വിഷുവിന് കണി കണ്ടുണരാൻ കൃഷ്ണ വിഗ്രഹങ്ങൾ
text_fieldsപൂക്കാട് ദേശീയ പാതക്കരികിൽ വിൽപനക്കുവെച്ച കൃഷ്ണ വിഗ്രഹങ്ങൾ
കൊയിലാണ്ടി: വിഷുവിന് കണി കണ്ടുണരാൻ കൃഷ്ണ വിഗ്രഹങ്ങൾ റെഡി. ദേശീയപാതക്കരികിൽ ചാരുത പകർന്ന് നൂറു കണക്കിന് വിഗ്രഹങ്ങളാണ് ആവശ്യക്കാർക്കായി തയാറാക്കിവെച്ചിട്ടുള്ളത്. കാൽ നൂറ്റാണ്ടായി പൂക്കാടും വെങ്ങളത്തുമായി പ്രതിമ നിർമാണവും വിൽപനയും നടക്കുന്നു.
വിഷു തുടങ്ങിയ ഉത്സവ കാലത്ത് ആവശ്യക്കാർ കൂടും. രാജസ്ഥാൻകാരാണ് നിർമാതാക്കൾ. അഞ്ചു കുടുംബങ്ങളിലെ 50 പേരടങ്ങുന്ന ഇവർ റോഡരികിൽ പണിത ടെന്റുകളിലാണ് താമസം. പ്രതിമ നിർമാണ പ്രവൃത്തിയും ഇവിടെ വെച്ചാണ് നടത്തുന്നത്. 50 രൂപ മുതൽ 500 രൂപ വരെയുള്ള പ്രതിമകളുണ്ട്. പക്ഷികൾ, മൃഗങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവയും ഇവർ നിർമിക്കുന്നു. പ്ലാസ്റ്റർ ഓഫ് പാരിസ്, സിമന്റ് എന്നിവ ഉപയോഗിച്ചാണ് നിർമാണം.
വൈവിധ്യ നിറക്കൂട്ടുകൾ പകർന്ന് പ്രതിമകൾ മനോഹരമാക്കുന്നു. കുടുംബം ഒന്നു ചേർന്നാണ് നിർമാണം. ദേശീയ പാതയിലൂടെ കടന്നുപോകുന്നവരിൽ മിക്കവരും ഇവരുടെ ഏതെങ്കിലും തരത്തിൽപെട്ട വസ്തുക്കൾ വാങ്ങാറുണ്ട്. ഉന്തു വണ്ടികൾ ഉപയോഗിച്ച് പല ഭാഗങ്ങളിലും ഇവർ പ്രതിമകൾ വിൽപനക്കെത്തിക്കാറുണ്ട്.