ഉണ്ണീൻകുട്ടി മാസ്റ്റർ: ഫുട്ബാളിനെയും നാടകത്തെയും നെഞ്ചേറ്റിയ അധ്യാപകൻ
text_fieldsടി.പി. ഗോപാലന്റെ ചൂള എന്ന നാടകം അരങ്ങേറുന്നതിന് മുമ്പെടുത്ത ചിത്രം. ഇരിക്കുന്നവരിൽ ഇടത്തുനിന്ന് രണ്ടാമത്
ഉണ്ണീൻകുട്ടി മാസ്റ്റർ
പുലാമന്തോൾ: അധ്യാപന രംഗത്ത് വിഷയം കണക്ക് ആയിരുന്നെങ്കിലും ഫുട്ബാളിലും നാടക കലയിലുമായിരുന്നു കഴിഞ്ഞദിവസം വിടപറഞ്ഞ താവുള്ളിയിൽ കാഞ്ഞിരക്കടവത്ത് ഉണ്ണീൻകുട്ടി മാസ്റ്റർക്ക് പ്രിയം. ഫറോക്ക് കോളജിലെ പഠനകാലത്ത് തന്നെ അറിയപ്പെടുന്ന ഫുട്ബാൾ താരമായിരുന്നു. കൂടാതെ ബാൾ ബാഡ്മിന്റണിലും തിളങ്ങി. 1970കൾ പുലാമന്തോളിലും പരിസരങ്ങളിലും നാടകങ്ങളുടെ അരങ്ങേറ്റ കാലമായിന്നു.
പി.പി. രാഘവ പിഷാരടി, ടി.പി. ഗോപാലൻ, സി.എം.എസ്, കെ.പി. രാമൻ, പി.എം.ബി, സി.എം.വി രൂപാക്ഷൻ നമ്പൂതിരി, കെ.പി. ഹംസ എന്നിവരായിരുന്നു നാടക കലാരംഗത്തെ പ്രധാനികൾ. ഇവരോടൊത്ത് പല നാടകങ്ങളിലും ഉണ്ണീൻകുട്ടി മാസ്റ്റർ വേഷം പകർന്നു. ടി.പി. ഗോപാലൻ സംവിധാനം ചെയ്ത ചൂള, വിശപ്പിന്റെ ഇതിഹാസം എന്നീ നാടകങ്ങളിൽ ശ്രദ്ധേയ വേഷം അവതരിപ്പിച്ചു. കൂടാതെ സ്കൂൾ കലാമത്സരങ്ങളിലും മറ്റും നിറസാന്നിധ്യവുമായിരുന്നു.
1972ൽ തിരൂർക്കാട് എ.എം ഹൈസ്കൂളിലാണ് അധ്യാപന കാലത്തിന്റെ തുടക്കം. പിന്നീട് പി.എസ്.സി വഴി മക്കരപ്പറമ്പിൽ നിയമനം ലഭിച്ചു. ഏതാനും വർഷത്തിനുശേഷം സ്വദേശത്തെ പുലാമന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് മാറി. പാലൂരിലെ സായാഹ്ന വാർത്ത ഹബ്ബുകളിൽ സ്ഥിരം സന്ദർശകനായിരുന്ന മാസ്റ്റർ ആരോഗ്യം അനുവദിക്കുന്നത് വരെ അത് തുടർന്നു.