്താനും കഴിഞ്ഞു.
റെയിൽവേക്ക് വരുമാനം 26.34 ലക്ഷം
തൃശൂർ: രണ്ടുവർഷത്തെ കാത്തിരിപ്പിനുശേഷം ആഘോഷിച്ച തൃശൂർ പൂരത്തിൽ നേട്ടമുണ്ടാക്കി റെയിൽവേ. പൂരത്തിന്റെ മൂന്ന് നാളിൽ റെയിൽവേക്ക് ലഭിച്ചത് 26.34 ലക്ഷം രൂപയാണ്. സാമ്പിൾ വെടിക്കെട്ട് ദിവസമായ എട്ടിന് 5675 യാത്രക്കാരാണ് റെയിൽവേയെ ആശ്രയിച്ചത്. ഇവരിൽനിന്ന് 5.12 ലക്ഷം രൂപ ടിക്കറ്റ് ഇനത്തിൽ ലഭിച്ചപ്പോൾ പൂരം നാളിൽ 10,719 യാത്രക്കാരിൽനിന്ന് 7.95 ലക്ഷം രൂപ വരുമാനമുണ്ടായി. പകൽപൂരവും ഉപചാരം ചൊല്ലലും നടന്ന ബുധനാഴ്ച 16,277 പേരാണ് ട്രെയിനിൽ എത്തിയത്. 13.27 ലക്ഷമാണ് അന്നത്തെ മാത്രം വരുമാനം. സാധാരണ ദിവസങ്ങളിൽ ശരാശരി അയ്യായിരത്തോളം യാത്രികരും നാലര ലക്ഷത്തോളം രൂപ വരുമാനവുമാണ് ഉണ്ടാകാറുള്ളത്.
തത്സമയ ടിക്കറ്റ് വിതരണകേന്ദ്രം, കൂടുതൽ കൗണ്ടറുകൾ, കൂടുതൽ ട്രെയിനുകൾക്ക് പൂങ്കുന്നത്തുൾപ്പെടെ താൽക്കാലിക സ്റ്റോപ്, യാത്രക്കാർക്ക് കുടിവെള്ള സൗകര്യം എന്നിവ റെയിൽവേ ഒരുക്കിയിരുന്നു. മഴ മൂലം രാത്രി പൂരവും വെടിക്കെട്ടും തടസ്സപ്പെടുകയും വെടിക്കെട്ട് മാറ്റിയതായി ഔദ്യോഗിക അറിയിപ്പ് വരുകയും ചെയ്തതോടെ രാത്രി എട്ടോടെ ടിക്കറ്റ് കൗണ്ടറുകൾക്ക് മുന്നിൽ രൂപപ്പെട്ട യാത്രികരുടെ നീണ്ട നിര പിറ്റേന്ന് രാവിലെ അഞ്ചുവരെ തുടർന്നതായി ചീഫ് ബുക്കിങ് സൂപ്പർവൈസർ മീനാംബാൾ അറിയിച്ചു. ബുക്കിങ് ഓഫിസിൽ അഞ്ചും റിസർവേഷൻ കേന്ദ്രത്തിൽ മൂന്നും രണ്ടാം കവാടത്തിൽ ഒരു കൗണ്ടറും വഴി ടിക്കറ്റ് നൽകിയതിന് പുറമെ രണ്ട് ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനും മുഴുവൻ സമയവും പ്രവർത്തിച്ചിരുന്നു. കോവിഡിന് മുമ്പുള്ള വർഷങ്ങളിലേതിനെക്കാൾ ഇത്തവണ കൂടുതൽ പേർ പൂരത്തിന് എത്തിയതോടെ അതിന്റെ വരുമാനം റെയിൽവേക്കും ലഭിച്ചു.
കെ.എസ്.ആർ.ടി.സിക്ക് കലക്ഷൻ അരക്കോടി
തൃശൂർ: റെക്കോഡ് ജനക്കൂട്ടമെത്തിയ തൃശൂർ പൂരത്തിൽ വരുമാന റെക്കോഡുമായി കെ.എസ്.ആർ.ടി.സിയും. രണ്ട് നാൾ കൊണ്ട് അരക്കോടിയോളം വരുമാനമുണ്ടാക്കിയെന്നാണ് കണക്ക്. പൂരം നാളായ 10ന് 40 ലക്ഷത്തിന് മുകളിലാണ് ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നുള്ള വരുമാനം. തൃശൂർ കെ.എസ്.ആർ.ടി.സിയിൽ മാത്രം 13 ലക്ഷത്തോളം വരുമാനമുണ്ടാക്കി. 11ന് 10 ലക്ഷത്തിലധികം വരുമാനമുണ്ടാക്കി. ചാലക്കുടി, ഇരിങ്ങാലക്കുട, പുതുക്കാട്, കൊടുങ്ങല്ലൂർ, മാള, ഗുരുവായൂർ എന്നിവിടങ്ങളിലെല്ലാം പൂരം വൻ നേട്ടമുണ്ടാക്കി. അഞ്ച് മുതൽ എട്ട് ലക്ഷത്തോളമാണ് ജില്ലയിലെ ശരാശരി വരുമാനം. ശമ്പളമില്ലാതെയും ജോലിയിൽ കർമനിരതമായ തൊഴിലാളികളുടെ നേട്ടമാണ് വരുമാനമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.